സുവർണ്ണതൃണങ്ങൾ മെത്തവിരിച്ച
തപോവനചാരുതയാണീ തീരമാകെ
അല്ലലറിയാതെ ജീവാമൃതഗന്ധിയായി
വാഴുന്ന മായിക തീരഭൂമി,
എന്റെ പ്രൗഢമനോഹരതീരഭൂമി.
നിസംഗമൗനങ്ങളാർത്തലയ്ക്കാറുണ്ട്
നിശ്ചലം കുന്നിൽചരിവുകളിൽ
ഏറ്റുപാടാറുണ്ടിപ്പൊഴുമലമാല
സന്ധ്യയ്ക്കു പാടുമീ പ്രാർത്ഥനകൾ
വന്നെത്തി നോക്കി ചിരിക്കും മേഘത്തുണ്ടിൻ
ചുണ്ടിലിത്തിരിക്കായൽ ചോപ്പണിക്കും
മാലാഖ പോൽ വന്ന് മേഞ്ഞ് പോവാറുണ്ട്
ചാറ്റലിൻ തൂവെള്ള തൂവാലകൾ
പുഷ്പിണിയായിട്ടങ്ങനെ മരുവുന്നു
തെങ്ങും കവുങ്ങും മാവുകളും
വാൽസല്യലേശവുമില്ലാതുയരുന്നു
പ്ലാവിന്റെ പുത്തനാം നാമ്പുകളും
കപ്പയും കക്കയും കൊഞ്ചും നിറയ്ക്കുന്ന
ആഢ്യഭാവമറിവതുണ്ടോ
മത്‌സ്യസമ്പത്തിന്റെ അഴിയാഖനിയായി
തുടരണമെന്റെയീ സ്നേഹഭൂമി
കാലപകർച്ചയിൽ കാലിടറാതെ ആർത്തിരമ്പി
കായലിൻ കണ്ണായ് വളരേണം തലമുറകൾ…
ഭീതിദമല്ലാത്ത നാളെകൾ കാണണം
പങ്കുവയ്ക്കേണം പ്രയാസമാകേ
സ്വാർത്ഥത്തിനൊറ്റയ്ക്ക് തുഴയെറിയാനുള്ള
കേവലോപകരണങ്ങളല്ലി സമുദ്രമറിഞ്ഞിടേണം
ഹൃദയങ്ങളോടങ്ങളാക്കി തുഴയണം
ഒന്നിച്ചിറങ്ങി ജയിച്ചിടേണം
സംരക്ഷണത്തിന്റെ പോർചട്ടയിട്ടെന്റെ
തീരഭൂവിനെ കാത്തിടേണം.