ഗ്രാമവിദ്യാലയത്തിലെ കഴുത

kazhutha-1ഗ്രാമത്തിലെ പ്രശസ്തമായ വിദ്യാലയം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനായി തയാറെടുക്കുമ്പോഴാണ് ആ കഴുതയുടെ കടന്നു വരവ് !

അതെ, എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ നിശ്ചയമില്ല ഒരു കഴുത വിദ്യാലയത്തിനകത്ത് കടന്നു കൂടിയിരിക്കുകയാണ്.

ഓഫീസ് റൂമിന്റെ മുന്നിലാണ് കഴുതയെ ആദ്യമായി കാണുന്നത്. പിന്നീടത് സ്റ്റാഫ് റൂമിനു മുന്നിലും വരാന്തയിലും മറ്റുമായി തന്റെ സാന്നിദ്ധ്യം സജീവമാക്കുകയായിരുന്നു. സ്കൂള്‍ വിട്ട് എല്ലാവരും പോയിക്കഴിയുമ്പോഴാണ് കഴുതയുടെ ആഗമനം. തലകുനിച്ചുകൊണ്ടുള്ള അതിന്റെ നില്പ്പുകണ്ടാല്‍ എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നിപ്പോകും.

ഒരു കഴുതയുടെ സാന്നിദ്ധ്യം ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം എത്ര മാത്രം അപമാനകരമാണെന്നത് പറയേണ്ടതില്ലല്ലോ. അതും, സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഒരു വിദ്യാലയത്തിന്.

കഴുതയുടെ ഉടമസ്ഥന്‍ ആരാണെന്നോ സ്കൂളിനകത്ത് കടന്നു കൂടിയതെങ്ങനെയെന്നോ എന്തിനാണെന്നോ ആര്‍ക്കും ഒരു പിടിയുമില്ല. ഗ്രാമത്തിലെ അലക്കുകാരൊന്നും തന്നെ അങ്ങനെയൊരു കഴുതയെ വളര്‍ത്തുന്നില്ല.

സ്കൂളിനെ അപമാനിക്കാന്‍ ആരെങ്കിലും കൊണ്ടു വന്നു വിട്ടതാണോ എന്ന സംശയവും ഇല്ലാതില്ല. പക്ഷെ ആര്? അബദ്ധം കാണിക്കുന്ന കുട്ടികളെ അദ്ധ്യാപകരില്‍ പലരും കഴുതയെന്നു വിളിച്ചു കളിയാക്കാറുണ്ട് ഇക്കാര്യത്തില്‍ ഒന്‍പതു ബി യിലെ അമ്പിളി ടീച്ചറാണ് മുന്നില്‍.

ഇനിയിപ്പോള്‍ കഴുതക്കു വിളി കേട്ട പിള്ളേരാരെങ്കിലും ? പൂര്‍വ വിദ്യാര്ത്ഥികളാവാനും മതി.

കഴുതയെ ഓടിച്ചു വിടാനുള്ള ശ്രമവും വിലപ്പോയില്ല. സ്കൂളിലെ മൂന്നു പ്യൂണ്‍ മാരും പി ടി മാഷും ഒരാഴ്ചക്കാലം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പ്രസ്തുത ദൗത്യത്തില്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഒരു കഴുതയുടെ പിന്നാലെ ഓടാന്‍ ഇനി ഞങ്ങളില്ലെന്ന് പറഞ്ഞ് അവര്‍ പിന്‍മാറുകയാണുണ്ടായത്.

കഴുതയെ കൊന്നു കളഞ്ഞാലോ എന്ന അഭിപ്രായവും ഉയര്‍ന്നു വന്നതാണ്. പക്ഷെ മൃഗസ്നേഹികളായ ചിലര്‍ അതിനോടു യോജിച്ചില്ലെന്നു മാത്രമല്ല അങ്ങനെ വല്ലതും സംഭവിച്ചാല്‍ ബന്ധപ്പെട്ടവരെയെല്ലാം കോടതി കയറ്റുമെന്ന മുന്നറിയിപ്പും നല്‍കുകയുണ്ടായി.

സ്കൂളിലെ പി ടി ഐ പ്രസിഡന്റ് ഒരു ദിവസം കൊടുങ്കാറ്റായി വന്ന് ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക് തന്റെ രാജിക്കത്ത് എറിഞ്ഞു കൊടുത്തു. കഴുത വിദ്യാലയത്തിലെ പി ടി ഐ പ്രസിഡന്റാകാന്‍ താത്പര്യമില്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. അദ്ദേഹത്തെ പറഞ്ഞിട്ടും കാര്യമില്ല ആളുകള്‍ പ്രസിഡന്റിനെ കാണുമ്പോള്‍ അടക്കം പറയാനും ചിരിക്കാനും തുടങ്ങിയിരിക്കുന്നു.

പ്രസിഡന്റിനു പിന്നാലെ പി ടി ഐ കമ്മറ്റിയിലെ പലരും ഭാരവാഹിത്വവും അംഗത്വവും ഒഴിയാന്‍ തിടുക്കം കൂട്ടിയതോടെ കാര്യങ്ങളൊക്കെ അവതാളത്തിലായി. മാത്രമല്ല ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാമെന്നു ഏറ്റിരുന്നു വി ഐ പി കള്‍ പലരും ഓരോ അസൗകര്യങ്ങള്‍ പറഞ്ഞ് പിന്‍ മാറുകയും ചെയ്തു.

രക്ഷിതാക്കളില്‍ പലരും കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു തുടങ്ങിയതോടെ പ്രതി സന്ധി രൂക്ഷമായി. ആകെ തളര്‍ന്നു പോയ ഹെഡ്മാസ്റ്റര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. അധ്യാപകരില്‍ പലരും സ്ഥലം മാറ്റത്തിനു അപേക്ഷ നല്‍കി. കുട്ടികള്‍ സ്കൂളിലേക്കു വരാതെയായി.

പക്ഷെ ഭാഷാധ്യപകനായ മാധവന്‍ മാഷിനു മാത്രം ഒരു കുലുക്കവുമില്ല. അദ്ദേഹം ഇന്നലെകളെന്നപോലെ സ്കൂളിലേക്കു വരികയും ഉള്ള കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു.

വിദ്യാലയത്തിലേക്കു കഴുതകള്‍ കടന്നു വരുന്നതു സ്വാഭാവികമാണെന്നും പക്ഷെ ഒരു കാരണവശാലും വിദ്യാലയത്തില്‍ നിന്നും ഒരു കഴുത പുറത്തു പോകരുതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ട് കഴുത സ്കൂളില്‍ തന്നെ തുടരെട്ടെയെന്നാണ് മാധവന്‍ മാഷുടെ നിലപാട്.

പക്ഷെ ഇതൊന്നുമറിയാതെ, അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടു തന്നെ കഴുതയിപ്പോഴും സ്കൂളിനകത്തു തന്നെ ഉറച്ചു നില്‍ക്കുകയാണ്.

അതെ ഓഫീസ് മുറിയുടെ‍ മുന്നിലും വരാന്തയിലും ഗ്രൗണ്ടിലുമൊക്കെയായി നടന്നും കിടന്നും കടലാസുകള്‍ തിന്നും കാമം കരഞ്ഞു തീര്‍ത്തും അതു തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here