അന്ധവിശ്വാസത്തേയും ഷോർട്ട് സൈറ്റുളള വിശ്വാസത്തേയും ഭ്രാന്തമായി ആക്രമിക്കുന്ന യുക്തിവാദിയായിരുന്നു ഞാൻ. ഒടിയൻ ആയിരുന്നു എന്റെ പ്രബലമായ ഒബ്‌സഷൻ. ഈ നീചശക്തിക്കുവേണ്ടി ഞാൻ ഉറക്കമൊഴിക്കാത്ത രാവുകളില്ല. ഒടുവിലൊരുദിവസം അവൻ എന്റെ വലയിൽ കുടുങ്ങുകതന്നെ ചെയ്‌തു. ആരെ കൊല്ലാനാണ് നിന്റെ നടപ്പ് എന്നു ഞാൻ ചോദിച്ചു. ഒടിവിദ്യ നിറുത്തി താനിപ്പോൾ മറ്റൊരു ശുദ്ധവിദ്യയായ പ്രണയത്തിലാണെന്ന് അവൻ പറഞ്ഞു. പൂർവ്വാശ്രമത്തിൽ നീ എത്രയാളെ കൊന്നിട്ടുണ്ട് എന്നായി ഞാൻ. അന്നേരം സത്യം പുറത്തുവന്നുഃ “സാറിനെ അല്ലാതെ മറ്റൊരാളെ ഇതിനുമുമ്പ് ഞാൻ കൊന്നിട്ടില്ല. മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവർക്ക് ഇങ്ങനെ കെണിവെക്കുമെന്ന് ഞാൻ വിചാരിച്ചില്ല.” ചിതറിയ യുക്തിയിൽ ചകിതനായിപ്പോയ ഞാൻ കണ്ണാടിയെടുത്ത് മുന്നിൽപിടിച്ചു. പ്രതിബിംബത്തിനുപകരം അതിന്റെ പ്രതലത്തിൽ ഇങ്ങനെ തെളിഞ്ഞുഃ “ശ്രീമാൻ ഡ്രാക്കുള പ്രഭുവിന് സ്വാഗതം.”
Generated from archived content: story3_july.html Author: vkk-ramesh