എനിക്ക് നല്ല കലിവരുന്നൊണ്ട്… രക്തദാനം മഹാദാനമാണുപോലും! എന്റെ ചോര അങ്ങനെയിപ്പം വേറൊരുത്തന്റെ ഞരമ്പിക്കൂടെ ഒഴുകണ്ട… അവന്റേക്കെ അവകാശം പോലല്ലേ പറച്ചില്… വേണോങ്കി ഞാൻ ക്ലബ്ബ് മെമ്പർഷിപ്പ് രാജിവയ്‌ക്കാം. എന്നാലും എന്റെ ചോര കുത്തിയെടുക്കാൻ ഒരുത്തനേം ഞാൻ സമ്മതിക്കുകേല… അവിടെയെങ്ങാണ്ട് ഒരു ബാങ്കുണ്ടുപോലും, ബ്ലഡ്‌ബാങ്ക്… അതിന്റെ ഗുട്ടൻസൊക്കെ എനിക്കറിയാം. ചോരയെല്ലാം കൂടെ ഊറ്റിയെടുത്തേച്ച് ലോണുകൊടുത്ത് ചക്രമൊണ്ടാക്കാനൊളള പരിപാടിയല്ലേ….?
അന്ന് ക്ലാസ്സെടുക്കാൻ വന്ന പെമ്പറന്നോര് പറഞ്ഞതുകേട്ടില്ലേ, ജീവൻ രക്ഷിക്കുന്നതുപോലെ മഹത്തായ പ്രവർത്തി വേറെയില്ലത്രേ! അതിനുവേണോങ്കി ഞാൻ പൊന്നുംകുരിശുമുത്തപ്പന് ഒരു പൊൻകുരിശു നേർന്നോളാം. ചോര പോയി ചാകുന്നവനെയൊക്കെ രക്ഷിക്കാൻ പ്രാർത്ഥിച്ചോളാം. എന്നാലും മറ്റേ പരിപാടി വേണ്ട!
അല്ലേ, എന്റെ ചോരതന്നെ വേണോന്ന് നിങ്ങൾക്കിത്ര നിർബന്ധമെന്താ? ഞങ്ങളേ, തോമാശ്ലീഹേടെ പരമ്പരേപ്പെട്ടവരാ… ആ പുണ്യാളച്ചോര കണ്ട എമ്പോക്കികളുടെ ഞരമ്പിക്കൂടി ഒഴുകാനൊളളതല്ല, അറിയാവോ..!
Generated from archived content: story3_dec17_05.html Author: vineesh_kalathara