കടൽക്ഷോഭത്തിൽ ബാക്കിയാകുന്നത്‌

ആധുനിക മലയാളകവിതയിലെ സിംഹവാലൻകുരങ്ങുകളാണ്‌ സച്ചിദാനന്ദനും കടമ്മനിട്ട രാമകൃഷ്‌ണനും ബാലചന്ദ്രൻ ചുളളിക്കാടും. സൈലന്റ്‌ വാലിയിൽ സിംഹവാലൻ കുരങ്ങുകൾ ഇപ്പോഴും ഉണ്ടായെന്നുവരും. എന്നാൽ ഈ കവികളെ എവിടെയാണ്‌ തെരയുക? ഇവിടെയാണ്‌ രാജീവ്‌ ഡോക്‌ടർ എന്ന കവിയുടെയും അദ്ദേഹത്തിന്റെ രണ്ടാമത്‌ കവിതാസമാഹാരമായ ‘മൂന്നാംകടലി’ന്റെയും പ്രസക്തി. എ.അയ്യപ്പന്റെ മിത്രസംഭാവനയോടെയും പി.കെ.രാജശേഖരന്റെ അവതാരികയോടെയും പുറത്തുവന്ന ഈ കൃതി രണ്ടുപേരുടെയും മഹത്ത്വത്തെ ചെറുതാക്കുന്നില്ല. ശീർഷക കവിതയായ ‘മൂന്നാം കടലിൽ’ കവി എഴുതുന്നു.

‘നിന്നിലുണ്ടൊരു കടൽ

എന്നിലുണ്ടൊരു കടൽ

രണ്ടു കടലുകളൊന്നാകുമ്പോഴുളള

കടൽക്ഷോഭത്തിലുണ്ടൊരു

മൂന്നാംകടൽ.’

അന്തർദർശനമാണ്‌ ഒരു എഴുത്തുകാരന്റെ ശംഖ്‌മുദ്ര. ആ ദിവ്യനാദത്തിന്റെ ധ്വനികളാണ്‌ ഈ വരികൾ. പ്രണയം, ദാമ്പത്യം എന്നിങ്ങനെ ആരംഭം കുറിക്കുന്ന മർത്തൃജന്മത്തിന്റെ ഉത്തരഭാഗസത്യങ്ങളിലേയ്‌ക്ക്‌ സഞ്ചരിക്കുമ്പോൾ ഇപ്രകാരം രാജീവ്‌ ഡോക്‌ടർക്ക്‌ കുറിക്കാതെ വയ്യ.

‘പക്ഷെ,

നീ പാതിപറഞ്ഞത്‌

അതുകേട്ട്‌ ഞാനൊന്നു പിടഞ്ഞത്‌

പരിണാമസാദ്ധ്യമല്ലാത്ത

നമ്മുടെ പ്രണയവും സഖീ…!’

അവർ കുട്ടികളായതുകൊണ്ടാവാം

ഞാനൊരു പട്ടമല്ലെന്ന സത്യം

അവരിപ്പോഴും

അറിഞ്ഞിട്ടില്ല.

കാലികമായ ചില യാഥാർത്ഥ്യങ്ങളേയും ഈ കവി കാണാതെ പോകുന്നില്ല. വിരുദ്ധോക്തിയെ ഞെട്ടിപ്പിക്കുന്ന ചില കാവ്യഭാവനകളിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. യന്ത്രനൗക നിശ്ശബ്‌ദം നീങ്ങുമ്പോൾ അവിടെ കാണുന്ന കാഴ്‌ചകളിലൊന്ന്‌ ഇരയായ്‌ വിളിക്കപ്പെട്ടില്ലല്ലോ എന്നോർത്ത്‌ ജലപാനം ചെയ്യുന്ന മാൻകിടാവാണ്‌. ജലഛായം, നോസ്‌റ്റർഡാമസ്‌ പറയാത്തത്‌, ചൂളം, അഭയം, സ്‌നേഹരാത്രി, മൂന്നാംനാൾ, വെളിച്ചം എന്നീ കവിതകൾ ഈ സമാഹാരത്തിലെ ഉത്‌കൃഷ്‌ടസാന്നിദ്ധ്യമാണ്‌. അതിഗാഢമായ വായനയുടെയും ദുഃഖാനുഭവങ്ങളുടെയും ഒരു ദിവ്യമായ ഭൂതകാലം ഒരു രചനയുടെ പശ്ചാത്തലമാകണം. അങ്ങനെ ഒന്നില്ല എന്നതാണ്‌ ആധുനിക കവി ശിശുക്കളുടെ പരാധീനത. വഴിപിഴയ്‌ക്കുന്ന സന്തതികളുടെ ഗോഡ്‌ഫാദറായിരിക്കുന്നത്‌ ഒരു നിരൂപകനും നല്ലതല്ല. വഴിപിഴച്ച തലതൊട്ടപ്പൻമാരുടെ ചരിത്രമാണ്‌ ആധുനിക നിരൂപണത്തിന്റേത്‌. നല്ല കവിതകളും കഥകളും മലയാളത്തിൽ ഉണ്ടാകാതെ പോകുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്‌. അവിടെയാണ്‌ ഒരു നല്ല വായനക്കാരൻ അമ്പും വില്ലുമെടുത്ത്‌ മുന്നണിപ്പടയാളിയായ്‌ മാറുന്നത്‌. രാജീവ്‌ ഡോക്‌ടറുടെ ഈ കവിതാസമാഹാരം നിരൂപകദൃഷ്‌ടികൾ കാണാതെ പോയാലും നല്ല വായനക്കാരന്റെ യുദ്ധസന്നദ്ധതയ്‌ക്ക്‌ സങ്കീർത്തനം പാടുക തന്നെ ചെയ്യും. ഒപ്പം നല്ല പുസ്‌തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഫേബിയൻ ബുക്‌സിന്‌ അഭിമാനിക്കാനും ഈ കൃതി നിമിത്തമാകുന്നു.

മൂന്നാം കടൽ (കവിത)

രാജീവ്‌ ഡോക്‌ടർ

വില – 40

ഫേബിയൻ, ആലപ്പുഴ.

Generated from archived content: book2-feb.html Author: vikraman-mughathala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English