ഒ.നാണു ഉപാദ്ധ്യായൻ

മഹാകവി വളളത്തോളിന്റെയും ബോധേശ്വരന്റെയും സ്വാതന്ത്ര്യ സമരഗാഥകൾക്കൊപ്പം മുഴങ്ങിക്കേട്ട വരികളാണ്‌

പോകാം പോകാം പൊന്നനിയാ

പോർക്കളമല്ലോ കാണുന്നൂ

നമ്മൾക്കണിയിട്ടവിടെത്താം

നാടിനു വേണ്ടി പടവെട്ടാം

———————

——————–

നമ്മുടെ നാട്‌ ഭരിച്ചീടാൻ

നാം മതിയെന്ന്‌ പറഞ്ഞെന്നാൽ

അരിശം കൊണ്ട്‌ ചൊടിക്കാനീ

മറുനാട്ടാനെന്തവകാശം?

സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ നാളുകളിൽ ‘മലയാളരാജ്യ’ത്തിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ കർത്താവ്‌ ആരെന്ന്‌ ഇല്ലായിരുന്നു. പക്ഷേ ജനങ്ങൾ നുരഞ്ഞുപൊന്തിയ ദേശാഭിമാനത്താൽ അത്‌ ഉറക്കെ പാടി. മറ്റുളളവർ ഏറ്റുപാടി. എഴുതിയ ആൾക്ക്‌ അത്‌ മാത്രമേ വേണ്ടിയിരുന്നുളളൂ. അതിന്റെ കർതൃത്വമോ ധീരതയുടെ പരിവേഷമോ തൽഫലമായ ഖ്യാതിയോ ആ കവിക്ക്‌ അശേഷം വേണ്ടിയിരുന്നില്ല. അന്നും ഇന്നും അപൂർവ്വം കണ്ടുവരുന്ന ഈ സവിശേഷതയുടെ ഉടമ ഒ.നാണു ഉപാദ്ധ്യായൻ ആയിരുന്നു.

അദ്ദേഹം അന്തരിച്ചിട്ട്‌ ആഗസ്‌റ്റ്‌ 2-​‍ാം തീയതി നാല്‌പതുവർഷം തികയും. ചവറ ഗുഹാനന്ദപുരത്തുണ്ടായിരുന്ന സംസ്‌കൃത വിദ്യാപീഠത്തിൽ (ഇന്ന്‌ ഹയർ സെക്കന്ററിസ്‌കൂൾ) അദ്ധ്യാപകനായിരുന്നു കവി.

തന്റെ സംസ്‌കൃത ഭാഷാപാണ്‌ഡിത്യം അദ്ദേഹത്തിന്റെ രചനകളെ ബാധിച്ചിരുന്നില്ല. സാമാന്യജനങ്ങളുടെ മനസ്സിനും നാവിനും വഴങ്ങുന്ന ലളിതമായ പദങ്ങളും ശൈലികളും ഉൾച്ചേർന്ന രചനാരീതിയായിരുന്നു ഒ. നാണു ഉപാദ്ധ്യായന്റേത്‌. ഗ്രാമക്കാഴ്‌ചകൾ അദ്ദേഹമെഴുതിയ കവിതകളിൽ സുലഭമാണ്‌. ഉഴവനും ചാലും ചേറും കൃഷിവിഭവങ്ങളും വിയർപ്പുമുത്തും നിലാവും വറുതിയും നിഷ്‌ക്കളങ്കമായ സംതൃപ്‌തിയും ചരതനെല്ലും ചുരയ്‌ക്കായും പരൽമീനും മിന്നിത്തിളങ്ങുന്ന ഗ്രാമീണകാവ്യങ്ങളായിരുന്നു ആ തൂലിക കോറിവിട്ടത്‌. അക്കാലത്തുതന്നെ എം.എസ്‌.ബുക്‌സ്‌ (കൊല്ലം) വഴി ‘ഗ്രാമീണഗീത’ എന്ന കവിതാസമാഹാരം പുറത്തുവന്നിരുന്നു.

കേരളത്തിന്റെ ജനപ്രിയ കലയായിരുന്ന കഥാപ്രസംഗത്തിൽ ഉപാദ്ധ്യായൻ കവിതകൾ ഒരു ആകർഷകവിഭവമായിരുന്നു. മത്സരസ്വഭാവത്തിൽ ഗതകാല കാഥികർ സദസ്സിനെ കയ്യിലെടുക്കാൻ എടുത്തു പ്രയോഗിച്ചിരുന്ന ‘തുറുപ്പ്‌’ ചീട്ടുകളായി ഉപാദ്ധ്യായന്റെ കവിതകൾ തീർന്നിട്ടുണ്ട്‌. അപൂർവ്വ അനുഭവം തരുന്ന ‘ഗ്രാമീണഗീത’ പുതിയ തലമുറ ശ്രദ്ധിക്കേണ്ടതുതന്നെയാണ്‌. എൻ. ബി.എസ്‌ അത്‌ പുനപ്രസിദ്ധം ചെയ്‌തപ്പോൾ ചില കവിതകൾ വിട്ടുപോയിട്ടുണ്ട്‌. വിസ്‌താരഭയത്താൽ ഈ കുറിപ്പ്‌ ചുരുക്കട്ടെ.

കവിയുടെ ഭാര്യ കല്യാണി ജീവിച്ചിരിപ്പുണ്ട്‌. ത്യാഗരാജൻ, വിജയൻ എന്നീ മക്കൾ അന്തരിച്ചു. ഏകമകൾ സുഭദ്ര (കാഥികൻ വി.സാംബശിവന്റെ സഹധർമ്മിണി), പവിത്രൻ (കെ.എസ്‌.എഫ്‌.ഇ) എന്നിവരാണ്‌ മറ്റ്‌ മക്കൾ.

Generated from archived content: essay2_aug.html Author: vasanthakumar_sambasivan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here