നിശ്ശബ്ദമായ ഒരിരുണ്ട
രാത്രിയിലാണ്, അതെന്റെ
നെഞ്ചിലേയ്ക്ക് പറന്നിറങ്ങിവന്നത്…
ആശ്രയം നഷ്ടപ്പെട്ട്, അനാഥമായ
ഒരു പച്ചക്കുതിര….
അതിന്റെ ചിറകുകളിലൊന്ന്
ഒടിഞ്ഞ് തൂങ്ങിയിരുന്നു.
ശൂന്യമായ എന്റെ നെഞ്ച്
താമസിയാതെ അതിന്
സുരക്ഷിതമായ ഒരിടത്താവളമായി….
പരസ്പരം മിണ്ടാനും
മനസ്സിലാക്കാനും
കഴിഞ്ഞതോടെ ഞങ്ങൾ
സുഹൃത്തുക്കളായി.
അജ്ഞാതമായ ഒരു സൗഹൃദത്തിന്റെ
തിരിച്ചുവരവിൽ
അദൃശ്യവും ഊഷ്മളവുമായ
ഒരാനന്ദം ഞാനനുഭവിച്ചു.
വെളിച്ചം വെറുത്തിരുന്ന
പച്ചക്കുതിര ഒരുനാൾ
എന്റെ നെഞ്ചിൽ നിന്നുതിർന്ന്
ഇരുട്ടിലേയ്ക്ക് ചൂണ്ടി ചോദിച്ചു,
‘എനിക്കുവേണ്ടത് സ്വാതന്ത്ര്യമാണ്,’
ഞാനിന്ന് പറന്നുപോകയാണെങ്കിൽ,
നിനക്കെന്താണ് നഷ്ടമാകുക?
ഞാൻ പുഞ്ചിരിച്ചു,
‘എനിക്ക് നഷ്ടപ്പെടുന്നത്,
എന്നെ മനസ്സിലാക്കാത്ത
നിന്റെ സൗഹൃദമാണ്…’
അത്ഭുതത്തോടെ പച്ചക്കുതിര
എന്നെ നോക്കി….
പിന്നീടൊരിക്കലും എന്നെവിട്ട്
അത് പുറത്ത് പോയില്ല…!
Generated from archived content: poem18_mar.html Author: sunil_payattuvila