“ഹരിതദർശനങ്ങൾ”

ബൈബിൾ ആത്മാവിന്റെ ലിഖിതരൂപമാണെന്ന്‌ ആവർത്തിച്ചറിയിക്കുന്ന സുരേഷ്‌ മാധവിന്റെ ബൈബിൾ പഠന ഗ്രന്ഥമാണ്‌ ‘ക്രിസ്‌തുവിന്റെ പ്രകാശവിളംബരം’ കെ.പി.അപ്പന്റെ “ബൈബിൾ വെളിച്ചത്തിന്റെ കവചം” എന്ന പുസ്‌തകത്തിനുശേഷം മലയാളത്തിൽ ഉണ്ടായിട്ടുളള ഒരു മികച്ച ബൈബിൾ സാഹിത്യകൃതിയാണിത്‌.

ബൈബിളിലൂടെയുളള സുരേഷിന്റെ യാത്രകളൊക്കെ സമാധാനത്തിന്റെ ലെവൽക്രോസുകളാണ്‌. സംസ്‌കാരത്തിന്റെ ബൈബിൾ സമീപനങ്ങളെ നവീകരിക്കുന്നതാണിതിലെ വാക്കുകൾ. റേഷൻ കാർഡ്‌, കീറിയനോട്ട്‌, ബില്ലുകൾ ഇങ്ങനെ പലതും സൂക്ഷിക്കുന്ന ഒരു സേയ്‌ഫ്‌റ്റി ഷെൽഫായി മാത്രം ബൈബിളിനെ കരുതിയിരിക്കുന്ന ഈ ജാഡസംസ്‌കാരത്തിനും ഫ്ലാറ്റ്‌ സംസ്‌കാരത്തിനുമൊക്കെയുളള ഒരു സമ്മാനമാണീ പുസ്‌തകം.

ഒരു കോസ്‌മിക്‌ ഭാഷ സൃഷ്‌ടിക്കുന്ന സുരേഷ്‌ മാധവിന്റെ ഈ കൃതി ഭാഷയുടെ ബോധപൂർവ്വമായ വിനിയോഗത്തിലൂടെ ബൈബിളിൽ ഒരു പ്രതിഭാസം തന്നെ സൃഷ്‌ടിക്കുന്നു. ഇതിലെ വാക്കുകൾ സ്‌മൃതിയുടെ ധ്വനികളായി നമ്മിൽ നിറയുന്നു. സ്വന്തം തനിമകളിലേക്ക്‌ തീർത്ഥയായ ചെയ്യുന്ന സുരേഷ്‌ മൊഴികളുടെ കടന്നുകയറ്റങ്ങളെ ബോധപൂർവ്വം കൈകാര്യം ചെയ്യുന്നു.

ബൈബിൾ വായനയിലെ ചില ഒത്തുതീർപ്പുകളുടെ മാധ്യമമാണ്‌ ഇതിലെ വാക്കുകൾ. സത്യത്തിന്റെ വിളംബരങ്ങൾ അന്വേഷിക്കുന്ന മിന്നൽ ഷോട്ടുകളിലൂടെ വായനക്കാരനെ ബൈബിളിന്റെ സ്വകാര്യതകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. വരൾച്ച ബാധിച്ച മനസ്സുകൾക്ക്‌ ഇത്‌ തിരിച്ചറിവുകളുടെ തുരുത്തുകൾ തീർക്കുന്നു. സുരേഷിന്റെ ഭാഷയിൽ-ബൈബിൾ സമ്മാനിച്ച ഏറ്റവും വലിയ കണ്ണടയാണ്‌ ക്രിസ്‌തു. ക്രിസ്‌തു കാഴ്‌ചയും ദർശനവുമാണ്‌. ക്രിസ്‌തുവാണ്‌ ഏറ്റവും വലിയ വെളിപാടും. നമ്മുടെ കാഴ്‌ചകൾ പരിമിതമാണ്‌. മനസ്സുകൾ ഊഷരമാണ്‌. പക്ഷേ നമ്മുടെ നേട്ടങ്ങളെ നവീകരിക്കുന്നതാണ്‌ ഈ ഗ്രന്ഥം.

പക്ഷേ ഭാഷപോലും സുരേഷിന്‌ ഒരു ബൈനോക്കുലറാണ്‌. ആത്മീയതയോടുളള ഇതിലെ അമിതാസക്തി ഒരു വെച്ചുകെട്ടല്ല, മറിച്ച്‌ പ്രകാശത്തിലേക്ക്‌ അർത്ഥം കിനിയുന്ന തുടുത്തു തുളുമ്പുന്ന ഒരു അന്വേഷണമാണ്‌. ഈ അന്വേഷണം നമ്മെ കൂട്ടികൊണ്ടുപോകുന്നത്‌ ചില ഹരിതദർശനങ്ങളിലേക്കാണ്‌. ബൈബിൾ ഭാഷയുടെ ഊർവ്വരതയെ വ്യയം ചെയ്യുന്ന ഈ കൃതി ശ്രദ്ധേയം തന്നെ. മതപരമായ ബിംബമല്ലീ പുസ്‌തകം മറിച്ച്‌, ഇതിൽ നിറയെ ഹരിതദർശനങ്ങളാണ്‌…“

ക്രിസ്‌തുവിന്റെ പ്രകാശവിളംബരം (ബൈബിൾ സാഹിത്യം)

സുരേഷ്‌ മാധവ്‌

ഓഷ്യാനിക്‌ ബുക്‌സ്‌

വില ഃ 60 രൂപ

Generated from archived content: book1_aug.html Author: sunil_ce

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here