കവിതകളെഴുതിത്തുടങ്ങുന്നവർക്ക് ഒരു സാധനാപാഠമായിരുന്നു കുമാരനാശാന്റെ സ്വയം തിരുത്തലുകൾ. പുതുതലമുറയിലെ ഒരു കവിക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ സ്വയം പ്രതിഷ്‌ഠനായ ഒരു കവി തന്റെ കവിതകൾ എങ്ങിനെയൊക്കെ തിരുത്തി എന്നറിയുന്നത് കൗതുകകരമാണ്.
ആശാന്റെ ലീലയിൽ നിന്നൊരു ഭാഗം നോക്കാം. അതിലെ
‘തടസീമയിൽ വിട്ടു രശ്‌മിയെ
കടലിൽപ്പോയ് രവി മുങ്ങിടാസഖീ എന്ന രണ്ടുവരികൾ രൂപം കൊണ്ടത് ഇപ്രകാരമാണ്
പരിണാമി പിരിഞ്ഞുപോകയി-
ല്ലരുദൂരാതപരേഖയും സഖീ! എന്നായിരുന്നു. ആ ഭാഗത്തിന്റെ രണ്ടാമത്തെ തിരുത്തൽ ഇപ്രകാരമാണ്.
“ചരമാതവരേഖതന്നെയും
വിരമിക്കും രവി വിട്ടുപോയിടാ” എന്നായിരുന്നു.
ചിന്താവിഷ്ടയായ സീതയിലെ –
“പുരികം പുഴുപോൽപിടഞ്ഞകം
ഞെരിയും തൻ തല താങ്ങികൈകളാൽ” എന്ന വികാരനിർഭരമായ ഭാഗം ആദ്യം രൂപപ്പെട്ടത് –
പുരികങ്ങൾ ചുളിഞ്ഞു കാഞ്ഞകം
ഞെരിയുന്നാത്തല താങ്ങികൈകളാൽ എന്നായിരുന്നു.
“ഞൊടിയിൽ ഖല ജിഹ്വകൊള്ളിപോ-
ലടിയേ വൈരിവനം ദഹിക്കുമേ” എന്നതിലെ തിരുത്തലുകൾ നോക്കുക.
ആദ്യം – അടിയേവൈരിവനം ചുടും ദൃഢം
രണ്ടാമത് – അടിയേവൈരിവനം ചുടും സ്വയം
മൂന്നാമത് – അടിയേ വൈരിവനം ചൂടുന്നുതാൻ. ഇങ്ങനെ പോകുന്നു തിരുത്തലുകൾ.
’കരുണ‘ എന്ന വിഖ്യാതമായ കൃതിയുടെ ആദ്യത്തെ പേര് വാസവദത്ത എന്നായിരുന്നു. അതിന്റെ മീതേ ഒരു വരയിട്ട് കരുണ എന്നു തിരുത്തിയിരിക്കുന്നത് കാണാം. മനസിൽ ഒരു നൂറു തിരുത്തലുകൾക്കു ശേഷമാണ് ഇതൊക്കെ എന്നു കരുതണം. പുതിയ എഴുത്തുകാർക്ക് ഇതൊരു സാധനാപാഠമാക്കാമെങ്കിൽ വളരെ നന്നായിരുന്നു.
Generated from archived content: essay2_jan29_07.html Author: sooranadu_ravi