പിടക്കോഴി കൂവുന്ന നൂറ്റാണ്ടെന്ന് നിങ്ങളിൽ ചിലരെങ്കിലും ഇപ്പോഴും പറയും. എന്നാലും വേണ്ടില്ല. ഞങ്ങൾക്കും ഒരുപാട് പറയാനുണ്ട്. ചോദിക്കാനുണ്ട്. ഞങ്ങളുടെ ശബ്‌ദം കേൾക്കാൻ ചെവിയുളളവരുണ്ടോ ഇല്ലയോ എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല. പറയാൻ തോന്നുന്നതെന്തും തോന്നുന്ന രീതിയിൽ പറയുക എന്നത് ഞങ്ങളുടെ മൗലികാവകാശമാകുന്നു. അതിനായാണ് ഞങ്ങൾ ഞങ്ങളുടേതായ ഒരു മുഖമാസികപോലും തുടങ്ങിയത്. ലാഭനഷ്‌ടങ്ങൾ നോക്കാതെ ഇത്ര ചുരുങ്ങിയ വിലയ്‌ക്കത് വിപണനം ചെയ്യുന്നതും.
എന്നിരിക്കിലും പുരുഷന്മാരെ ഞങ്ങൾ ആദരിക്കുന്നു, ആരാധിക്കുന്നു. അതുകൊണ്ടാണല്ലോ ഞങ്ങൾ ഞങ്ങളുടേതായ ഈ മാസികയിൽ പുരുഷനാമധേയത്തിലെത്തുന്ന സൃഷ്‌ടികൾ പ്രസിദ്ധീകരിക്കുന്നത്. ഞങ്ങടെ മാസികയുടെപോലും ആദ്യപേജ് ഹേ, പുരുഷന്മാരേ നിങ്ങൾക്കായി റിസർവ് ചെയ്‌തിരിക്കുന്നു. മാത്രമോ ഈ പെൺശബ്‌ദത്തിന്റെ എഴുപത്തഞ്ച് ശതമാനമാണ് റിസർവേഷൻ നിങ്ങൾക്കായി. പുരുഷന്മാരെ നിങ്ങൾ ധന്യർ. നിങ്ങളുടെ നാമധേയങ്ങൾക്ക് സ്‌തുതി. നിങ്ങൾക്കും.
Generated from archived content: essay1_july.html Author: siva_jeeva