ചട്ടമ്പിസ്വാമികൾ ശ്രീനാരായണഗുരു എന്നിവരിൽ വലിയവർ ആരെന്നത് തർക്കവിഷയമേ അല്ല. സമൻമാർ തന്നെ. എന്നാൽ അപകർഷതാബോധത്തിന്റെയോ, വിഡ്‌ഢിത്തം നിറഞ്ഞ അഹന്തയുടെയോ പിരിമുറുക്കത്തിൽ ചിലർ വലിയവരാരെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തുന്നുണ്ട്. നാരായണഗുരുവിന്റെ ഗുരുസ്ഥാനം ചട്ടമ്പിസ്വാമികൾക്കില്ലെന്ന് സ്ഥാപിക്കുന്നിടത്താണ് അപകർഷതാബോധത്തിന്റെ പ്രശ്‌നം. ഈ ബോധത്തിൽ നിന്നാണ് ചില മാർക്കറ്റിംങ്ങ് തന്ത്രങ്ങൾ ഗുരുവിനെ ലക്ഷ്യംവച്ച് രൂപപ്പെടുന്നത്. അത്തരമൊരു അവസ്ഥാവിശേഷത്തിന്റെ പരിണിത ഫലമാണ് ശ്രീനാരാണയഗുരുവും വമ്പൻ ഹോൾഡിംഗുകളിലും കട്ട്‌ഔട്ടുകളിലും ‘ബ്രാൻഡ്’ ചെയ്യപ്പെടുന്നു. ഒരു സമുദായം നന്നാക്കാൻ ശ്രമിച്ചതിന്റെ ഫലം അല്ലെങ്കിൽ ശിക്ഷ.
സാമുദായിക അസമത്വങ്ങൾ കൊടുകുത്തിവാണ കഴിഞ്ഞ നൂറ്റാണ്ടിൽ പിന്നോക്കസമുദായത്തിന് ഒരു നായകൻ ആവശ്യമായിരുന്നു. സാമുദായിക സാമ്പത്തിക അവശതകൾ അക്കാലങ്ങളിൽ ഏറെ അവർ അനുഭവിച്ചിരുന്നതിനാൽ ഒരു നവോത്ഥാനം അവിടെ അനിവാര്യമായിരുന്നു. അങ്ങനെയാണ് ഗുരുദേവൻ ഈഴവ ശിവനെ പ്രതിഷ്‌ഠിച്ച് സാമൂഹിക വിപ്ലവത്തിന് തുടക്കമിട്ടത്.
എന്നാൽ നായർ സമുദായത്തിന് അങ്ങനെയൊരു നായകന്റെ ആവശ്യമോ, ആചാര്യന്റെ സാന്നിധ്യമോ ഇല്ലായിരുന്നു. മാത്രവുമല്ല സന്യാസശ്രേഷ്‌ഠൻമാരും ജ്ഞാനികളും നായർ സമുദായത്തിൽ ഏറെയുണ്ടായിരുന്നു. അപ്പോൾ അനവധി ശ്രേഷ്‌ഠൻമാരിൽ നിന്ന് ഒരാളെ എങ്ങനെ തെരഞ്ഞെടുക്കാനാകും? ഒരുപാട് ബുദ്ധിമാൻമാരുളള ഒരു സമുദായത്തിൽനിന്ന് ഒരു ബുദ്ധിമാനെ എങ്ങനെ പരിഗണിക്കും? അതുകൊണ്ട് ആ പണിക്കൊന്നും നായൻമാർ പോയില്ല. അവർ സുഭിക്ഷമായി ഉണ്ടും ഉറങ്ങിയും സ്‌ത്രീസേവ നടത്തിയും കാലം കഴിച്ചു. എന്നാൽ അപ്പുറത്തെ സ്ഥിതി അതായിരുന്നില്ല.
അടിച്ചമർത്തപ്പെട്ടുകിടന്ന സമുദായത്തിൽ നിന്ന് ഒരു ബുദ്ധിമാൻ ഉണ്ടാകുമ്പോൾ സ്വാഭാവികമായി ആ വ്യക്തിത്വം പ്രകീർത്തിക്കപ്പെടും. ശ്രീനാരായണ ഗുരുദേവന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. മഹത്തായ സേവനമാണ് ഗുരു പിന്നീട് നിർവ്വഹിച്ചത്. ഈ നിരീക്ഷണം യുക്തിയുടെ അടിസ്ഥാനത്തിലാണ്.
കാരുണ്യവും ദയയും സേവനമനോഭാവവുമുളള ഒരു സമുദായത്തെ ചിലർ ആസൂത്രിതമായി കരിതേച്ചു കാണിക്കുന്നതിന്റെ ഭാഗമായാണ് ചട്ടമ്പിസ്വാമികൾക്കെതിരെയുളള ചില നീക്കങ്ങൾ. സ്വാമിയെ ഇകഴ്‌ത്താനാണ് ചിലർ ശ്രമിക്കുന്നത്. വില്‌പനയിൽ മാത്രം കണ്ണുവച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന ചരിത്രബോധമില്ലാത്ത നവയുഗ ചിന്തകന്മാരുടെ പുസ്‌തകങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ ഈ സത്യം ബോധ്യപ്പെടും. ചരിത്രങ്ങൾ ബോധപൂർവ്വം തിരുത്താൻ ശ്രമിക്കുന്നത് ഗുരുനിന്ദയെന്നേ പറയേണ്ടു.
ഡോ.ടി.ഭാസ്‌ക്കരനെപ്പോലുളള ചില കൊച്ചുകുഞ്ഞുങ്ങൾ പറയുന്നത് ചട്ടമ്പിസ്വാമികൾക്ക് ബ്രഹ്‌മജ്ഞാനം പൂർണ്ണമായിരുന്നില്ല എന്നാണ് (ഭാഷാപോഷിണി നവം-2002) പ്രസ്‌തുത കണ്ടുപിടുത്തങ്ങളുടെ പെരുമ്പറ മുഴുക്കുന്നവർക്ക് ചട്ടമ്പിസ്വാമികളെ എന്നല്ല, ലോകത്തെ ഒരു സ്വാമിയെക്കുറിച്ചും ഒരു ചുക്കുമറിയില്ലെന്നതാണ് വാസ്‌തവം. മാലിന്യത്തിൽ നിന്നാണ് ഇത്തരം വാക്കുകൾ വരുന്നത്. അത് മാലിന്യത്തിലേക്ക് തന്നെ തിരിച്ചുപോകണം.
മുന്നോക്ക സമുദായങ്ങൾ ഇവിടെ നിർവ്വഹിച്ച സേവനങ്ങൾ നിസ്‌തൂലമാണ്. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, കമ്യൂണിസ്‌റ്റ് സമരങ്ങൾ, സാമുദായിക വിപ്ലവങ്ങൾ, അധഃകൃത പ്രസ്ഥാനങ്ങൾ….
എല്ലാറ്റിന്റെയും മുന്നിൽ ആരായിരുന്നു? വീട്ടിൽ ഉണ്ണാനുളള വകയുണ്ടായിരുന്നതുകൊണ്ടാണ് പല സവർണ്ണരും അധഃകൃതന്മാർക്ക് വേണ്ടി ഇറങ്ങി പുറപ്പെട്ടത്. മറ്റൊരു വസ്‌തുത കൂടി ബോധ്യപ്പെടുത്തട്ടെ.
പുലയ മഹാസഭയുടെ ആദ്യ പ്രസിഡന്റ് സദാനന്ദസ്വാമികളായിരുന്നു. സെക്രട്ടറി അയ്യൻകാളിയും. സദാനന്ദസ്വാമികൾ പാലക്കാട്ടുളള ഒരു മേനോനായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് ഗാന്ധിജി ഉപദേശം തേടിയത് ഗുരുദേവനോട് മാത്രമായിരുന്നില്ല. ചട്ടമ്പിസ്വാമികളോടും ചർച്ച ചെയ്‌തിരുന്നു. എന്നാൽ ഈ ചരിത്രസത്യം ചരിത്രം വിഴുങ്ങുന്നതാണ് കണ്ടത്. തൃശൂരിലുളള എം.ആർ.ഗോപിനാഥൻപിളളയുടെ കൈവശം ഗാന്ധിജിക്കൊപ്പം ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും നിൽക്കുന്ന അപൂർവ്വ ചിത്രമുണ്ടെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്.
എല്ലാ സമുദായങ്ങളും ഉന്നതി പ്രാപിക്കുമ്പോൾ ദലിത് സാഹിത്യവും കത്തോലിക്കാ സാഹിത്യവും ആദിവാസി സാഹിത്യവും തരാതരം അനുസരിച്ച് ഉണ്ടാകുമ്പോൾ മഹത്വമുളളവരെ (ചട്ടമ്പിസ്വാമികളേയും, ശ്രീനാരായണ ഗുരുവിനെയും) ചില അപമാനിക്കുമ്പോൾ ഒന്നേ പറയാനുളളൂ. ഗുരോ ഇവരുടെ പാപങ്ങൾ പൊറുക്കേണമേ.
Generated from archived content: essay1_nov.html Author: sathyavrathan