സൗഹൃദം

സായാഹ്‌നത്തോടെയാണ്‌ ഞങ്ങൾ കുന്നിൻ മുകളിൽ എത്തുന്നത്‌. മുകളിൽ പുരാതനമായ ചെറിയ ക്ഷേത്രം. ക്ഷേത്രമല്ല കുന്നിന്റെ പ്രത്യേകത. അമ്പലത്തിനു ചുറ്റുമുള്ള മരങ്ങളിൽ കൂട്ടമായ്‌ കഴിയുന്ന കുരങ്ങിൻ കൂട്ടങ്ങളാണ്‌ ആളുകളെ അങ്ങോട്ടാകർഷിക്കുന്നത്‌. ആരുവന്നാലും അവ കൂട്ടത്തോടെ മരത്തിൽ നിന്നിറങ്ങി അവരുടെയടുത്തെത്തുന്നു. കുന്നിൽ വരുന്നവർ അവയ്‌ക്കെന്തെങ്കിലും കരുതിയിരിക്കണം. അത്‌ കുരങ്ങൻമാരുടെ അവകാശമാണ്‌. അല്ലാത്തവരെ അവ താഴ്‌വാരത്തിലേക്ക്‌ ആട്ടിയോടിക്കും. ഞാൻ കരുതിയിരുന്നത്‌ കുറെ വറുത്ത നിലക്കടലയായിരുന്നു. കൈവരിയിലിരുന്ന എന്റെ അടുത്തേയ്‌ക്ക്‌ അവ വരിവരിയായ്‌ കടന്നുവന്നു. മലർത്തിപ്പിടിച്ച എന്റെ ഉള്ളം കൈയിൽ നിന്നും അടുത്തിരുന്ന്‌ കുരങ്ങന്മാർ നിലക്കടലയെടുത്തു കൊറിച്ചുകൊണ്ടിരുന്നു. അപ്പോഴാണ്‌ സ്വപ്ന ക്യാമറ ക്ലിക്ക്‌ ചെയ്തത്‌. കിട്ടാൻപോകുന്ന ഫോട്ടോയെപ്പറ്റി ഞാൻ അത്ഭുതം കൊണ്ടു. കുന്നിൻപുറത്ത്‌ തനിച്ചിരിക്കുന്ന ഞാനും ചുറ്റും നിലക്കടല തിന്നുകൊണ്ടിരിക്കുന്ന കുറെ കുരങ്ങൻമാരും. “എങ്ങനെയുണ്ട്‌ സ്വപ്നേ! എന്റെ പോസ്‌” ഞാൻ സ്വപ്‌നയോടു ചോദിച്ചു. “വളരെ നന്നായിട്ടുണ്ട്‌ രവി! തിരിച്ചറിയുകയേയില്ല, അത്രമാത്രം താദാന്മം പ്രാപിച്ചിട്ടുണ്ട്‌ കുരങ്ങൻമാരുമായി. സ്വപ്‌ന ചിരിച്ചു. പിന്നെ ഞങ്ങൾ കുരങ്ങൻമാരോടു വിടചൊല്ലി കുന്നിറങ്ങി. ജീവിതത്തിലൊന്നായി വീണ്ടുമിവിടേക്ക്‌ വരുവാൻ വേണ്ടി. പക്ഷെ അവൾ വന്നില്ല. ജീവിതത്തിന്റെ ഇടത്താവളങ്ങളിലെങ്ങോ വച്ച്‌ യാത്രാമൊഴി ചൊല്ലി അവൾ പിരിഞ്ഞു. പക്ഷേ ഞാൻ വീണ്ടുമിവിടെക്കു വന്നു. കൈയിൽ കുരങ്ങൻമാർക്കു വേണ്ടി വറുത്ത നിലക്കടല കരുതിയിരുന്നു. അവ എന്റെ സമീപം വന്നിരുന്നു. ഞാൻ നിലക്കടല നീട്ടി. പക്ഷേ അവ ഒന്നുപോലും തൊട്ടില്ല. എന്റെ ചുറ്റുമിരുന്ന്‌ കുരങ്ങൻമാരും മൂകമായ്‌ എന്റെ സ്വകാര്യദുഃഖത്തിൽ പങ്കുചേരുകയായിരുന്നിരിക്കണം.

Generated from archived content: story3_mar6_07.html Author: sathyanath_j_othora

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here