ഈ പാറപ്പുറത്തിരുന്നാല്‍ കരിമ്പിന്‍പൂക്കള്‍ കാറ്റത്തുലയുന്നത് വ്യക്തമായി കാണാം. പാറയ്ക്കു താഴെ കരിമ്പിന്‍ കാടിന് അതിരിട്ട് പുഴ ഒഴുകുന്നു. പുഴ, കരിമ്പിന്‍പൂക്കള്‍, പിന്നെ മേഘക്കീറുകളുടെ വെണ്‍മ ഇവയെല്ലാം ഒത്തുചേര്‍ന്ന് ഇന്നത്തെ സന്ധ്യയ്ക്ക് ഒരു വെള്ള പരിവേഷം അണിയിച്ചിരിക്കുന്നു. ഒരു മാലാഖയെപ്പോലെ, കുന്നിനെ തഴുകി പുഴ ശാന്തമായി ഒഴുകുന്നു.
കാണെക്കാണെ സന്ധ്യയുടെ നിറം ചുവപ്പായി. ചുവപ്പ് പുഴയിലേക്കും പാളിവീണു. മറിയത്തിന്റെ രണ്ടോമനാത്മാക്കളുടെ ഹൃദയരക്തം ഊറ്റിക്കുടിച്ചപ്പോഴെന്നവണ്ണം പുഴ ചുവന്നു. അന്നു പുഴയ്ക്ക് കട്ടപിടിച്ച ചോരയുടെ നിറമായിരുന്നു. കര്‍ക്കടകമാസത്തിലെ തോരാത്ത മഴയ്ക്ക് പുഴയുടെ ദാഹത്തെ ശമിപ്പിക്കാനായില്ല. കിഴക്കന്‍ മേഖലകളില്‍ നിന്ന് ഒലിച്ചിറങ്ങിയ ചെമ്മണ്ണും അവളുടെ നിറം ഭീകരമാക്കിയിരിക്കുന്നു. എന്തിനെയും ആവാഹിക്കാനുള്ള ഒടുങ്ങാത്ത ത്വരയുമായി പുഴ ഇരമ്പിയൊഴുകി.
ആ പുഴയിലേക്കാണ് മറിയം തന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ എറിഞ്ഞത്. പിന്നെ, അവളും… അവളെ ഏതോ തോണിക്കാരന്‍ കരയ്‌ക്കെത്തിച്ചു. ബോധമുണര്‍ന്ന മറിയം പുഴയിലേക്കു നോക്കി നിലവിളിച്ചു… എന്റെ പൊന്നു മക്കളേ… പുഴ ഒഴുകിക്കൊണ്ടിരുന്നു. പുഴയുടെ ഇരമ്പലില്‍ മറിയത്തിന്റെ സ്വരം ചിതറിപ്പോയി. ദാരിദ്ര്യദുഃഖം മൂലമായിരുന്നു. മറിയ കുഞ്ഞുങ്ങളെ പുഴയിലേക്കെറിഞ്ഞത്. അവരുടെ കൂടെ മരിക്കാനുള്ള ശ്രമം വിഫലമാകുകയും ചെയ്തു.
അവള്‍ കുറ്റക്കാരിയാണോ എന്ന് ഇന്നു കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കും. ഇന്നാണ് കേസിന്റെ വിധി. കോടതി ശിക്ഷിച്ചില്ലെങ്കില്‍ തന്നെ അവളീ ഗ്രാമത്തിലേക്കു മടങ്ങിവരുമോ..? നാട്ടുകാര്‍ അവളെ കാത്തിരിക്കുകയാണ്. തൂക്കുകയറില്‍ നിന്നു രക്ഷപെട്ടാല്‍ത്തന്നെ അവള്‍ക്ക് എവിടെയാണ് അഭയം.
നേരം ഇരുട്ടി. ഞാന്‍ ഒരു കല്ലെടുത്തു പുഴയിലേക്കെറിഞ്ഞു. ഒരു വലിയ ശബ്ദത്തോടെ അതു താണുപോയി. വീണ്ടും മറ്റെന്തോ ശക്തിയായി പുഴയിലേക്കു പതിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. കല്ലുവീണതിന്റെ പ്രതിധ്വനിയാണോ? എന്തോ? ഒന്നും കാണാന്‍ പാടില്ലായിരുന്നു. ഇരുളിന് അത്രയ്ക്കു കനം വച്ചിരുന്നു.
Generated from archived content: story1_nov20_13.html Author: sathyanath_j_othora