സംഗമം

ആറ്റിത്തെക്കേ തറവാട്ടിലെ ഉഗ്രപ്രതാപിയായ രാഘവക്കുറുപ്പിന്റെ മകൻ രമേശൻ നല്ല കുട്ടിയായിരുന്നു. നല്ല അച്ചടക്കം. സ്വഭാവദൂഷ്യമൊന്നുമില്ലായിരുന്നു. പഠിക്കാനും സമർത്ഥൻ. രാഘവക്കുറുപ്പ്‌ മകനെ അങ്ങനെയാണ്‌ ചെറുപ്പം തൊട്ടു വളർത്തിയത്‌. രാവിലെ സ്‌കൂളിലേക്ക്‌ വൈകിട്ട്‌ സ്‌കൂളിൽ നിന്ന്‌ നേരെ വീട്ടിലേക്ക്‌. മറ്റു കൂട്ടുകെട്ടൊന്നും രമേശനില്ലായിരുന്നു. വീട്ടിൽ വന്നാൽ കുളികഴിഞ്ഞു രാത്രി പത്തുമണിവരെ പഠിത്തം. അതുകൊണ്ടായിരിക്കണം രമേശൻ പത്താംക്ലാസ്സിൽ ക്ലാസ്സോടുകൂടി പാസ്സായത്‌. രമേശനിപ്പോൾ നഗരത്തിലെ കോളേജിലാണ്‌ പഠിക്കുന്നത്‌. ആറുകടന്ന്‌ വിജനമായ വിശാലമായ നെൽപ്പാടങ്ങൾക്കു നടുവിലുള്ള റോഡിൽകൂടി രമേശൻ കോളേജിലെത്തും. കോളേജിലെത്തിയിട്ടും മറ്റു കൂട്ടൊന്നും രമേശനില്ല. ഇത്രയൊക്കെയായിട്ടും ഒരു തീപ്പെട്ടികത്തിക്കാൻപോലും രമേശനറിയില്ല. പിന്നല്ലേ സിഗററ്റു വലിക്കുന്നത്‌. പക്ഷേ രാഘവക്കുറുപ്പിനൊരു സ്വഭാവദൂഷ്യമുണ്ട്‌. ദിവസവും ഒരു കുപ്പി കള്ളുകൂടിക്കണം. വൈകുന്നേരമായാൽ ഒരു തോർത്തും തോളത്തിട്ട്‌ തന്റെ കുടവയറും തടവി ആറ്‌കടന്ന്‌ വിശാലമായ നെൽപ്പാടത്തിനു നടുവിൽ കൂടി പോകുന്ന റോഡരികിൽ സ്ഥിരി ചെയ്യുന്ന ഷാപ്പിൽ കുറുപ്പ്‌ ഹാജരാകും. ഒരു കുപ്പി അന്തിക്കള്ളും കുടിച്ച്‌ വീട്ടിലേക്ക്‌ മടങ്ങും.

അന്നു രമേശൻ കോളേജിൽ പോയി മടങ്ങുമ്പോഴാണ്‌ അവിചാരിതമായി വേനൽമഴ പെയ്തത്‌. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽവയലുകൾ. കുട കയ്യിലില്ലാതിരുന്ന രമേശൻ മഴയിൽ നിന്നു രക്ഷനേടാൻ ചുറ്റും നോക്കി. അപ്പോഴാണ്‌ തൊട്ടപ്പുറത്ത്‌ പാതവക്കിൽ സ്ഥിതി ചെയ്യുന്ന കള്ളുഷാപ്പിനെക്കുറിച്ചോർമ്മ വന്നത്‌. ആദ്യമൊന്നറച്ചെങ്കിലും രമേശൻ ഷാപ്പിലേക്കോടിക്കയറി. വരാന്തയോടു ചേർന്നു നിന്നു. വളരെനേരം മഴപെയ്തു. മഴ തോർന്നപ്പോൾ രമേശൻ വഴിയിലേക്കിറങ്ങിയതും രാഘവക്കുറുപ്പ്‌ കുടയുംചൂടി തന്റെ പതിവു അന്തിക്കള്ളിനുവേണ്ടി ഷാപ്പിന്റെ മുൻപിലെത്തിയതും ഒരേ സമയത്തായിരുന്നു. രാഘവക്കുറുപ്പ്‌ മകനെയൊന്നു സൂക്ഷിച്ചുനോക്കി. പതുങ്ങിനിന്ന രമേശനെന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുൻപ്‌ രാഘവക്കുറുപ്പ്‌ ഷാപ്പിനുള്ളിലെത്തിക്കഴിഞ്ഞിരുന്നു. താൻ കള്ളുകുടിക്കാൻ വേണ്ടി ഷാപ്പിൽ കയറിയതാണെന്ന്‌ അച്ഛൻ കരുതിക്കാണുമോ…? വിഷണ്ണനായ രമേശൻ വൈകിട്ട്‌ വീട്ടിൽ നടക്കാൻ പോകുന്ന പൂരത്തെപ്പറ്റി ചിന്തിച്ച്‌ മന്ദം നടന്നു.

Generated from archived content: story1_jun27_07.html Author: sathyanath_j_othora

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here