പ്രതീക്ഷിച്ചതുപോലെ മധുസൂദനൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. വീടിന്റെ മുറ്റത്ത് കസേരയും ടീപ്പോയുമിട്ട് അയാൾ മദ്യം കഴിക്കുകയായിരുന്നു. അയഞ്ഞ ജൂബ്ബയും ഡബിൾ വേഷ്‌ടിയുമായിരുന്നു വേഷം. കഴുത്തിൽ കിടന്ന കനമുളള സ്വർണ്ണ ചെയിനിന്റെ അറ്റം വെളുത്ത ജൂബ്ബയിൽക്കൂടി പുറത്തുകാണാമായിരുന്നു. കൈയിൽ ഒമേഗ വാച്ച്. വിരലിൽ കനമുളള മോതിരം. മധുസൂദനൻ ആള് സുമുഖനായിരുന്നു. ഞങ്ങളെ അയാൾ കസേരയിലേയ്‌ക്ക് ക്ഷണിച്ചു.
“ആരാ മനസ്സിലായില്ലല്ലോ…? ഞങ്ങൾ കസേരയിൽ ഇരുന്നുകഴിഞ്ഞപ്പോൾ മധുസൂദനൻ ചോദിച്ചു.
”ഞങ്ങൾ പത്രപ്രവർത്തകരാണ്“ ഭവ്യതയോട് പറഞ്ഞു. ”ഓഹോ, നിങ്ങളെല്ലാം കൂടിയാണ് എന്നെ കൊലപാതകിയാക്കിയത് അല്ലേ. ഇനി എന്നെക്കൊണ്ട് നിങ്ങൾക്കെന്താണാവശ്യം. ഏതായാലും നിങ്ങളിത് കഴിക്ക്“ മധുസൂദനൻ ഗ്ലാസുകളിൽ മദ്യം പകർന്ന് ഞങ്ങൾക്കുനേരെ നീട്ടി. ഞങ്ങൾ മദ്യം വാങ്ങി ഒരിറക്കു കുടിച്ചശേഷം ഗ്ലാസ് ടീപ്പോയിൽ വച്ചു. മധുസൂദനൻ ഫോറിൻ സിഗററ്റിന് തിരികൊളുത്തി പുക ആഞ്ഞുവലിച്ചു. അയാളുടെ കവിളും കണ്ണും വീർത്തിരുന്നു. കൺപീലിക്കുളളിൽ അയാളുടെ വീർത്തകണ്ണ് ചുവന്നുകിടന്നു. അയാൾ നല്ല ലഹരിയിലെത്തിയെന്നു തോന്നുന്നു. അയാൾ സിഗററ്റ് ആഷ്‌ട്രേയിൽ കുത്തിക്കെടുത്തിയിട്ട് എഴുന്നേറ്റ് ഞങ്ങളുടെ നേരെ വിരൽചൂണ്ടിക്കൊണ്ടു പറഞ്ഞുഃ ”എഴുന്നേൽക്കിനെടാ.“ ഞങ്ങൾ അറിയാതെ എഴുന്നേറ്റുപോയി. നിങ്ങൾക്കെന്താണറിയേണ്ടത്. നിങ്ങളല്ലേ പത്രത്തിലെഴുതിയത് മധുസൂദനന്റെ വീട്ടിൽ വേലയ്‌ക്കുനിന്ന സരളയെന്ന പെണ്ണിനെ കൊന്ന് കെട്ടിതൂക്കിയെന്ന്” അയാൾ വിറയ്‌ക്കുന്നുണ്ടായിരുന്നു. “നിജസ്ഥിതിയറിയാനാണ് ഇപ്പോൾ ഞങ്ങൾ വന്നത്. അതിന് ഒരിന്റെർവ്യൂ” അയാൾ ഒരുകുപ്പി അടിച്ചുടച്ച് കൈയിലെടുത്തു. പത്രക്കാർ പിന്നെ എങ്ങോട്ടാണ് പോയത്?
Generated from archived content: story1_feb10_06.html Author: sathyanath_j_othora