നാലുകെട്ടിലെ അപ്പുണ്ണി നഗരങ്ങളിലലഞ്ഞ് വർഷങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തി. തിമിരം പിടിച്ച് കാഴ്‌ച പോയ ഒരമ്മ പൂമുഖവാതിൽക്കൽ മകനെ കാത്തിരിപ്പുണ്ടായിരുന്നു. പൊട്ടിയ ഭിത്തികളും നനവ് കിളിരുന്ന നിലാവുമുളള ആ നാലുകെട്ടിൽ ‘ഈ വസ്‌തു വില്‌പനയ്‌ക്ക്’ എന്ന ബോർഡും തൂക്കി അയാൾ അമ്മയോടൊപ്പം കൂടി.
‘ഭഗോതിയിരിക്ക്‌ണ നാലുകെട്ടിന് ഒന്നും രണ്ടും മുക്കാല് തന്നാ പോരാ…’ അപ്പുണ്ണി നാലുകെട്ടിന് വിലപറഞ്ഞ് ശഠിച്ച് നിന്നു.
‘കാർണ്ണോമാര് പണ്ട് ചവിട്ടിക്കൊന്ന പെണ്ണൊരുത്തിയില്ലെ, അതിന്റെ ആത്മാവിനുകൂടി വിലപറഞ്ഞോളൂ…’
വസ്‌തു വാങ്ങാൻ വന്ന ദേശക്കാർ വിലപേശി ചൊടിച്ച് തിരിച്ചുപോയി.
പഴയകെട്ടിടങ്ങൾ പൊളിച്ചു വിൽക്കുന്ന വരത്തൻമാരാണ് ഒടുവിൽ നാലുകെട്ട് വിലക്കെടുത്തത്.
“പലിശക്കടം വീട്ടാൻ പോലും ഇത് തികഞ്ഞേക്കില്ല” എന്ന് പറഞ്ഞുകൊണ്ടാണെങ്കിലും അവർ കൊടുത്ത പണം എണ്ണി വാങ്ങി; പിന്നെ പടിപ്പുര വാതിലടച്ച് അമ്മയെയുംകൊണ്ട് തെരുവിലേക്ക് നടന്നു. വില്‌പന മൂല്യമില്ലാത്ത ഒരു ചരക്ക് കയ്യിലവശേഷിച്ചതിന്റെ വിഹ്വലതകളൊടെയായിരുന്നു അപ്പോൾ ആ വൃദ്ധയുടെ കൈയിൽ അയാൾ മുറുകെ പിടിച്ചിരുന്നത്.
Generated from archived content: story4_apr23.html Author: sasikumar_sopanath