മറയുന്ന പാട്ടുകൾക്ക്‌

തോണിക്കാരന്റെ പാട്ട്‌

കടവുവിട്ട്‌ എങ്ങും-

പോകുന്നില്ല.

മെരുക്കി വളർത്തിയ

നായയുടെ ശീലമല്ല ശീലിന്‌.

ഉറക്കുപാട്ടോ ഉണർത്തുപാട്ടോ

കേട്ട്‌ കൂടെ പാടാൻ

തോണിക്കാരനും പോയില്ല.

ഒഴുക്കുപാട്ടാണോ?

ഉഴക്കരിക്കുളള ഒഴുക്കൻപാട്ട്‌

നിലാവു ചൂടിയ രാത്രിയിൽ

തോണിക്കാരനോടൊപ്പം

തുഴത്തണ്ടിലും വളളപ്പടിയിലും

കാറ്റോട്‌ വെളളമെറ്റിയങ്ങനെ.

വെളുപ്പിന്‌ സൂര്യൻ കണ്ണാടിപിടിച്ച്‌

കണ്ണഞ്ചിപ്പിക്കുമ്പോൾ കൈമറച്ച്‌

തണ്ടുപിടിക്കുമ്പോൾ വളളക്കാരന്‌

വായ്‌ത്താരിയിൽ ഒരു നീട്ട്‌.

ജിവിതമിങ്ങനെ-ഒഴുക്കോടും

ഒഴുക്കിനെതിരെയും സ്വതന്ത്രം.

മറഞ്ഞുപോകുന്ന പുഴകളുടെ

ലളിതഗാനം ആരുമറക്കും?

Generated from archived content: poem5_may28.html Author: sasidharan_kundara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here