ബുദ്ധൻ ശരണം

സിദ്ധാർത്ഥനും സീമയും സ്‌റ്റേഷനിലെ തിരക്കിൽ നിന്ന്‌ ഒഴിഞ്ഞുമാറി നടന്നു. കൂട്ടുകാരൻ ഏർപ്പെടുത്തിയ തൽകാല താവളത്തിലെത്തിയപ്പോഴേക്കും രണ്ടുപേരും തളർന്നു പോയിരുന്നു.

രാവും പകലുമറിയാതെ സ്നേഹത്തിന്റെ ഊഷ്മളത പരസ്പരം ചൊരിഞ്ഞു രണ്ടുപേരും. വാക്കിലും നോക്കിലും തേന്മഴ. അവളുടെ ചുണ്ടുകൾ തേൻകിണ്ണമായി. പട്ടുകിടക്കയേക്കാൾ മാർദ്ദവമേറിയ അവന്റെ നെഞ്ചിലവൾ അലിഞ്ഞു ചേർന്നു. കാറ്റിന്റെ വേഗതയിൽ അടർന്ന ദിനങ്ങൾ, കാലിയായ പേഴ്‌സ്‌.

സ്വന്തമായൊരു താവളം, തൽക്കാലം വാടകയ്‌ക്ക്‌. പിന്നെ ഒരു വീട്ടിലേയ്‌ക്കാവശ്യമായ അത്യാവശ്യം സാധനങ്ങൾ. എല്ലാറ്റിനും പ്രധാനം ജോലി. സിദ്ധാർത്ഥന്റെ തല പുകയാൻ തുടങ്ങി.

രായ്‌ക്കുരാമാനം കാമുകിയേയുംകൂട്ടി നാടുവിട്ടപ്പോൾ, വർണ്ണച്ചിറക്‌ വിടർത്തി പൂവാടിതോറും പാറിപ്പറന്ന്‌ നടന്ന്‌ തേനുണ്ണുന്ന ശലഭങ്ങൾ മാത്രമായിരുന്നല്ലോ ജീവിതം.

തളർന്നുറങ്ങുന്ന കാമുകിയെ നോക്കി സിദ്ധാർത്ഥൻ വീണ്ടും വീണ്ടും ആലോചനയിലാണ്ടു. സ്‌കൂളിൽ പഠിച്ചത്‌ വെറുതെയായില്ലെന്നവനു തോന്നി.

ബോധിവൃക്ഷച്ചുവടുമന്വേഷിച്ച്‌ കാലൊച്ച കേൾപ്പിക്കാതെ നടന്നു നീങ്ങുമ്പോൾ കാമുകിയുടെ സ്വർണ്ണാഭരണങ്ങൾ തന്റെ കൈയ്യിൽ ഭദ്രമല്ലേ എന്ന്‌ ഒരുവട്ടം കൂടി ഉറപ്പുവരുത്തി സിദ്ധാർത്ഥൻ !

Generated from archived content: story4_jan01_07.html Author: sarala_madhusoodhanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here