കുറ്റവാളി

ദയ അർഹിക്കുന്നില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഹർജിയിൽ ഒപ്പുവെച്ചത്‌. പ്രസിഡന്റ്‌ അതു പരിഗണിച്ചില്ല എന്നറിയുംവരെ കരളിൽ കനലായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത കൗമാരത്തെ കശക്കിയെറിയവെ കണ്ണിൽ കത്തിനിന്നത്‌ കാമമായിരുന്നുവോ?

തടവറയുടെ ഇരുണ്ട ഇടനാഴിയിലേക്കുനോക്കി. കാലം കൺമുമ്പിൽ മരവിച്ചുനിൽക്കുംപോലെ. ഏറിയാൽ രണ്ടുമണിക്കൂർ. ഈ ലോകത്തുതങ്ങാൻ നീക്കിവെച്ചിരിക്കുന്ന രണ്ടുയുഗങ്ങൾ!

ഇടനാഴികൾ ഉണരുന്നതും തടവറ തുറക്കപ്പെടുന്നതും നിർവ്വികാരതയോടെ അറിഞ്ഞു.

‘വരു’. സൗമ്യമായ ക്ഷണം.

തൂക്കുമരത്തിനു മുന്നിൽ നിവർന്നുനിന്നു. മുഖത്തിനുനേരെ കന്യകാത്വം നഷ്‌ടപ്പെടാത്ത കൊലക്കയർ. അതിന്റെ ആകൃതിയും പുതുസുഗന്ധവും വന്യമായ വികാരത്തെ വീണ്ടും ഉണർത്തുന്നുവോ?

മൂടിക്കെട്ടിയ ശിരസ്സിനുമീതേ കുരുക്കുവീഴവെ കൗമാരകാമനയുമായി അഭിരമിക്കുന്ന സുഖാനുഭൂതിയിലേയ്‌ക്ക്‌ ഒരു മടക്കം.

Generated from archived content: story4_dec.html Author: sanku+cherthala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here