സത്യശീലൻ അങ്ങനെയാണ്. പ്രത്യേകിച്ചു കാരണമൊന്നും വേണ്ട ഭാര്യയുമായി കലഹിക്കാൻ. അന്നും അതു സംഭവിച്ചു. അത്താഴം കഴിക്കാൻ കൊണ്ടുവച്ച ചോറിനകത്ത് ഒരു മുടിനാര്. എടുത്തുകളഞ്ഞിട്ട് കഴിക്കേണ്ട കാര്യമേയുള്ളൂ. അയാൾ ചോറും പാത്രവുമെടുത്ത് വെളിയിലേയ്‌ക്ക് ഒരേറ്! പുറത്ത് കാത്തുനിന്ന പട്ടിക്കും പൂച്ചയ്‌ക്കും കുശാൽ.
മൂധേവി…..! വായിൽ തോന്നിയതൊക്കെ സത്യശീലൻ വിളിച്ചുപറഞ്ഞു. മാധവി അതൊന്നും കേട്ടതായി ഭാവിച്ചില്ല. തന്റെ വീതം അടുക്കളയിൽ ഇരുന്നു കഴിച്ചു. പാത്രം കഴുകി കമഴ്‌ത്തി. അടുക്കള അടച്ചുവന്നുകിടന്നു.
നല്ല വിശപ്പുണ്ടായിരുന്നു. അന്നേരത്തെ ദേഷ്യത്തിന് ചെയ്‌തതാണ്. സത്യശീലന് ഇരിക്കപ്പൊറുതിയില്ലാതായി. നേരം വെളുക്കാൻ എത്രയോ മണിക്കൂർ. സുഖമായുറങ്ങുന്ന ഭാര്യയെ സത്യശീലൻ ശത്രുവിനെപ്പോലെ നോക്കി. അവളുടെ മുടിയാണിതിനൊക്കെ കാരണം. വെച്ചേക്കില്ല ഞാൻ…..! ഉറക്കം വരാതിരുന്ന സത്യശീലൻ മാധവിയുടെ മുടി മുഴുവൻ മുറിച്ചുനീക്കി. പിന്നെ സുഖമായികിടന്നുറങ്ങി.
Generated from archived content: story2_feb10_11.html Author: sanku+cherthala