അയാള്‍ ഒരു വായനാ പ്രിയനായിരുന്നു ഭാര്യ മറിച്ചും. അദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ അയാള്‍ക്കാധിയായി, അമ്മയേപ്പോലെയാകുമോ തന്റെ കന്നിക്കിടാവ്? ആരായില്ലെങ്കിലും മകനെ വായന ഭ്രാന്തനാക്കരുതെന്ന് അവളുടെ പെണ്മനസും ഉറച്ചു. ഓരടി വച്ച് ഈരടി വച്ച് മകന്‍ അകത്തളത്തിലും തുടര്‍ന്ന് വായനാമുറിയിലും പ്രവേശിക്കുന്നത് പിതാവ് ഉള്‍പ്പുളകത്തോടെ കണ്ടു. കോട്ടയംകാരുടേയും കോഴിക്കോടുകാരുടേയും ബാലപ്രസിദ്ധീകരണങ്ങളോട് അയാള്‍ക്ക് അലര്‍ജിയായിരുന്നു. അവ ശൈശവഭാവനയേയും കാമനകളേയും ശവപ്പറമ്പാക്കും. ആകയാല്‍ വിഭാണ്ഡകമുനി മകനായ ഋഷ്യശൃംഗനെ പെണ്ണുടല്‍ കാണാതെ വളര്‍ത്തിയതു പോലെ ബാലപ്രസിദ്ധീകരണങ്ങള്‍ കണ്ണില്‍പ്പെടാതെ അയാള്‍ മകനെ കാത്തു. പകരം പഞ്ചതന്ത്രവും ഈസോപ്പു കഥകളും ആലീസിന്റെ അത്ഭുത ലോകവും അവന്റെ പഠന മുറിയില്‍ കരുതി വച്ചു. മകന്റെ ദൃഷ്ടിയില്‍ പെടാതെ അവ ഒളിപ്പിക്കുക അവള്‍ക്ക് പണിയായി.
‘’ ആരാണച്ഛാ കസ്ബയും അഫ്സല്‍ ഗുരുവുമൊക്കെ ? എന്തിനാ അവരെ തൂക്കിക്കൊന്നത്?’‘
ഒരു നാള്‍ മകന്‍ അച്ഛനെ കറക്കി. എങ്കിലും അവന്റെ പൊതുവിജ്ജാന തൃഷ്ണ അയാളെ ഉത്സാഹിപ്പിക്കാതെയിരുന്നില്ല. നമ്മുടെ സ്വൈര്യ ജീവിതവും സമാധാനവും കെടുത്താന്‍ പുറപ്പെട്ട കൊടും ഭീകരരല്ലേ അവര്‍…?
” എന്നാലും അവരുടെ തന്റേടം സമ്മതിക്കണം , ഇല്ലേ അച്ഛാ?’‘
അതു പറയുമ്പോള്‍ മകന്റെ ചെറുനയനങ്ങള്‍ തിളങ്ങുന്നത് അയാളെ ഭയപ്പെടുത്തി.
Generated from archived content: story1_mar7_14.html Author: sanku_cherthala