കേരളത്തിലെ സമാന്തര പുസ്തക പ്രസാധകരിൽ പ്രതീക്ഷയുണർത്തി നാല് വർഷങ്ങൾക്കു മുൻപ് കൊല്ലത്ത് ജന്മമെടുത്ത മലയാള പുസ്തക പ്രസാധക സംഘം (മാപ്‌സ്) പിളരുമെന്ന് അറിയുന്നു. സംഘടന എന്ത്? എന്തിന്? എങ്ങനെ? എന്ന് ചിന്തിക്കുമ്പോഴാണ് പിളർപ്പ് അനിവാര്യമാകുന്നതെന്ന് പിരിഞ്ഞുപോകുന്നവർ പറയുന്നു. നാല്പതോളം പ്രസാധകരുമായി പ്രവർത്തനം ആരംഭിച്ച സംഘടനയിൽ നിന്നും പലരും പിരിഞ്ഞുപോയി. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സംഘബോധമില്ലാതെ സംഘടന വെറും ഘടനയായി നിലനിന്നുവെന്നതാണ്. കേരളത്തിലെ സമാന്തര പുസ്തക പ്രസാധകർക്ക് സംഘടനയിൽ അംഗത്വമെടുത്തതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. പ്രമുഖ പ്രസാധകരുടെ പുസ്തക വിതരണ നയങ്ങളിൽ പ്രതിഷേധിച്ച് പുതിയ സംഘടനയ്‌ക്ക് രൂപം കൊടുത്തവർക്ക് പുസ്തകവിതരണത്തിനുള്ള പുതിയ വഴികൾ കണ്ടെത്തുന്നതിൽ ഒന്നും ചെയ്യാനായില്ല. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ തുടക്കമിട്ട ജനകീയ പുസ്തകമേള ജില്ലാതല മേളയായി മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചപ്പോൾ ചില ജില്ലകൾ പുസ്തകമേളയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല. പ്രസ്തുത സ്ഥലങ്ങളിൽ, ലൈബ്രറി കൗൺസിലുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്ക് മേളകൾ സംഘടിപ്പിക്കുവാൻ സാധിച്ചുവെങ്കിലും ജില്ലാ കൗൺസിലുകൾ നിശ്ചയിക്കുന്ന ഭീമമായ വാടക ക്രമീകരിക്കുവാനോ, അതിനെതിരെ പ്രസാധകരെ ഒരുമയോടെ അണിനിരത്തുവാനോ സംഘടനയ്‌ക്ക് സാധിച്ചില്ല. ഫലത്തിൽ അത് ചില ജില്ലാ ലൈബ്രറി കൗൺസിലുകൾക്ക് പണമുണ്ടാക്കുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. (ഉദാഃ കണ്ണൂർ, പാലക്കാട്) പുസ്തകമേളയിൽ പങ്കെടുക്കാത്ത അംഗമായ പ്രസാധകന്റെ പുസ്തകങ്ങൾ വില്പനയ്‌ക്ക് സ്വീകരിക്കുവാനോ, പുസ്തകങ്ങൾ പരസ്പരം കൈമാറുന്നതിനോ സംഘടനയിലുള്ളവരിൽ പലരും ഒരുക്കമല്ല. ഇത്തരമൊരു സംഘടനകൊണ്ട് പിന്നെ എന്തു പ്രയോജനമാണുള്ളത്? സ്വന്തം പുസ്തകങ്ങൾ മാത്രം വിറ്റുതീർക്കാനുള്ള വഴികൾ അന്വേഷിച്ച് സംഘടനയിലെ ഓരോ പ്രസാധകനും പരക്കം പായുമ്പോൾ സംഘടനയ്‌ക്ക് എന്താണ് ക്രിയാത്മകമായി നിർവ്വഹിക്കാനുള്ളത്? ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ സംഘടന രൂപംകൊള്ളാൻ പോകുന്നത്.
Generated from archived content: essay3_jun28_07.html Author: sangeetha