ഹൃദയം കൊണ്ടെഴുതിയ കവിതകൾ

കവികളെ ഉളളതിനെയെല്ലാം പറ്റിയെഴുതുന്നവരെന്നും ഉളളിൽതട്ടി എഴുതുന്നവരെന്നും രണ്ടായി വേർതിരിക്കാം എന്നു തോന്നുന്നു. കവിവേഷമണിയുന്നവർ ഏറെയാവുമ്പോൾ യഥാർത്ഥകവികളെ തിരിച്ചറിയാനും പ്രയാസം. ഉളളിൽതട്ടി എഴുതുന്ന കവിതകളാണ്‌ വായനക്കാരന്റെ ഉളളിലും തളളിനിൽക്കുന്നത്‌. ഈ ഇനത്തിൽപ്പെടുത്താവുന്ന സവിശേഷ മുദ്രകളും ഹൃദയത്തിന്റെ കയ്യൊപ്പും ഉളള ഏതാനും കവിതകളാണ്‌ രാജൻ കൈലാസിന്റെ ‘ബുൾഡോസറുകളുടെ വഴി’ എന്ന സമാഹാരത്തിലുളളത്‌.

കമ്മ്യൂണിസത്തിന്റെ ചുവപ്പുകൊണ്ടാണ്‌ തെച്ചിയും, ചെമ്പരത്തിയും ഇന്നും ഇവിടെ വിരിഞ്ഞു നിൽക്കുന്നതെന്ന്‌ ഊറ്റം കൊളളുന്ന കവി (വളളികുന്നത്തെ കമ്യൂണിസ്‌റ്റുകൾ) ആഗോളവൽക്കരണത്തിന്റെ പിന്നിൽ പതിയിരിക്കുന്ന അപകടത്തെ മാത്രമല്ല ഇടതുപക്ഷ ജീർണ്ണതകളെയും തുറന്നുകാട്ടുന്നു. ശീർഷക കവിതയായ ‘ബുൾഡോസറുകളുടെ വഴി’യിൽ അധിനിവേശത്തിന്റെ ഭീകരമുഖമാണ്‌ വരച്ചുകാട്ടുന്നത്‌. ആദ്യം ഗ്രാമപാതയൊരുക്കി ബുൾഡോസറുകൾ-പിന്നെ എണ്ണം കൂടിക്കൂടി ഗ്രാമം മുഴുവൻ കൊത്തിനുറുക്കുകയാണ്‌. എല്ലാം നഷ്‌ടമായെന്ന്‌ തിരിച്ചറിയുമ്പോഴേക്കും ‘തലയില്ലാത്ത ജഡം പോലെ’ അനാഥമായിക്കഴിഞ്ഞിരുന്നു ഗ്രാമം. നിസ്സഹായതയുടെ പാരമ്യതയിൽ ഗ്രാമീണർ ബുൾഡോസറുകളെ സ്‌നേഹിച്ചു തുടങ്ങുകയാണ്‌.

ഉറ്റ ചങ്ങാത്തത്തിന്റെ, ഇഴപൊട്ടിയ സൗഹൃദത്തിന്റെ ഹൃദയ സ്‌പന്ദനങ്ങളാണ്‌ വഴികൾ, ശംഖ്‌, കടത്ത്‌ മുതലായ കവിതകളിൽ കാണുന്നത്‌. മൈക്കിൾ ജാക്‌സനെ സ്വപ്‌നം കണ്ട്‌ എയിഡ്‌സിനെ വാരിപ്പുണരുന്ന നഗരജീവിതത്തിന്റെ വിഹ്വലമായ ചിത്രമാണ്‌ ‘നരിമാൻ പോയിന്റ്‌’ എന്ന കവിത. നരിയും മാനും കൂട്ടുകൂടിക്കളിക്കുന്ന, കൊക്കും കുയിലും പൂവാലിപ്പശുവും പാട്ടുപാടിത്തിമർക്കുന്ന മറ്റൊരു ‘നരിമാൻ’ പോയിന്റ്‌ കാണിച്ചുകൊടുക്കുന്ന കവി ഇവിടെ-നമ്മുടെ മക്കൾക്ക്‌ തുറന്നു വയ്‌ക്കേണ്ടതായ മറ്റൊരു കവാടം. ഉപ്പ്‌, കോവളം, ഗുരു, പുതുവായ്‌മൊഴികൾ, അക്ഷരപ്പാലം, മോർച്ചറി, ജാതകം, നീ, മണംപുരട്ടൽ തുടങ്ങി ശ്രദ്ധേയമായ 29 കവിതകളുടെ ഈ സമാഹാരം സാക്ഷിയാക്കി ഒരു കാര്യം അനുവാചകന്‌ വിശ്വസിക്കാം. കവിതയുടെ നല്ല അക്ഷരം കൈമുതലായുളള ഈ കവി മലയാളകവിതയുടെ പുത്തൻ പ്രതീക്ഷകളിൽ ഒന്നാണ്‌. അതുകൊണ്ടുതന്നെയാവണം 2003-ലെ ഡോ.കെ.ദാമോദരൻ പുരസ്‌കാരം ഈ കൃതിക്കു ലഭിച്ചതും.

ബുൾഡോസറുകളുടെ വഴി

രാജൻകൈലാസ്‌, ഫേബിയൻ ബുക്‌സ്‌, നൂറനാട്‌, വില – 40 രൂപ

Generated from archived content: book1_dec.html Author: sangeetha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here