സാഹിത്യത്തിന്റെ വിത്താണ് അക്ഷരം; സാഹിത്യ അക്കാഡമി അക്ഷരത്തിന്റെ വിളഭൂമിയും. അതാണ് സങ്കല്‍പ്പവും യാഥാര്‍ഥ്യവും. പാടങ്ങളെല്ലാം കയ്യേറി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമ്പോലെയോ വിമാനത്താവളമാക്കുമ്പോലെയോ ഉള്ള ഒരു കടുംകൈ അക്കാഡമിയിലും വേണമോ? വിത്തു വിളയേണ്ടിടത്തു രാഷ്ട്രീയം വിളഞ്ഞാല്‍ അതിലും വലിയ സാംസ്‌കാരിക ദുരന്തം മറ്റെന്ത്?
ശ്രീപത്മനാഭസ്വാമി എന്‍ഡോവ് മെന്റ് പ്രൈസ് എന്ന പേരില്‍ ചിരകാലമായി ബാലസാഹിത്യത്തിനു നല്‍കിവന്ന പുരസ്‌കാരം വര്‍ഗീയമെന്നു പ്രഖ്യാപിച്ച് നിര്‍ത്തി. ഒരു വലിയ അക്ഷര സന്തോഷമായിരുന്ന ‘വിദ്യാരംഭം’ വര്‍ഗീയമെന്നു കരുതി നിറുത്തി.
സാഹിത്യ അക്കാഡമി സ്ഥിതിചെയ്യുന്നത് തൃശൂരിലാണോ വത്തിക്കാനിലാണോ അതോ സൗദി അറേബ്യയിലാണോ എന്നതാണ് അറിയാനുള്ളത്. അഥവാ അനേകം ബ്ലേഡു കമ്പനികള്‍ അരങ്ങുവാഴുന്ന തൃശൂരില്‍ത്തന്നെ ഇങ്ങനെയൊരു കെട്ടിടത്തില്‍ വോട്ടു ബാങ്ക് നടത്തുന്നതാണ് ബുദ്ധി എന്നു കരുതിയിട്ടോ..?
രാഷ്ട്രീയം സംസ്‌കാരമാണ്, ധിക്കാരമല്ല. ധിക്കാരം നീണാള്‍ വാഴില്ല. പലനാള്‍ കള്ളം ഒരു നാള്‍ പുറത്താവും. ജനം എല്ലാം തിരിച്ചറിയും. ഉപജാപങ്ങളില്‍പ്പെട്ട് അടിഞ്ഞുകൂടുന്ന താത്കാലിക നിരക്കാരുടെ തീരുമാനം എത്രനാള്‍? ഒന്നും കുടുംബസ്വത്തല്ല. അടുത്തവന്‍ വരുമ്പോള്‍ ഇറക്കിവിടും. തിരസ്‌കരിക്കപ്പെട്ട പുരസ്‌കാരം പൂര്‍വാധികം കരുത്തോടെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലേ.. ? അഭിമാനികളായ മുന്‍ തീരുമാനക്കാര്‍ ആരും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല.
വിദ്യയുടെയും അക്ഷരത്തിന്റെയും അന്ത്യമല്ല ‘ വിദ്യാരംഭ’മാണ് അക്കാഡമിയില്‍ വേണ്ടത്. വിവരമുള്ളവര്‍ അത് പുനരാരംഭിക്കുമെന്നു കരുതുന്നു.
Generated from archived content: essay1_oc6_13.html Author: s.rameshan.nair