ഞാനിപ്പോൾ എന്റെ ക്ലാസ്സിലെ തത്തക്കുട്ടിയാണ്. തുഞ്ചൻപറമ്പിലെ തത്തപോലെയാണെന്ന് ധരിയ്‌ക്കരുത്. കൂട്ടുകാർ അരുതാത്തത് ചെയ്യാൻ തുടങ്ങുമ്പോൾ ഞാൻ ഉപദേശം തുടങ്ങും.
വായനയിൽ നിന്ന് കിട്ടിയതും അച്ഛനും അമ്മയും ഓർമ്മിപ്പിക്കാറുള്ളതുമായ കുറേ തത്ത്വങ്ങൾ അവർക്കു പറഞ്ഞു കൊടുക്കും. അപ്പോൾ അവർ എന്നെ ‘തത്തകുട്ടി’ എന്ന് വിളിക്കും.
ആ കളിയാക്കൽ ഞാൻ ഒരു പദവിയായി കണ്ട് അതിനെ തത്തക്കുട്ടിയാക്കി മാറ്റിയതാണ്. ഈ സംഭവം ഞാൻ അച്ഛനോട് പറഞ്ഞപ്പോൾ ‘തത്ത്വമസി’ എന്ന് പറഞ്ഞ് എന്നെ ചെക്ക് മേറ്റാക്കി. സംസ്‌കൃതം പാഠപുസ്തകത്തിൽ തത്വമസിയുടെ അർത്ഥം ‘അതു നീയാകുന്നു’ എന്ന് ആണെന്ന് ഞാൻ പഠിച്ചിട്ടുണ്ട്.
ഈ തത്വം നിനക്ക് നന്നായി മനസ്സിലാകണമെങ്കിൽ നീ ഇനിയും വളരണം എന്ന് അച്ഛൻ പറഞ്ഞപ്പോൾ കൂടുതൽ സംശയം ആയി.
സുകുമാർ അഴീക്കോടിന്റെ പുസ്തകം ‘തത്വമസി’യും ശബരിമല സന്നിധാനത്തിൽ എഴുതിവച്ചിരിക്കുന്ന തത്വമസിയും എന്റെ ‘തത്തക്കുട്ടി’യും എല്ലാം ഒന്നുതന്നെയോ?
Generated from archived content: story2_jun1_07.html Author: rs_radhika