അച്ചു അന്ന് പതിവിലും സന്തോഷവാനായി കണ്ടു. കാരണം ഇന്നാണ് അവന്‍ ആദ്യമായി സ്കൂളിലേക്കു പോകുന്നത് . തൊട്ടടുത്ത ഗവണ്മെന്റ് സ്കൂളില്‍ ഒന്നാം ക്ലാസിലേക്ക്.
സ്കൂളിന്റെ അന്തരീക്ഷവും കുട്ടികളും അധ്യാപകരും അവനെ വല്ലാതെ ആകര്‍ഷിച്ചു . അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ എല്ലാവര്‍ക്കും സൗജന്യ യൂണിഫോം നല്‍കുന്ന കാര്യം പറഞ്ഞു. പുത്തന്‍ യൂണിഫോം അണിഞ്ഞ് സ്കൂളിലേക്കു പോകാന്‍ അവനു കൊതിയായി.
രണ്ടാഴ്ച കഴിഞ്ഞു യൂണിഫോമിനെ കുറിച്ച് യാതൊരു അനക്കവുമില്ല. പിന്നെയുള്ള ഓരോ ദിവസവും യൂണിഫോമിനു കാത്തിരിപ്പായി. അങ്ങനെ ഓണപ്പരീക്ഷയുമെത്തി . പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചു. സ്കൂള്‍ തുറന്നു. യൂണിഫോം എത്തിയില്ല .ഓണക്കോടി ഉടുത്തു മടുത്തപ്പോള്‍ യൂണിഫോം ഇടാന്‍ മനസ്സു കൊതിച്ചു. അങ്ങനെ വീണ്ടൂം ആഴ്ചകള്‍ കടന്നു പോയി. വീടുകളിലെല്ലാം നക്ഷത്രങ്ങള്‍ തൂങ്ങി ക്രിസ്മസും എത്തി.
‘എന്താ അമ്മേ യൂണിഫോം വരാത്തെ?” അവന്‍ തിരക്കി . അമ്മ മൗനം പാലിച്ചു. അങ്ങനെ ഓരോ വിശേഷങ്ങള്‍ കടന്നു പോയി…
അന്ന് സ്കൂള്‍ മുറ്റത്തു ഒരു വാന്‍ വന്നു നിന്നു. എന്തൊക്കെയോ സാധങ്ങള്‍ ഓഫീസിനകത്തു കൊണ്ടു വച്ചു. പിറ്റെ ദിവസം പേരു വിളിച്ചു കുട്ടികള്‍ക്ക് ഓരോ പൊതി നല്‍കി. അച്ചുമോന്‍ വാങ്ങി ഒന്ന്. അവന്‍ പൊതിയിളക്കി നോക്കി. ഹായ് യൂണിഫോം. വൈകുന്നേരം അവന്‍ ആഹ്ലാദത്തോടെ വീട്ടിലേക്കോടി.
”അമ്മേ ദേ നോക്കിയേ ” അമ്മ പൊതിയഴിച്ചു നോക്കി ” വേഗം തയ്ക്കണം എനിക്ക് സ്കൂളിലിടേണ്ടേ?”
” ഇനി അടുത്ത വര്‍ഷം തയ്ച്ചിടാം മോനേ, ഇന്നു നിന്റെ സ്കൂളടച്ചു ”
അടുത്ത അദ്ധ്യായന വര്‍ഷത്തെ സ്ക്കൂള്‍ തുറപ്പിനായി വീണ്ടും അച്ചു കാത്തിരുന്നു . എന്നാലും യൂണീഫോമേ……
Generated from archived content: story1_dec15_13.html Author: raji_dinesh