ചെപ്പിൽ കടലൊതുക്കുന്ന കൈയൊതുക്കം

ഭാഷയിലെ നിരൂപണ വിമർശന പഠനഗ്രന്ഥങ്ങളുടെ വായന ക്ലേശകരമായ വായനാനുഭവമാണ്‌ അനുവാചകന്‌ നൽകുന്നത്‌. പ്രിയപ്പെട്ടവരെ ഉയർത്തിക്കാട്ടാനായി മാത്രം (ഒപ്പം സ്വകീയ താല്‌പര്യങ്ങൾ നേടാനും) മറ്റുളളവരെ ഇകഴ്‌ത്തിക്കാട്ടാനാണ്‌ ഈ രംഗത്തുളള ഭൂരിപക്ഷം രചയിതാക്കളുടെയും ശ്രമം. ദുർഗ്രഹതയും സംസ്‌കൃതപദബഹുലതയും സൃഷ്‌ടിച്ച്‌ അനാവശ്യ പാണ്‌ഡിത്യപ്രകടനം നടത്താനുളള രചനാ വ്യായാമവും കാണാം. സാഹിത്യകൃതികളുടെ മൂല്യവും സത്തയും പുനരാലോചനയ്‌ക്ക്‌ വിധേയമാക്കുകയോ, സാഹിത്യ വിദ്യാർത്ഥികൾക്ക്‌ വഴി കാട്ടുന്നതോ ആയ നിരൂപണ വിമർശന പഠന ഗ്രന്ഥങ്ങൾ വിരളമാകുന്നു.

‘ഡോ. ട.​‍ിആർ. രാഘവന്റെ ’പൊൻപേനയിലും വിഷം‘ എന്ന വിമർശന പഠനഗ്രന്ഥം പ്രസക്തമാകുന്നതിവിടെയാണ്‌. പ്രതിഭയും സമൂഹവും, വിലയിരുത്തൽ, വ്യക്തിചിത്രങ്ങൾ എന്നീ മൂന്നുഖണ്‌ഡങ്ങളിൽ പതിനാറ്‌ ലേഖനങ്ങൾ സമാഹരിച്ചിരുന്നു. സർഗ്ഗാത്മക രചനയിലെ ആശയസാദൃശ്യം, പൊൻപേനയിലും വിഷം എന്നീ രചനകൾ ഏറെ വിവാദമുണ്ടാക്കാവുന്നവയാണെങ്കിലും ഗ്രന്ഥകാരൻ നിർമ്മമതയോടെ യാഥാർത്ഥ്യങ്ങളുടെ നേരെ വെളിച്ചം കാട്ടുന്ന ദാർശനിക കാഴ്‌ചപ്പാടാണ്‌ അവലംബിക്കുന്നത്‌. കഥ, കവിത, നോവൽ, നാടകം, സിനിമ എന്നിങ്ങനെ എല്ലാ സർഗ്ഗാത്മക മേഖലകളെക്കുറിച്ചുമുളള ലേഖനങ്ങൾ പുസ്‌തകത്തെ സമ്പന്നമായ വായനാനുഭവമാക്കുന്നു. ബഷീർ, ഒ.വി.വിജയൻ, എം.ടി., മുണ്ടശ്ശേരി, മാരാർ തുടങ്ങിയവരെപ്പറ്റിയുളള കാഴ്‌ചപ്പാടുകൾ പുതുമയുളളതും, സാഹിത്യ വിദ്യാർത്ഥികൾക്ക്‌ ഏറെ സഹായകവുമാണ്‌. സത്യജിത്‌റായ്‌, നിത്യചൈതന്യയതി, സാർതൃ, കേരളീയൻ എന്നിവരുടെ സമഗ്ര സംഭാവനകളെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നത്‌ ’ചെപ്പിനുളളിൽ കടലൊതുക്കുന്ന കൈയൊതുക്കത്തോടെയാണ്‌.‘

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഗവേഷണബിരുദം നേടിയ ഡോ.ടി.ആർ. രാഘവന്റെ ’പനിനീർ പൊയ്‌കതൻഹൃദയം‘ പോലെ തെളിയുന്ന ഭാഷാശൈലി വായനക്കാരനെ നിലാവിലൂടെ നടക്കുന്ന അനവദ്യമായ അനുഭവം സമ്മാനിക്കുന്നു.

മലയാള വിമർശനശാഖയിൽ സമീപകാലത്തെ ശ്രദ്ധേയമായ പുസ്‌തകാണ്‌ ’പൊൻപേനയിലും വിഷം‘

പൊൻപേനയിലും വിഷം, വിമർശനപഠനം, ഡോ. ടി.ആർ.രാഘവൻ, സൈന്ധവബുക്‌സ്‌, കൊല്ലം. വില – 80 രൂപ.

Generated from archived content: book_feb10_06.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here