എന്റെ ഗ്രാമം വള്ളിക്കുന്നം. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റം. നെൽവയലുകളും തെങ്ങിൻതോപ്പുകളും ചെറുതോടുകളും പൂക്കൈതകളും ചെമ്മൺപാതകളും ഒക്കെ നിറഞ്ഞുനിന്ന വശ്യസുന്ദരമായ ഒരു ഉൾനാടൻ ഗ്രാമം. വയലുകൾ ഇഷ്ടികക്കളങ്ങളായും തെങ്ങിൻതോപ്പുകൾ റബ്ബർ തോട്ടങ്ങളായും ചെമ്മൺപാതകൾ ടാറിട്ട റോഡുകളായും മാറുമ്പോൾ ഈ ഗ്രാമത്തിന്റെ മുഖം മാത്രമല്ല ശരീരവും മനസ്സുമാകെ മാറിമറിയുകയാണ്. ചെമ്മണ്ണും ചെങ്കല്ലുംകൊണ്ട് സമൃദ്ധമായിരുന്ന ഈ ഭൂപ്രദേശത്തുനിന്നും താപനിലയത്തിനും നാഷണൽ ഹൈവേയ്‌ക്കും വേണ്ടി ഒരു നിയന്ത്രണവുമില്ലാതെ മണ്ണെടുത്തതു കാരണം വലിയവലിയ കുഴികളായി മാറിയിരിക്കുന്നു നല്ലൊരു ഭാഗം കൃഷിഭൂമിയും. ചേനയും ചേമ്പും മരച്ചീനിയും വാഴയും എള്ളും കൂവരകും പയറും ഒക്കെ സമൃദ്ധമായി വിളഞ്ഞിരുന്ന എന്റെ മണ്ണ് ഇന്ന് ശതകാല നന്മകളെയോർത്ത് കേഴുകയാണ്. റബ്ബറിന്റെ കടന്നുകയറ്റംമൂലം പല കുടുംബങ്ങളും സാമ്പത്തികമായി മെച്ചപ്പെട്ടുവെങ്കിലും കൂടിവെള്ളത്തിനും ഭക്ഷണത്തിനും ഒരുകാലത്ത് സ്വയം പര്യാപ്തമായിരുന്ന ഈ ഗ്രാമം ഇന്ന് ഇക്കാര്യത്തിൽ ഏറെ ബുദ്ധിമുട്ടുകയാണ്.
കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നാണ് വള്ളിക്കുന്നം. തോപ്പിൽഭാസിയും കാമ്പിശ്ശേരി കരുണാകരനും കേശവൻ പോറ്റിസാറും പുതുപ്പള്ളി രാഘവനും പുതുശ്ശേരി രാമചന്ദ്രനും ഒക്കെ പാർട്ടി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലം. ധീരവിപ്ലവകാരികളായ സി.കെ. കുഞ്ഞുരാമനും, പേരൂർ മാധവൻപിള്ളയും പനത്താഴഗോപാലനും സി.കെ. തേവനുമൊക്കെ ജീവിച്ച നാട്. ശൂരനാട് സംഭവത്തിലെ പ്രധാന പ്രതികളായിരുന്നുവല്ലോ തോപ്പിൽഭാസിയും ചേക്കോട് കുഞ്ഞുരാമനും പുതുപ്പള്ളി രാഘവനും മറ്റും. ഇന്നാട്ടിലെ പ്രധാനപ്പെട്ട ജന്മിമാരിൽ ഒരാളായിരുന്നു തോപ്പിൽഭാസിയുടെ അമ്മാവൻ. മേനിയെന്നൊരു കർഷകതൊഴിലാളിയെ പിരിച്ചുവിട്ടതിനെതിരെ ഭാസിയുടെ നേതൃത്വത്തിൽ അമ്മാവന്റെ വീട്ടിൽനടന്ന ‘മേനിസമരം’ ഏറെ പ്രസിദ്ധമായിരുന്നു. ഒട്ടേറെ ധീരസമരങ്ങളും വിപ്ലവകാരികളുടെ ധന്യജീവിതങ്ങളും നൽകുന്ന ഓർമ്മകളുമായാണ് ഏതൊരു വള്ളിക്കുന്നത്തുകാരനും ലോകത്തെവിടെയായിരുന്നാലും ഇന്നും ജീവിക്കുന്നത് – അതുതന്നെയാണ് ഞങ്ങളുടെ ധെര്യവും പ്രചോദനവും. കമ്മ്യൂണിസ്‌റ്റ് പാർട്ടികൾക്ക് ഇന്നും പ്രാമുഖ്യമുള്ള രാഷ്ര്ടീയാവസ്ഥയാണ് ഇവിടെയുള്ളത്. വള്ളിക്കുന്നത്തിന്റെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് തോപ്പിൽ ഭാസിയായിരുന്നു എന്നതുതന്നെ ഏറെ അഭിമാനത്തോടെയാണ് ഏവരും ഓർക്കുന്നത്.
എഴുത്തുകാർക്കും സാംസ്‌കാരിക പ്രസ്ഥാനങ്ങൾക്കും എന്നും ജന്മഭൂമിയായിരുന്നു ഈ നാട്. ചെറുപ്പകാലത്ത് ഭാസിയും കാമ്പിശ്ശേരിയും പുതുശ്ശേരിയും എന്ന മൂവർസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ബാലസമാജ പ്രവർത്തനങ്ങളും ‘ഭാരതതൊഴിലാളി’ എന്ന കയ്യെഴുത്തു മാസികയുമൊക്കെ ഏറെ പ്രസിദ്ധമാണ്. കേശവൻപോറ്റി സാറും പുതുപ്പള്ളി രാഘവനുമൊക്കെ വിപ്ലവ പ്രവർത്തനങ്ങളുമായി ഇന്നാട്ടിൽ വന്നപ്പോൾ പാർട്ടി മാത്രമല്ല വളർന്നുവന്നത് ബ്രഹത്തായൊരു സാംസ്‌കാരിക പശ്ചാത്തലം കൂടിയാണ്. കെ.പി.എ.സിയുടെ ജനനവും അങ്ങനെയാണ് സംഭവിക്കുന്നത്. തോപ്പിൽഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി നാടകവും കെ.പി.എ.സി.യിലൂടെ പതിനായിരത്തിലധികം അരങ്ങുകളിൽ നിറഞ്ഞുനിന്ന തോപ്പിൽ കൃഷ്ണപിള്ളയും (ഭാസിയുടെ സഹോദരൻ) മറ്റും എന്നെന്നും ജ്വലിക്കുന്ന സ്മരണകൾ തന്നയാണ്.
എഴുത്തിലും നാടകത്തിലും രാഷ്ര്ടീയത്തിലും സാംസ്‌കാരിക രംഗത്തും സജീവമായി നിൽക്കുന്ന ഒരു തലമുറ ഇന്നും വള്ളിക്കുന്നത്തുണ്ട്. നടനും നാടകകൃത്തുമായ എൻ.എസ്. പ്രകാശ്, കഥാകൃത്ത് ഇലിപ്പക്കുളം രവീന്ദ്രൻ, നിരൂപകനായ ഡോ. കെ.എസ്. പ്രകാശ്, കഥാകാരനും ലേഖകനുമായ അലക്സ് വള്ളിക്കുന്നം, കവി രാജു വള്ളിക്കുന്നം, എഴുത്തുകാരായ ഉല്ലാസ് സുകുമാരൻ, പി.ഐ. മിനി, എസ്. സുജ, സഞ്ജയ്‌നാഥ് ഇലപ്പിക്കുളം, നടൻ സത്യൻ വള്ളിക്കുന്നം തുടങ്ങി നിരവധി പേരുകൾ എടുത്തു പറയേണ്ടതു തന്നെയാണ്. പുതിയ തലമുറയിലെ സാംസ്‌കാരിക പ്രവർത്തകർ അടുത്തകാലത്ത് ചേർന്ന് രൂപംകൊടുത്ത ‘ഇവിടം’ സാംസ്‌കാരികവേദി ഈ രംഗത്തെ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കും എന്നും പ്രതീക്ഷിക്കുന്നു.
ഏറെ വള്ളിക്കുന്നത്തുകാർ ഗൾഫ് നാടുകളിലുണ്ട്. അവിടെയുള്ള വള്ളിക്കുന്നം പ്രവാസി സംഘടന ഒട്ടേറെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും ക്ഷേമ പരിപാടികൾക്കും ചുക്കാൻ പിടിക്കുന്നുണ്ട്. ഗൾഫ് മലയാളം എന്ന മിനിമാസികയുടെ എഡിറ്റർ വള്ളിക്കുന്നത്തുകാരനായ എം. താഹ എന്ന എഴുത്തുകാരനാണ്.
മാവേലിക്കരയുടെ പാർലമെന്റ് അംഗമായ യുവനേതാവ് ഇന്നാട്ടുകാരിയായ സി.എസ്. സുജാത ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവൾ തന്നെ. നമ്മുടെ മന്ത്രി ജി. സുധാകരൻ വള്ളിക്കുന്നം ഹൈസ്‌ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ലോകപ്രശസ്ത ശാസ്ര്തജ്ഞനും ഇപ്പോൾ ശാസ്ര്തസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഉപാദ്ധ്യക്ഷനുമായ ഡോ. ഇ.പി. യശോധരൻ ഈ നാടിന്റെ അഭിമാന സ്തംഭങ്ങളിൽ ഒന്നാണ്. ഇങ്ങനെ വിവിധ രംഗങ്ങളിൽ ഏറെ പ്രശസ്തരും കേരളത്തിനാകെ അഭിമാനം നൽകുന്നവരുമായ ഏറെ വള്ളിക്കുന്നത്തുകാർ ഇന്നുണ്ട്.
ഏറെ മാറുന്ന ലോകത്തോടൊപ്പം വള്ളിക്കുന്നവും മാറുകയാണ്. നാടൻ പള്ളിക്കൂടങ്ങളും നാടൻ കൃഷിരീതികളും നാടൻ ജീവിതശൈലികളും ഒക്കെ മാറിക്കൊണ്ടിരിക്കുന്നു. പൊതുപ്രവർത്തനം സ്വാർത്ഥവും മലീമസവുമാകുമ്പോൾ വള്ളിക്കുന്നത്തിന്റെ ഭൂതകാല നന്മകളെയോർത്ത് ഞങ്ങൾ നെടുവീർപ്പിടുകയാണ്. ഒരു കവിതയിൽ ഞാൻ കുറിച്ചതുപോലെ ‘മരവിച്ച ഈ ഗ്രാമത്തെ വിപ്ലവം ഇനിയും കയ്യൊഴിഞ്ഞിട്ടില്ല’ എന്നു വിശ്വസിക്കുകയാണ് ഞങ്ങൾ, വള്ളിക്കുന്നത്തുകാർ.
Generated from archived content: essay4_jun28_07.html Author: rajan_kailas
Click this button or press Ctrl+G to toggle between Malayalam and English