സാർത്ഥകം

തുടങ്ങുമ്പോൾ പ്രകൃതിയിൽ നിന്നാവണം എന്നതുകൊണ്ട്‌ മണ്ണിൽ നിന്നു തുടങ്ങാം-അല്ലെങ്കിൽ മരത്തിൽ നിന്നാവാം-

ഈ വർഷം മണ്ണ്‌ അത്ഭുതപൂർവമായ വിസ്‌മയം പകർത്തുന്ന തിരക്കിലായിരുന്നു. മരച്ചീനി ഞങ്ങളുടെ പറമ്പിൽ വിളഞ്ഞ്‌ വലിയ വലിയ സിലിണ്ടറാകൃതിയിൽ-ഒരു രസത്തിന്‌ സ്‌പ്രിംഗ്‌ ബാലൻസ്‌ തൂങ്ങിയത്‌ ഒരു മൂട്‌ കപ്പയിൽ പത്തു കിലോവരെ- വിൽക്കാനിഷ്‌ടപ്പെടാത്ത ഞങ്ങൾ എല്ലാം അയലത്തുകാർക്കും ബന്ധുക്കൾക്കും ഇഷ്‌ടദാനമായി നൽകി. ചെമ്പോട്ടിക്ക-ഞ്ഞാൻ ഈ പദം ആദ്യം കേൾക്കുന്നത്‌ ഈ വീട്ടിലെത്തിയതിനുശേഷമാണ്‌. എന്റെ ഭാര്യാവീട്ടിൽ. ശ്രീമതിയുടെ ബാല്യകാലസ്‌മരണകൾ ചെമ്പോട്ടിക്ക പൊട്ടിച്ച കാലത്തിൽ പഴുത്തും പഴുക്കാതെയും നില്‌ക്കുന്നത്‌ ഞാൻ മൊഴിക്കൂട്ടങ്ങളിലൂടെ ഞാനറിഞ്ഞു. മാധവിക്കുട്ടിയുടെ നീർമാതളം എന്റെ ശ്രീമതിക്ക്‌ ചെമ്പോട്ടിക്കയായിരുന്നു. ഇളം റോസ്‌ നിറമുളള കായകൾ അവളുടെ വിവരണത്തിൽ എന്റെ ഉളളിൽ ചുവക്കുമ്പോഴും നേരിട്ടുകാണാൻ ആ മരം കായ്‌ച്ചിട്ടുവേണ്ടേ? ഞങ്ങളുടെ ദാമ്പത്യം ഒരു വ്യാഴവട്ടക്കാലം പിന്നിടുന്ന ഈ വർഷം ചെമ്പോട്ടിക്ക ആദ്യമായി കണ്ടു. കായ്‌ച്ചു വരുമ്പോൾ ശുഭ്രമുത്തുകൾ കണക്കെ ഹരിതാഭയുടെ പശ്ചാത്തലത്തിൽ തിളങ്ങി. അവ മൂത്തുവരുമ്പോഴേക്കും നിറമായി തുടങ്ങും. ചാമ്പയ്‌ക്ക വർഗ്ഗത്തിൽപ്പെട്ട മരത്തിലെ കായ്‌കൾ ഒരു ക്രിക്കറ്റ്‌ പന്തു വലിപ്പത്തിൽ അടി മുതൽ മുടിവരെ ആ മരത്തിൽ ആരോ ഒട്ടിച്ചുവച്ചതുപോലെ (കൃത്രിമമായി) അടരാൻ വെമ്പിനിന്നു. വവ്വാലുകൾ രാത്രി അവ തട്ടിയിടാൻ വരുന്നതറിഞ്ഞ്‌ അവയെ തുരത്താൻ പ്ലാസ്‌റ്റിക്‌ കവറുകൾ കൂട്ടിത്തുന്നി ഓരോ ശാഖകളിലും കെട്ടിവച്ചതും ഞാൻതന്നെ. ശ്രീമതിയുടെ അമ്മയുടെ നിർബന്ധത്താൽ. ആ അമ്മയുടെ ചുറ്റുമുളള പ്രകൃതിയെയാണ്‌ ഞാൻ ആദ്യവരിയിൽ പ്രകൃതിയെന്ന്‌ വിളിച്ചത്‌. തിങ്കളാഴ്‌ച നല്ല ദിവസത്തിൽ പത്മരാജൻ ചിത്രീകരിച്ച അമ്മ വീടിന്റെ പിന്നാമ്പുറത്തിൽ പുരയിടത്തിലെ മാവിനോടും പ്ലാവിനോടും സംസാരിച്ചുനിൽക്കുന്ന രംഗം ഓർക്കുക-എന്റെ ഈ വിവരണത്തിന്‌ ആ പത്മരാജൻ എത്ര സഹായമാണ്‌ ചെയ്‌തുതരുന്നത്‌? അതിനാൽ ഞാൻ വിസ്‌താരം കുറയ്‌ക്കുന്നു.

പത്മരാജന്‌ അത്‌ സ്വന്തം അമ്മയും, പ്രകൃതി മുതുകുളത്തെ സ്വന്തം തറവാടുമായിരുന്നു എന്ന്‌ പലർക്കുമറിയില്ല. എറെ കഥയിൽ എന്റെ ഭാര്യയുടെ അമ്മയ്‌ക്ക്‌ ആ ചിത്രത്തിലെ ദുര്യോഗം ഒന്നുമുണ്ടായില്ല. പക്ഷേ അമ്മയുടെ അന്ത്യനാളുകളിൽ പ്രകൃതിയും മണ്ണും ഞങ്ങളോട്‌ വല്ലാതെ സംവദിക്കുകയായിരുന്നു. ആ വർഷം ചെമ്പോട്ടിയ്‌ക്ക പൂത്തതും-കായ്‌ച്ചതും-മരച്ചീനി, ചേന തുടങ്ങി ഭൂകാണ്‌ഢങ്ങൾ അതിഭീമൻമാരായി അമ്മയ്‌ക്ക്‌ കാണാനായി അവതരിച്ചതും. ഈ ഭൂകാണ്‌ഡം ഉപേക്ഷിച്ച്‌ പോകാൻ വിധിവിഹിതം രേഖപ്പെടുത്തിയ ഓരോ സമൻസായി അമ്മയ്‌ക്ക്‌ മുമ്പിൽ അവ എത്തുകയായിരുന്നു എന്ന്‌ അമ്മയ്‌ക്ക്‌ അറിയാമായിരുന്നോ? അങ്ങിനെതന്നെയെന്ന്‌ ഞങ്ങൾക്ക്‌ പിന്നീടുതോന്നി. അമ്മയെ സംസ്‌ക്കരിച്ചതിനുശേഷം അമ്മയുടെ പെട്ടിയും അലമാരയും തുറക്കുമ്പോഴാണ്‌ ബോധ്യമാവുന്നത്‌. ഞങ്ങൾ വാങ്ങിക്കൊടുത്ത സാരികളോ ബ്ലൗസ്‌ പീസുകളോ ഉപയോഗിക്കാതെ അടുക്കി അടുക്കിവച്ചിരുന്നു.

ഈ വർഷം എനിക്ക്‌ നഷ്‌ടപ്പെട്ടത്‌ മനസ്സിനെ സ്വാധീനിച്ച കുറെ വ്യക്തിത്വങ്ങളെ ഒന്നിച്ച്‌. മലയാളത്തിലെ അത്യപൂർവ്വ വ്യക്തിത്വങ്ങൾ വിടപറഞ്ഞ വർഷമാണിത്‌. വി.കെ.എന്നും, ഇ.കെ.നായനാരും. അതേവർഷം ഈ വേർപാടും സ്വകാര്യനഷ്‌ടമായിത്തീർന്നു. ഇഷ്‌ടപ്പെട്ടയാളുടെ മരണം മുഖ്യവിഷയമായി എഴുതുമ്പോൾ എഴുതുന്നയാളനുഭവിക്കുന്ന മനഃസംഘർഷം, പിന്നെ എഴുതിത്തീരുമ്പോള്‌ തോന്നുന്ന മനസ്സിന്റെ ഭാരം ലഘൂകരിക്കപ്പെടുന്നത്‌ ഇവയൊക്കെ വിവരിക്കാൻ ഭാഷാലിപികൾ മതിയാവില്ല. ലിപികൾക്കിടയിൽ കുറെ ചിഹ്നങ്ങൾ വരച്ചുചേർത്ത്‌ വായനക്കാരെ വിഡ്‌ഢികളാക്കുന്ന കഥാകാരൻമാരും എഡിറ്റർമാരും വർദ്ധിച്ചുവരുന്നത്‌ വായനക്കാർ സഹതാപത്തോടെ കാണുന്നു. ഇതിനിടയിലാണ്‌ എന്റെ ഈ സന്താപം സ്വന്തമായി ഒന്ന്‌ കടലാസിലാക്കാൻ ശ്രമിക്കുന്നത്‌. ഞാൻ ഉദ്ദേശിച്ചതും മനസ്സിലെ വികാരവും പകർത്താൻ മേൽപ്പറഞ്ഞ വരികൾക്കായില്ലെങ്കിൽ ഭാഷയുടെയോ എഡിറ്ററുടെയോ എന്റെയോ കുറ്റമായി കാണുമെന്നതാണ്‌ നിരൂപകരുടെ ശക്തി.

ആദ്യ കഥകൾ മോശമാണെന്നു ഏതോ നിരൂപകൻ പറഞ്ഞതറിഞ്ഞ്‌ എഴുത്തുനിറുത്തി പിന്നീട്‌ സുഹൃത്തൊരാൾ ആവശ്യപ്പെട്ടതുമൂലം കഥകൾ തുടർന്നെഴുതിയ പാറമേൽ അയിപ്പെന്ന ചേറപ്പായിയും വിടപറഞ്ഞതും ഈ വർഷം. 2004 കഴിവുളളവരുടെ അതിജീവനം നടപ്പുനിയമമായതിനാൽ കഥ മോശമാകുമ്പോൾ കഥാകൃത്തുക്കൾ വേവലാതിപ്പെടരുത്‌. ഒന്നുമാത്രം ഓർക്കുക. മരിക്കുമ്പോൾ സ്‌നേഹത്തോടെ ഓർക്കാൻ ഒരാളെങ്കിലും ഉണ്ടാവണം, ഭൂമിയിൽ ബാക്കിയായി ആരുടെ ജീവിതവും സാർത്ഥകമാവാൻ.

Generated from archived content: story6_july.html Author: r_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here