ഒരു രാത്രി, തുള്ളിക്കൊരു കുടംപോലെ മഴ. ഇറങ്ങി വെട്ടുന്ന ഇടിയും മിന്നലും. അമ്മയും അച്ഛനും ഉമ്മറത്ത്, ഞാൻ ഇടനാഴിയിൽ സോഫയിൽ കിടക്കുന്നു മഴ ആസ്വദിച്ചുകൊണ്ട്. ആ നേരത്ത് അമ്മയുടെ കയ്യിലൊരു ചൂലുമുണ്ട്.
പെട്ടെന്ന് ഇടനെഞ്ച് പൊട്ടുമാറ് ഉച്ചത്തിൽ ഒരു ഇടിയും ഒപ്പം ഒരു മിന്നലും. കുറച്ചു നേരത്തേക്ക് എങ്ങും നിശബ്ദത. കറന്റ് പോയിരുന്നു.
‘മാഷിന്റെ വീട്ടിലുള്ളവരേ ഒന്നിവിടെ വരണേ’ എന്നൊരു നിലവിളി. എവിടെ നിന്നാണെന്ന് ആദ്യം മനസിലായില്ല. പിന്നീട് മനസിലായി തൊട്ടടുത്ത വീട്ടിൽ നിന്നാണെന്ന്.
ഞാനും അനിയനും ഓടി. ഇറങ്ങിവെട്ടുന്ന ഇടിയെ അവഗണിച്ചുകൊണ്ട് ചെന്നുനോക്കുമ്പോൾ ഭീകരമായിരുന്നു കാഴ്‌ച. അവിടുത്തെ അമ്മയെ താങ്ങി അച്ഛൻ ഇരുന്ന് നിലവിളിക്കുന്നു. മക്കളെല്ലാവരും കൂട്ടക്കരച്ചിൽ, അതിനിടെ ഏട്ടനെ കാണാനില്ലെന്ന് പറയുന്നത് കേട്ടു. ഞാൻ മുറ്റത്തേക്ക് ഓടി. അതിലും ഭീകരമായിരുന്നു അത്, അവനെ ഞാൻ കോരിയെടുത്ത് എന്റെ കൈത്തണ്ടയിൽ കിടത്തി ബോഡിയിലെ ചൂട് നഷ്ടപ്പെട്ടിരുന്നില്ല.
നാക്ക് കടിച്ചുപിടിച്ചിരുന്നു. അത്താഴം കഴിഞ്ഞ് കിണ്ടിയുമായി കൈ കഴുകാൻ ഇറങ്ങിയതാണവൻ. പോയി.
എല്ലാം ശാന്തം. ഒരു കല്യാണവീട്ടിൽ നിന്നും ചോറുണ്ണാതെ വീട്ടീൽ അമ്മ കാത്തിരിക്കും എന്ന് പറഞ്ഞിറങ്ങിയതായിരുന്നു അവൻ.
അതിനുശേഷം എന്റെ അമ്മ ഇന്നും ഇടിമിന്നലുണ്ടായാൽ ഒരു ഈർക്കിലെങ്കിലും കയ്യിൽ പിടിക്കും. അമ്മ ഇപ്പോഴും വിശ്വസിക്കുന്നത് ആ ചൂലാണ് അമ്മയെ രക്ഷിച്ചതെന്ന്. അമ്മ അങ്ങനെ ആശ്വസിക്കട്ടെ.
Generated from archived content: story1_dec26_07.html Author: r_radhakrishnan