ഓ, ഇതെന്റെ അച്ഛന്‍

കഥ വരുന്ന ഓരോ വഴിയേ.. വെറുതെയിരുന്നാല്‍ മതി കഥ വരും. ജീവനോടെ ജീവിതമുള്ള ജൈവകഥകള്‍!

കഥയില്ലായ്മയായി പുതിയതരം കഥകള്‍- സെമിനാര്‍ പേപ്പര്‍പോലെയും ഉപക്രമമവും ഉപസംഹാരവുമായി കഥാ പീസുകള്‍

പ്രണയം കുടയാണ്, പ്രണയം വടിയാണ്, കുടക്കമ്പിയാണ് എന്നു എഴുതിയ ആധുനിക കവിത പോലെയും കഥ പോലെയും എന്തോ ഒക്കെ. എന്‍ട്രോപ്പി, എന്‍താല്‍പ്പി, തെര്‍മോ ഡൈനാമിക്‌സ്, കുന്തിയാന, നാനോ ടെക്‌നോളജി തുടങ്ങി അറിയാത്ത സംജ്ഞകള്‍ തിരുകിയ ടൈറ്റിലുകളായി കഥകള്‍.. കുന്തിയാനയെ അന്വേഷിച്ചപ്പോഴാണ് നീലക്കുറിഞ്ഞിച്ചെടിയുടെ ബോട്ടാണിക്കല്‍ പേരിലെ ഒരംശം ആണെന്നറിഞ്ഞത്.

നിറമാലയും വാകച്ചാര്‍ത്തും കഴിഞ്ഞാണ് നിര്‍മാല്യം അത്തരം കഥകളില്‍! ഉദയാസ്തമയം വരെ ഉടുതുണിയില്ലാതെ നിര്‍മാല്യ ദര്‍ശനം.. വായനക്കാരുടെ നിര്‍മാല്യം കണ്ട് രണ്ടു കഥയെഴുത്തുകാര്‍ കളിയാക്കുന്നുണ്ടാകും..

‘നിനക്കൊന്നും അറിയില്ല… കാരണം നീ വെറും ….. കതുട്ടിയാണ്’ മോഹന്‍ലാല്‍ നാട്ടുരാജാവായി പറഞ്ഞപോലെ.. ബി. മുരളിയും ഇന്ദുഗോപനും വായനക്കാരോട് മീശ പിരിച്ചു പറഞ്ഞു.

കഥയുടെ ചായക്കൂട്ടുകള്‍ ചേര്‍ത്ത് കുന്തിയാനയായി ഇരിക്കുമ്പോള്‍ ‘കഥ’ എന്ന മാഗസിന്റെ പരസ്യം.. പൂക്കളില്‍ നിന്നു പരാഗരേണു പോലെ, ചന്ദനത്തിരിയുടെ പുകച്ചുരുളിലെ നീണ്ടു ചുരുണ്ട പാതയിലൂടെ പല കഥകളുടെ സംജ്ഞകള്‍- പരാജയകഥ, അണിയറക്കഥ, അരങ്ങിന്‍ കഥ, വിവാഹക്കഥ, വേര്‍പിരിയല്‍ കഥ, ജീവകഥ, മരണകഥ, കൊച്ചുകഥ, വല്യേകഥ, തെമ്മാടിക്കഥ, ഭക്തിക്കഥ, കാര്‍ട്ടൂണ്‍കഥ, ഫോട്ടോക്കഥ, ചിത്രകഥ, വിചിത്ര കഥ, ഋജുകഥ, ആത്മകഥ, അപരകഥ, കെട്ടുകഥ, വട്ടുകഥ, പ്രണയ കഥ, പാപക്കഥ, രാക്കഥ, പകല്‍ക്കഥ, ഇ മെയില്‍ കഥ, എസ് എം എസ് കഥ, രതിക്കഥ..

ഇതിലില്ലാത്ത കഥ എഴുതാനാകുമെങ്കില്‍ കഥയുടെ പരസ്യക്കാരനെയും ഞെട്ടിക്കണം- തിരക്കഥ പോലെയായാല്‍ സിനിമയും സീരിയലും ആകും. അതാവണ്ട- ഒരു വീഡിയോ കഥയായി മാറണം..

കഥ വീഡിയോ ആയി രൂപാന്തരം പ്രാപിക്കരുത്. കഥ തുടങ്ങാം.. മുഴുവന്‍ ഇരുട്ട്.. ഘോരാന്ധകാരം..

ഇമേജുകള്‍ വിഡിയോയില്‍ നിന്നു പേപ്പറില്‍ എത്തിയപ്പോള്‍ കരിമഷി വീണപോലെ പേപ്പര്‍ കറുത്തുപോയി. ഇരുട്ടല്ലേ… ഇനി വെളുത്ത പേനകൊണ്ടു വേണം അതിലെഴുതാന്‍.. (വേണ്ടാത്ത വായന വേണ്ട… വായനക്കാരാ)

മുറിയുടെ ഭിത്തിയില്‍ താഴെയായി ഫിറ്റ് ചെയ്ത സീറോ വാട്ട് ലാംപ് (അങ്ങനെയൊരു ലാംപില്ല.. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ എന്ന് നിരൂപകര്‍ വാദിക്കരുത്.. ഏതു ബള്‍ബിനും ഇത്തിരിപ്പോന്ന വാട്ട് ഉണ്ടാകും.. ഇത്തിരി വാട്ടവും)

ലൈറ്റിട്ടത് കഥയെഴുത്തുകാരന്‍- കട്ടിലില്‍ കിടന്നുറങ്ങുന്നത് അയാളുടെ മൂന്നുവയസായ അക്ഷരം പഠിച്ചിട്ടില്ലാത്ത മകള്‍.. അവള്‍ ഉറങ്ങുന്നത് രണ്ടാം മമ്മിയെ കണ്ടു കഴിഞ്ഞാണ്.. രണ്ടാനമ്മയെ എന്നു തെറ്റിദ്ധരിപ്പിക്കാന്‍ കഥാകാരന്‍ ബോധപൂര്‍വം ശ്രമിച്ചതാണ്. മമ്മി-2 എന്ന ഇംഗ്ലീഷ് ഹൊറര്‍ ചിത്രം- തന്റെ കാല്‍പെരുമാറ്റം കേട്ടു അവള്‍ ഞെട്ടിയുണര്‍ന്നു പേടിച്ചു നിലവിളിക്കാന്‍ തുടങ്ങി.ആ നിലവിളിയിലെ ഭീകരതയും ദൈന്യതയും പകരാന്‍ മലയാളം വാക്കുകള്‍ക്കായോ? അല്ലെങ്കില്‍ സ്‌ക്രീമിങ് എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ അതിന്റെ ദൈന്യത ഡോള്‍ബി സംവിധാനത്തില്‍ വായനക്കാര്‍ക്കു അനുഭവിക്കാനാകും. അരണ്ട വെളിച്ചത്തില്‍ മുഖം തെളിയാതിരുന്നതിനാല്‍ അച്ഛനെ തിരിച്ചറിയാതെ അവള്‍ വീണ്ടും പേടിച്ചു കരഞ്ഞു. തന്റെ മുഖം ഇനി ഭീകരമായി മാറിക്കഴിഞ്ഞോ എന്നു തിരിച്ചറിയാതിരുന്ന അയാള്‍ക്കു സംശയം ബലപ്പെട്ടു. തന്റെ മുഖം കഥയെഴുത്തിന്റെ സമയത്ത് മൊത്തം വായനക്കാരെ കടിച്ചുകീറാനായി മറ്റൊരു വ്യാളീമുഖം എടുത്തണിഞ്ഞിരുന്നോ? തന്റെ മുഖം മകള്‍ കാണേണ്ട എന്നു കരുതി അയാള്‍ വായിച്ചു കൊണ്ടിരുന്നതും കൈയിലുണ്ടായിരുന്നതുമായ സാഹിത്യ മാസികയെടുത്ത് മുഖം മറച്ചു…

മാസികയുടെ പുറംചട്ട കണ്ടപാടെ മകള്‍ ചിരിച്ചു.. ‘ ഓ, ഇറ്റീസ് യൂ ഡാഡ്?’

ബെഡില്‍ നിന്നു എഴുന്നേറ്റു പുതപ്പ് വലിച്ചെറിഞ്ഞ് ഓടിയടുത്തെത്തി.. മുഖമടക്കം മാസികയടക്കം കെട്ടിപ്പിടിച്ച് അവള്‍ ഉമ്മവച്ചു.. തന്റെ വീട്ടില്‍ മാത്രം കാണുന്ന അധികം സര്‍ക്കുലേഷനില്ലാത്ത സാഹിത്യമാസികയുടെ മുഖചിത്രം കണ്ട് വളരെ ചിരപരിചിതയെന്നപോലെ അവള്‍ ചിരിച്ചു. അച്ഛനെ തിരിച്ചറിയാന്‍ മാസികയുടെ പുറംചട്ട! ഈ കഥ ഏതില്‍പ്പെടും?

കഥാകാരന്‍ കഥയില്ലാത്ത കുട്ടിയെന്ന് അക്ഷരമുറ്റത്തെത്താത്ത മകളെ തെറ്റായി ധരിച്ചതില്‍ മനംനൊന്ത് ഒന്നു ചിരിച്ചു.. മകളെ നോക്കി, ആശ്വാസമായി…

Generated from archived content: story1_july22_13.html Author: r-radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English