നമ്മുടെ അറിവില്‍ ഡോക്ടര്‍മാര്‍ മൂന്നു തരം ഉണ്ട്. വൈദ്യരംഗത്തെ ഡോക്ടര്‍മാര്‍, പി എച്ച് .ഡി എടുത്ത് ഡോക്ടര്‍ ആയവര്‍, മൂന്നാമത്തെ വിഭാഗം ഓണററി ഡോക്ടറേറ്റ് കല്പ്പിച്ചു നല്‍കപ്പെട്ടവര്‍. ഈ മൂന്നു വിഭാഗത്തിലും തെറ്റായി മെസേജ് നല്‍കുന്ന ഓരോരുത്തരുടേയും പ്രവര്‍ത്തി കാണുക. ഈ മൂന്നു ഡോക്ടര്‍മാരേയും വിശ്വസിക്കാതിരിക്കാന്‍ അതിന്റേതായ കാരണങ്ങളുണ്ട്. പക്ഷെ ഇതിനൊക്കെ പിന്നിലെ കാരണങ്ങള്‍ ഇനി എങ്ങനെ ഈ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കണം എന്നതിനുള്ള ഉപായങ്ങളൊന്നും മലയാളി ചര്‍ച്ചക്കു വയ്ക്കുന്നില്ല.
ഡോക്ടര്‍ – ഒന്ന്
ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങരയില്‍ ഒരമ്മ മരിച്ചിട്ട് നാല്പ്പത്തഞ്ചു ദിവസം ആരുമറിഞ്ഞില്ല. അവര്‍ പെറ്റു വളര്‍ത്തിയ മകന്‍ ഡോക്ടറടക്കം. കമ്മ്യൂണിക്കേഷന്‍ ഇത്രയും വികാസം പ്രാപിച്ച ഈ ദശകത്തില്‍ അമ്മ അമകനേയോ മകന്‍ അമ്മയേയോ ബന്ധപ്പെടാനുള്ള ഏറ്റവും ചെറിയ ഇടവേള നാല്പ്പത്തഞ്ചു ദിവസം അല്ല അതില്‍ കൂടുതലാണെന്നു തെളിയിക്കുന്നു. ഒരു അമ്മയെ വിശ്വസിക്കാത്ത ഈ ‘മകന്‍ ഡോക്ടറെ’ നാം രോഗികള്‍ എങ്ങെനെ വിശ്വസിക്കും?
മനുഷ്യപ്പറ്റില്ലാത്ത ഒരു ഡോക്ടറെ കാണുമ്പോള്‍ ഭയക്കുന്നുണ്ടോ? നാട്ടുകാരായ രോഗികള്‍ ഇല്ലെങ്കില്‍ ഭയക്കണം പല ഡോക്ടറ്മാര്‍ക്കും ശ്രദ്ധയോടെ കേള്‍ക്കുക എന്ന സ്വഭാവം തിരക്ക് കൂടുമ്പോള്‍ ഇല്ലാതാവുന്നു. അമ്മയെപ്പോലും ശ്രദ്ധയോടെ കേള്‍ക്കുക ഒഴിവാക്കിയിരിക്കുന്നു. ഇത് ഡോക്ടര്‍മാരില്‍ മാത്രം ഒതുങ്ങിയതല്ല സമൂഹത്തില്‍ ഏറ്റവും പ്രമുഖ സ്ഥാനം കിട്ടാനായി പഠനകാലം മുഴുവന്‍ ഹോമിച്ചവരാണല്ലോ ഇവര്‍?
ഡോക്ടര്‍ – രണ്ട്
പ്രൊഫഷണല്‍ കോളേജിലൂടെ വൈദ്യ ബിരുദം നേടിയ ഡോക്ടറല്ല ഈ ഡോക്ടര്‍ ഗായകന്‍ എം ജി ശ്രീകുമാര്‍ നിര്‍മ്മിച്ച ആദ്യ ചിത്രത്തിനു തിലകന്‍ ദേവദാസി സ്ത്രീയായി അഭിനയിച്ച ( തിലകന്റെ അവസാന ചിത്രം ആണെന്ന് തോന്നുന്നു) എന്ന പ്രത്യേകത മാത്രമല്ല ഹിജഡകളുടെ ജീവിതം മലയാളത്തില്‍ ചിത്രീകരിച്ച ചിത്രം കൂടിയാണിത്. മണിയന്‍ പിള്ള രാജുവും മനോജ് കെ ജയനും പെണ്‍ വേഷം കെട്ടിയ അപൂര്‍വ ചിത്രം. അര്‍ദ്ധനാരി എന്ന ചിത്രത്തിന്റെ കഥ തിരക്കഥ സം വിധാനം ചെയ്തത് ഒരു ഡോക്ടറാണ്. ലോകസിനിമാപഠനത്തില്‍ പി എച്ച് ഡി നേടിയ ഡോക്ടര്‍ സന്തോഷ് സൗപര്‍ണ്ണികയാണീ സിനിമയുടെ സംവിധായകന്‍.
ഇദ്ദേഹത്തിന്റെ തിരക്കഥയിലെ ഒരു രംഗം ശ്രദ്ധിക്കുക. കൊച്ചു പ്രേമന്‍ അധ്യാപകനായി ഭൂമി ശാസ്ത്രം പഠിപ്പിക്കുന്ന രംഗം – ക്ലാസ്സില്‍ അദ്ദേഹം പറയുന്ന സംഭാഷണം ഇങ്ങിനെയാണ്.
ഈ കാണുന്ന ഭാഗം വടക്ക് കാശ്മീര്‍ മുതല്‍ തെക്ക് കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഭൂപ്രദേശമാണ് നമ്മുടെ ഭാരതം. കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രം വടക്ക് തെക്കോട്ടുപോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഹിമാലയ പര്‍വതങ്ങള്‍ ഇതൊക്കെ നമ്മള്‍ പണ്ട് പഠിച്ച കാര്യങ്ങള്‍.
പടിഞ്ഞാറുള്ള അറേബ്യന്‍ കടല്‍ എവിടെ പോയി ഡോക്ടറെ? ഈ സിനിമാ രംഗം ചിത്രീകരിക്കുമ്പോള്‍ അഭിനേതാക്കളടക്കം എത്ര പേരാവും ചുറ്റിലും? ഡബ്ബ് ചെയ്തയാള്‍ തീയേറ്ററില്‍ – പിന്നെ സിനിമ വന്നപ്പോള്‍ മറ്റേ തീയറ്ററില്‍ ഇതു കണ്ട് എത്ര മലയാളികള്‍ അശ്രദ്ധയോടെ വിട്ടതാണീ രംഗം.
ഡോക്ടര്‍ – മൂന്ന്
സര്‍വകലാശാലകള്‍ കല്‍പ്പിച്ചു നല്‍കുന്ന ഡോക്ടറേറ്റ് അലങ്കാരമാക്കുന്നവരാണ് ഈ വിഭാഗം. നമ്മുടെ ഏവര്‍ക്കും പ്രിയങ്കരനായ ഡോ. കെ ജെ യേശുദാസും പാട്ടിന്റെ കോപ്പിറൈറ്റ് വിവാദം ഏറ്റെടുക്കുന്നതു കാണുമ്പോള്‍ നാം വിശ്വസിക്കുന്നു. മഹത്വം കല്‍പ്പിക്കുന്നവര്‍ പോലും സാധാരണക്കാരിലും താഴെയാവുന്നില്ലേ? ഓരോ പാട്ടും ഓര്‍മ്മയിലെ മാധുര്യമാകുമ്പോള്‍ നാം അതേറ്റു പാടുമ്പോള്‍ ഇവരൊക്കെ അനുഭവിക്കുന്ന ചാരിതാര്‍ത്ഥ്യത്തിന് മറ്റുള്ളവര്‍ കാശുകൊടുക്കണമോ? ഓരോ ചെറിയ വാദ്യവും വായിക്കുന്നവര്‍ വരെ ഒരു പാട്ടിന്റെ ഭാഗമാകുമ്പോള്‍ ഗായകന്‍ മാത്രം പകര്‍പ്പവകാശത്തിന് അവകാശവാദം ഉന്നയിക്കുന്നത് സാമാന്യ രീതിക്കു എതിരല്ലേ?
വായനക്കാര്‍ക്ക് ഇതോടു ചേരുന്ന പക്ഷം ചിന്തിക്കാന്‍ ഇതിലെ വിദ്യാഭ്യാസ രംഗത്തിലെ അവസ്ഥ വിശേഷങ്ങള്‍ കൂടി ചേര്‍ത്ത് ഈ നിരീക്ഷണം അവസാനിപ്പിക്കാം.
പുതിയ പ്രൊഫഷണല്‍ കോളേജുകളില്‍ യൂണിഫോം വരെ ഏര്‍പ്പെടുത്തി അച്ചടക്കത്തിന്റെ പേരില്‍ പിഴയടപ്പിക്കുന്ന സ്വാതന്ത്ര്യം കൊടുക്കാത്ത സംഭവങ്ങള്‍ എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും അറിയാം. 20 വയസ്സ് കഴിഞ്ഞവരുടെ മനസ്സില്‍ നിന്ന് നിറങ്ങള്‍, സ്വതന്ത്ര ചിന്തകള്‍, ഭാവനകള്‍, മനുഷ്യപ്പറ്റ് ഒക്കെ നാം ഇറക്കിവിട്ടുകഴിഞ്ഞു.
ക്ലാസ്സില്‍ പഠിപ്പിക്കുന്നതല്ല പഠിപ്പ് എന്ന് നാം എന്ന് തിരിച്ചറിയും? നാഴികയ്ക്കു നാല്‍പ്പതുവട്ടം ഈശ്വരസേവ, മൂല്യങ്ങള്‍, ഗുരുഭക്തി ഒക്കെ ചേര്‍ത്ത് സംസാരിക്കുന്നവര്‍ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് അകലെ പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടേ?
Generated from archived content: essay1_oct25_13.html Author: r-radhakrishnan