മണ്ണിൽ ഹരിതാഭ കാക്കുന്നവർ ഞങ്ങൾ
കണ്ണീർക്കടൽ നീന്തിയേറുന്നവർ
സ്വർണ്ണക്കൂടത്തിലെ രത്‌നജാലം വന്നു
പോന്നവർ കക്കാതെ കാക്കുന്നവർ
മോഹനഗോപുരം തീർക്കുന്നവർ-അതി
മോഹങ്ങളില്ലാതെ പാർക്കുന്നവർ
തീരങ്ങൾ തീർത്ത് തളരാത്തവർ-ഏറെ
ദൂരമിനിയും നടക്കേണ്ടവർ
അക്ഷരമന്ത്രത്തിൻ തൂലികയാൽ നിത്യം
വിസ്‌മയലോകം രചിക്കുന്നവർ
ഇന്നലെയന്തിയുറങ്ങിയ ഞങ്ങൾക്ക്
ഇന്നിനിമേലിടം നൽകില്ലെന്നോ!
ഇന്നലെയോളവും നാവ് നനച്ചിട്ട്
ഇന്നിനിമേൽ നീരും നൽകില്ലെന്നോ!
ഞങ്ങൾക്കൊരുതുളളിവെട്ടം തരൂ-‘രാത്രി
യെത്തുംവരെയും വെളിച്ചം തരാം’
ഞങ്ങൾക്കൊരു തുളളിവെളളം തരൂ-‘മഴ
പെയ്യുമ്പോൾ തുളളികുടിക്കാൻ തരാം’
ഞങ്ങൾക്കിനി പ്രാണവായുവുണ്ടോ-‘വിഷം
തിങ്ങും കരിമ്പുകയല്‌പ്പം തരാം’
ഞങ്ങടെ നക്ഷത്രസ്വപ്‌നങ്ങളെങ്കിലും
കാർമുകിൽ കൊണ്ടാരും മൂടരുതേ
തിങ്കൾ നിലാവിന്റെ നാളങ്ങളെ മെല്ലെ
നിങ്ങൾ വന്നൂതിക്കെടുത്തരുതേ
വെട്ടം തിളയ്‌ക്കുന്ന സൂര്യനായും പല-
വട്ടം തിരയിടും സാഗരമായ്
കാറ്റായ് വരും ഞങ്ങൾ, ദാനമായി
വാക്കുമാത്രം തരും തമ്പുരാനേ!
Generated from archived content: poem15_apr.html Author: punthalathazham-chandrabos
Click this button or press Ctrl+G to toggle between Malayalam and English