ഓണം ഓർമ്മയായ്‌

എങ്ങുപോയോണപ്പാട്ടുകളെങ്ങുപോയ്‌

എങ്ങുപോയോണക്കാഴ്‌ചകളെങ്ങുപോയ്‌

എങ്ങുപോയോണപൂവിളിയെങ്ങുപോയ്‌

എങ്ങുപോയോണക്കൂട്ടങ്ങളെങ്ങുപോയ്‌.

വെറ്റയും തിന്ന്‌ മുറ്റത്തിരിക്കുന്ന

വെളളമുത്തശ്ശി ഓണത്തിനോർമ്മയായ്‌

എങ്ങുമാഹ്ലാദമാഘോഷന്നാളിൽ

എല്ലാർക്കുമോണഹൃദയത്തിനുത്സവം

അമ്മയ്‌ക്കോണമന്നച്ഛനുമോണമായ്‌

അമ്മിണിക്കും തൻ മക്കൾക്കുമോണമായ്‌

തുമ്പിക്കോണമായ്‌ തുമ്പക്കുമോണമായ്‌

തുളളിയോടുന്ന കാറ്റിനുമോണമായ്‌

പൂവിളിക്കുന്നിതുണ്ണികൾ മുറ്റത്ത്‌

പൂക്കളംതീർത്ത്‌ പൂപ്പൊലിപാടുന്നു

ആമോദത്തോടെയൂഞ്ഞാലിലാടുവാൻ

ആയതാക്ഷിമാർ മാഞ്ചോട്ടിൽകൂടുന്നു

എങ്ങുപോയൊരാ മാവേലിപ്പാട്ടുകൾ!

എങ്ങുപോയൊരാനല്ലോണനാളുകൾ!

Generated from archived content: poem10_oct1_05.html Author: punthalathazham-chandrabos

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here