മൂന്നു പതിറ്റാണ്ടിലേറെയായി പ്രവാസജീവിതം നയിക്കുന്ന കവി ചേപ്പാട് സോമനാഥന്റെ പുതിയ കവിതാ സമാഹാരമാണ് “കാലം സാക്ഷി”. പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും സ്‌പന്ദനങ്ങൾ കാത്ത് സൂക്ഷിക്കുന്ന കവിമനസ്സിന്റെ വ്യത്യസ്‌ത ദൃശ്യങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. സമീപകാല സമൂഹത്തിന്റെ ദുരവസ്ഥ കാണുമ്പോൾ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത പ്രക്ഷോഭങ്ങൾ അനിവാര്യമാണെന്ന് കവി അടിവരയിട്ട് പറയുന്നു. ഈ ചെറുത്ത് നിൽപ്പിന് കണ്ണും കാതും തുറന്ന് കരുതിയിരിക്കാൻ കവി നടത്തുന്ന ആഹ്വാനം വളരെ പ്രസക്തമാണ്.
കവിതയ്‌ക്ക് സ്വീകരിച്ചിരിക്കുന്ന വിഷയങ്ങൾ ഓരോന്നും പഠനത്തിനും പരിശോധനയ്‌ക്കും വിധേയമാക്കിയിട്ടുണ്ടെന്നത് എടുത്ത് പറയത്തക്കതാണ്. ആത്മഹത്യയെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ-‘സാഡിസ്‌റ്റുകളും രാഷ്‌ട്രീയക്കാരും ആത്മഹത്യ ചെയ്യുക വിരളമാണല്ലോ.’ വിശദമായ പഠനത്തിലൂടെ മാത്രമേ ഇങ്ങനെ ഒരു നിരീക്ഷണം നടത്താൻ കഴിയൂ. ആത്മാർത്ഥതയുളള ഏത് കവിയെയും പോലെ സോമനാഥനും വർത്തമാനകാലത്തെപ്പറ്റി ഉത്‌കണ്‌ഠപ്പെടുന്നു.
“വർത്തമാനപ്പത്രങ്ങളിലെല്ലാം
രക്തക്കറ പുരണ്ടിരിക്കുന്നു
അക്ഷരങ്ങളഗ്നിനേത്രങ്ങളായി
കത്തിജ്വലിച്ചുനിൽക്കുന്നു” (അഗ്നിനേത്രങ്ങൾ)
തനിക്ക് കവിതയെന്താണെന്ന് വെളിവാക്കുന്ന ‘കിളിവാതിൽ’ എന്ന കവിത ഹൃദ്യാനുഭൂതി പകർന്നുതരുന്നതാണ്.
“കഴുമരങ്ങളുടെ പിഴുതെറിയപ്പെട്ട
നാമ്പുകളാണ് കവിത
അറവുശാലകളിലെ രക്തക്കുഴലുകളുടെ
നിറക്കൂട്ടാണ് കവിത” (കിളിവാതിൽ)
ഈ സമാഹാരത്തിലെ നിന്ദിതന്റെ ഗീത, ആരാന്റെ മുല്ല, ഭൂമിയിലെ സ്വർഗ്ഗം, ഒരു പ്രണയഗീതം, മൊഴികൾ, കാലം സാക്ഷി തുടങ്ങിയ കവിതകളും മികച്ച രചനകളാണ്. “കാലം സാക്ഷി” നല്ല വായനയ്‌ക്ക് പ്രേരണ നൽകാൻ പര്യാപ്‌തമായ കാവ്യപുസ്‌തകമാണെന്ന സത്യം ആവർത്തിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
കാലം സാക്ഷി (കവിതകൾ)
ചേപ്പാട് സോമനാഥൻ
പാമ്പുങ്ങൽ പബ്ലിക്കേഷൻസ്, മുംബൈ
വില – 30.00
Generated from archived content: book1-feb.html Author: punthalathazham-chandrabos
Click this button or press Ctrl+G to toggle between Malayalam and English