കവിതയുടെ നിർവ്വചനങ്ങളിൽ കാലഘട്ടത്തെ തൊട്ടറിയുന്നത് എന്നൊരർത്ഥമുണ്ട്. പോയകാലത്തിന്റെ തുടിപ്പുകളേറ്റ് വാങ്ങി വർത്തമാനത്തിന്റെ അഗ്നിപഥങ്ങൾ കടന്ന് നാളെയുടെ ഇരുൾമുഖങ്ങളിലേക്ക് വെളിച്ചമിറ്റിക്കുന്നതാണ് ഉത്തമ കവിധർമ്മം. ഇത് നിരുപമ പാടവത്തോടെ നിർവ്വഹിക്കുന്ന ശ്രീകുമാർ മുഖത്തലയുടെ പ്രഥമ കവിതാ സമാഹാരമാണ് ‘ബോധോദയം’.
താഴോട്ട് താഴോട്ട് വളർന്ന് നീരിന്റെ മർമ്മം തിരയുന്നതും രാവുറങ്ങുമ്പോൾ ഉറങ്ങാത്തതുമാണ് തനിക്ക് കവിതയെന്ന് ആമുഖ പ്രസ്‌താവം നടത്തുന്ന ശ്രീകുമാർ.
വേരിൽ നിന്നെന്നെയടർത്തായ്‌ക കവിതേ
മണ്ണു കൊണ്ടെന്നെ പുതപ്പിക്ക കവിതേ എന്ന് വിളംബരം ചെയ്യുന്നു.
ഈ സമാഹാരത്തിലെ 22 കവിതകളിൽ യാത്ര, ദൂരഭാഷിണി നിശ്ചലം, ഹിഡുംബി, ബോധോദയം, ബലിമൃഗങ്ങൾ, അരുന്ധതി, പൊൻമുടി, ജാലകം തുടങ്ങിയവ കാലത്തിന്റെ മുദ്രകൾ പതിഞ്ഞവയാണ്.
തീവണ്ടി യാത്രക്കിടയിലെ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറാത്ത പ്രിയ പത്‌നിയോട് കവി ചോദിക്കുന്നു;
“വാതിലൊക്കെയടച്ചതിനുളളിൽ
നാമെത്രകാലം സുരക്ഷിതർ; വീണ്ടു-
മൊരന്ധകാരത്തിലേക്ക് പോകുന്നുവോ” (യാത്ര)
ആർക്കുമാരും ബന്ധുവല്ലാത്ത ഈ പാഴിരുട്ടിൽ കവിയുടെ ചോദ്യം നമ്മുടെ രാഷ്‌ട്ര ഹൃദയത്തിനു നേർക്കുളള ചൂണ്ടു വിരലാണെന്ന സത്യം വായനക്കാരന്റെ ബോധത്തിലേയ്‌ക്കും സംക്രമിക്കുന്നു.
അന്ധകാരത്തെ കവി കൂടുതൽ ഭയക്കുന്നു. കവിതകളിലെ ഇരുളിന്റെ ആവർത്തനം അത് വെളിവാക്കുന്നു. സമസ്‌തൈശ്വര്യങ്ങളും മൂടാൻ തമസ്സെത്തുമ്പോൾ കവിയുടെ വാക്കുകളിൽ തീവ്രമായ വിഹ്വലത നിറയുന്നു.
“ദിക്കുകാട്ടാൻ വെളിച്ചമുണ്ടാകുമോ
നേർവഴിക്കിനി കാറ്റുമുണ്ടാകുമോ
താരകങ്ങൾ തിളങ്ങാത്ത രാത്രിയോ
തീ വെയിൽ കൊണ്ട് പൊളളുന്ന വേളയോ” (ദൂരഭാഷിണി നിശ്ചലം)
ഇനി വരാനിരിക്കുന്ന അന്ധകാരം കവിയെ ഭയപ്പെടുത്തുന്നുവെങ്കിലും മനുഷ്യന്റെ സദ്‌ഗുണങ്ങളും സ്‌നേഹശീലങ്ങളും നഷ്‌ടപ്പെടുമെങ്കിലും ഒടുങ്ങി പോകാത്ത പുലരി കാട്ടിലും പിറന്നേക്കാമെന്ന പ്രത്യാശ നമുക്കു വെളിച്ചം നല്‌കുന്നു.
സമാഹാരത്തിലെ ശീർഷക കവിതയായ ബോധോദയം വേറിട്ട കാഴ്‌ചയാണ് സമ്മാനിക്കുന്നത്. വെളിച്ചത്തിനും ഇരുളിനുമിടയിൽ ജീവന്റെ വേദനയ്‌ക്കുമേൽ ശ്രീബുദ്ധന്റെ ശിരസ്സിലുദിച്ച സൂര്യനെ നിരന്തരം തിരയുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന അന്വേഷണം തന്നെയാണ്. ഇങ്ങനെയാണ് കവിത കാലഘട്ടത്തിന്റെ കണ്ണാടിയാകുന്നത്.
ഗന്ധർവ്വന്റെ പാട്ട് നിലച്ച് അമാവാസിയായ രാത്രിയിൽ തമോബിംബ മൗനമുദ്രകളും കണ്ണീരും തിളയ്‌ക്കുന്ന വേർപ്പുതുളളികളും ഉഷസ്സിലെ അന്ധതയും കാണുമ്പോൾ മണ്ണിലിപ്പോൾ നേരുകൾ പിടയ്‌ക്കുകയാണെന്ന തിരിച്ചറിവിൽ നാമെത്തുന്നു. (തിരിച്ചറിവ്)
മിഴികളും കാതുകളും അടഞ്ഞുപോയ അരമനകളിൽ പിറക്കുന്ന ആജ്ഞകൾ ശിരസ്സിൽ പേറുന്ന, കിരാതമുഷ്‌ടികളും മുഴുത്ത ദണ്‌ഡുകളും മുതുകിൽ വല്ലാതെ പതിക്കുമ്പോൾ ആർക്കോവേണ്ടി നഭസ്സോളം ശവകുടീരങ്ങൾ പണിതുയർത്തുവാൻ തീയിൽ പണിയുന്ന ബലിമൃഗങ്ങളുടെ അനേകമോർമ്മകൾ വിങ്ങലോടെ മാത്രമേ നമുക്ക് പങ്കുവയ്‌ക്കാനാകൂ.
ഗ്രാമങ്ങളിലും പട്ടണങ്ങളിലും അധോലോകം പിടിമുറിക്കിയിരിക്കുന്ന ഈ കാലത്ത് അന്ധകാരത്തെ മാത്രമേ നമുക്ക് സ്വപ്‌നം കാണാനുളളൂ. ആർക്കുമാരെയും വിശ്വാസമില്ല, ആർക്കുമാരും ബന്ധുക്കളുമല്ല, നാം അന്ധകാരത്തിലേക്ക് ആനയിക്കപ്പെടുകയാണ്. താരകങ്ങളുദിക്കുന്ന രാത്രികളും വിളർത്തുപോയ സ്വപ്‌നങ്ങളും വിതുമ്പുന്ന വാക്കുകളും തീർക്കുന്ന അനിശ്ചിതത്വത്തിൽ നാം നമ്മോട് തന്നെ ചോദിക്കുന്നു.
“നാളെ പുലർന്നാൽ പുലർകാല
മഞ്ഞുതുളളിയിൽ സൂര്യനുണ്ടാകുമോ” (ഇരുൾകനവുകൾ)
നാളെ നാം കാണാൻ പോകുന്ന കാഴ്‌ചയുടെ ചിഹ്നങ്ങൾ നിറഞ്ഞതാണ് ഇതിലെ ഓരോ കവിതയും, കൈമിടുക്കുളളവൻ കയ്യടക്കുന്ന കാലമാണിത്. ശ്രീബുദ്ധന്റെ ബോധോദയം അവശ്യം അവശ്യമാണെന്ന വിചാരം വായനക്കാരന്റെ ബോധനിലങ്ങളിൽ സൂര്യോദയം കാത്തിരിക്കുമ്പോൾ അശാന്ത രാത്രികളിൽ നമുക്കുറങ്ങാം. പുലർവെട്ടത്തിന്റെ ചിറകടി കേൾക്കാൻ.
ബോധോദയം (കവിതകൾ),
ശ്രീകുമാർ മുഖത്തല,
വില – 20.00 ,
പാപ്പിയോൺ
Generated from archived content: book-jan.html Author: punthalathazham-chandrabos