അസ്വാതന്ത്ര്യത്തിലും അസമത്വത്തിലും
ആചാരത്തിലും ആഘോഷത്തിലും
ആർഭാടത്തിലും വിശ്വാസമില്ലാത്ത
എനിക്ക്, ഒടുവിൽ വധുവായിവന്നത്
ഒരു ഫെമിനിസ്‌റ്റായിരുന്നു….
സൗന്ദര്യത്തിലും സമ്പത്തിലും
സദാചാരത്തിലും വിശ്വാസമില്ലാത്ത
ഞാൻ, ഒടുവിൽ
അവളെ മണിയറയിലേക്ക്
കൂട്ടിക്കൊണ്ടുപോയി…
നാണവും ശൃംഗാരവും
ലജ്ജാഭാവങ്ങളും
ചലനമറ്റില്ലാതായപ്പോഴാണ്
അവൾ, തന്റെ
സദാചാരബോധത്തെപ്പറ്റിയും
പുതിയ സദാചാരമൂല്യത്തെപ്പറ്റിയും
വാചാലയായത്…!
വിവാഹത്തിന് മുൻപ് യൗവനത്തിന്റെ
ഒരു വസന്തകാലത്ത് തനിക്കൊരമ്മയാകേണ്ടി
വന്നെന്നും, ഇന്നലെവരെ
എന്റെ മാത്രം പ്രതീക്ഷയായിരുന്ന ആ കുഞ്ഞ്
ഇന്നുമുതൽ നമ്മുടേതായാൽ
അത് സദാചാരത്തിന്റെ പുതിയതലം
സൃഷ്‌ടിക്കുമെന്നവൾ പറഞ്ഞുതീരുമ്പോൾ
ഞാൻ, കൂടുതൽ വിയർക്കുന്നുണ്ടായിരുന്നു.
വിയർപ്പണിഞ്ഞ നെറ്റിത്തടത്തിലേക്ക്
അലസമായി കിടന്ന മുടിയിഴകളെ ശ്രദ്ധിക്കാതെ
മുകളിൽ വട്ടമിടുന്ന ഫാനിലേക്ക്
കണ്ണയച്ചു കിടന്ന അവളെ നിർവികാരനായി
നോക്കിയിരുന്ന എന്നെയുംകൊണ്ട് ഭൂമിയേതോ
ഗർത്തത്തിലേക്ക് വീഴുന്നതായി തോന്നി.
Generated from archived content: poem6_june_05.html Author: punavoor_sajeev