അനന്തമുഖമുളള കവിയാണ് പി. കുഞ്ഞിരാമൻ നായർ. ആ കവിതയുടെ സാകല്യദർശനം ഇപ്പോഴും അപ്രാപ്യമായി തന്നെ കിടക്കുന്നു. മരിച്ച പി. ജീവിച്ചിരിക്കുന്ന പി.യെക്കാൾ കൂടുതൽ ശക്തനാണെന്ന് തെളിയിക്കുന്നതാണ് വർത്തമാനകാലം. ഈ ഉത്തരാധുനിക കാലത്തും കാലഹരണപ്പെടാത്ത ആശയങ്ങളുടെ നവലോകം കുഞ്ഞിരാമൻനായരുടെ കവിത അനുഭവങ്ങളായി കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്നു. ഇനിയും അനാവരണം ചെയ്യപ്പെടാത്ത അത്ഭുതപ്രപഞ്ചങ്ങൾ ഈ കവിത ഉളളിൽ ഒളിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ വായനയ്‌ക്കും പുതിയ നിരൂപണത്തിനും ഏറ്റവും വലിയ വർത്തമാന-ഭാവി-കാലസാദ്ധ്യതയാണ് ‘പി’ കവിത. നമ്മുടെ പുതിയ കവികളാവട്ടെ അവരുടെ കാവ്യ പഥസഞ്ചാരത്തിൽ ഏറ്റവും പ്രകാശമുളള വഴിവിളക്കായി കാണുന്നത് ഈ കവിയെത്തന്നെയാണ്. ഈ കുറിപ്പ് എഴുതുന്ന ആളിന്റെ “കുഞ്ഞിരാമൻനായർക്കവിത” എന്ന ഗ്രന്ഥം ഇറങ്ങിയത് 1993-ൽ ആണ്. ഇപ്പോൾ പി.കവിതകൾ പുനർവായിക്കുമ്പോൾ എഴുത്തച്ഛനും ആശാനും ശേഷം മലയാളകവിത കണ്ട ഏറ്റവും വലിയ മിസ്‌റ്റിക് കവിയായി-കാവ്യവിസ്‌മയമായി-കുഞ്ഞിരാമൻനായർ എന്നെ അമ്പരപ്പിക്കുകയാണ്.
2006 മഹാകവി പിയുടെ ജന്മശതാബ്‌ദിയാണ്. ഡോ.സുകുമാർ അഴീക്കോടിനെപ്പോലെയുളള ക്രാന്തദർശികൾ ഇത് പി.യുടെ ജന്മസഹസ്രാബ്‌ദി എന്നു പറഞ്ഞുകളയും. നിത്യതയുടെ വർത്തമാനമാടിയ പി. കവിത തീർച്ചയായും ഒരു ജന്മം കൊണ്ട് നടത്തിയത് സഹസ്രാബ്‌ദങ്ങളുടെ രഥോത്സവങ്ങളായിരുന്നുവെന്ന് സംശയമെന്യെ പറയാം. “മലയാളത്തിൽ തൽസദൃശ്യൻ വേറെയില്ല, ഭാരതീയ സാഹിത്യത്തിൽ ഒരു കാളിദാസനുണ്ട്” എന്ന അഴീക്കോടിന്റെ മൊഴി സ്‌തുതിവചനമല്ല; സത്യത്തിന്റെ വിളംബരമാണ്.
1906 ഒക്‌ടോബർ 25-ാം തീയതി (1082 തുലാം ഒമ്പതാം തീയതി തിരുവോണം നാൾ) കാഞ്ഞങ്കാട്ടിനടുത്തുളള വെളളിക്കോത്ത് പുറവങ്കര കുഞ്ഞമ്പുനായരുടെയും പനയന്തട്ട കുഞ്ഞമ്മയമ്മയുടെയും മകനായി ജനിച്ച കുഞ്ഞിരാമൻനായർ ‘പി’ എന്ന ഏകാക്ഷരിയിൽ വിശ്വകവിതയുടെ മന്ത്രാക്ഷരിയായിത്തീർന്നു. മഹാകവി പി മെമ്മോറിയൽ ട്രസ്‌റ്റ് ഇപ്പോൾ ഒരു വർഷം നീണ്ടുനിൽക്കുന്ന അന്തർദേശീയ ആഘോഷ പരിപാടികൾക്ക് രൂപം കൊടുത്തുവരികയാണ്. ഇനിയൊരു വർഷകാലം കേരളത്തിലുടനീളം വാക്കുകളുടെ മഹാബലിയുടെ കാവ്യോത്സവമുണ്ടാകണം. എഴുപത്തി രണ്ടു വർഷങ്ങളുടെ നിറജീവിതത്തിൽ പി. കാഴ്‌ചവെച്ച കവിതകൾ ഒരു നക്ഷത്ര ലോക വിസ്‌മയമാണ്. അമ്പരപ്പിക്കുന്ന സാഹിത്യ സാമ്രാജ്യം. അരലക്ഷത്തിനുമേൽ കവിതകൾ. മൂന്ന് ആത്മകഥകൾ ഉൾപ്പെടെ അഞ്ഞൂറിലേറെ ഗ്രന്ഥങ്ങൾ. രണ്ടായിരത്തിൽപ്പരം ഗദ്യകവിതകൾ, വിവർത്തനങ്ങൾ, ഗദ്യസമാഹാരങ്ങൾ-ആഴത്തിലും പരപ്പിലും മലയാള കവികളിൽ അഗ്രഗണ്യൻ. കേശാദിപാദം കവിയായ, ജീവിതത്തിലും കവിതയിലും അവതാരപുരുഷന്റെ അത്ഭുതമഹാത്മ്യം കാണിച്ച പി.യുടെ ഉടൽ ഏത് കുപ്പമാടത്തിൽ കിടന്നാലും ആ മനസ്സ് വിശുദ്ധിയുടെ നക്ഷത്രമാർഗ്ഗത്തിൽത്തന്നെയാണ് സഞ്ചരിച്ചത്. 1978 മേയ് 27-ാം തീയതി മറഞ്ഞുപോയ മഹാകവി ഇരുപത്തിയേഴു വർഷങ്ങളിലൂടെ സ്‌മരണ നിലനിർത്തി, ഇപ്പോൾ ഒരു ജന്മശതാബ്‌ദിയുടെ മഹോത്സവത്തിനൊരുങ്ങുമ്പോൾ ‘ഗ്രാമം’ വായനക്കാരും അതിൽ പങ്കാളികളാവുക.
Generated from archived content: essay5_june_05.html Author: prof_melath_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English