എന്റെ ഗ്രാമം ഒരു സ്വപ്‌നമോ ഓർമ്മയോ മാത്രമാണിന്ന്. ഗ്രാമത്തിന്റെ ജീവിതം കുട്ടിക്കാലവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. കെട്ടുപൊട്ടിക്കുമ്പോഴുളള മധുരമായ നൊമ്പരം മാത്രമേ ബാക്കിയുളളു. ഇപ്പോൾ ഞാൻ താമസിക്കുന്നത് പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം ഗ്രാമത്തിലാണ്. കുഞ്ഞിമംഗലം എനിക്ക് കർമ്മഗ്രാമം മാത്രമാണ്. ജന്മഗ്രാമം പോലെ പ്രിയങ്കരമായിരുന്നു കാസർകോട്ട് ജില്ലയിലെ പറയാൽ ഗ്രാമം. ഞാൻ ജനിച്ചത് കർണ്ണാടകത്തിലെ ഏതോ വനാന്തരത്തിലാണെന്ന് അമ്മ പറഞ്ഞറിഞ്ഞു. അച്‌ഛൻ ഫോറസ്‌റ്റ ഗ്വാഡായി മൈസൂറിലായിരുന്നപ്പോൾ ഒരു വനസ്ഥലിയിലെ ചെറു വാടകവീട്ടിലാണ് ഞാൻ പിറന്നുവീണത്. പക്ഷെ, വൈകാതെ അമ്മയും എന്നേക്കാൾ മൂന്ന് വയസ്സ് മൂപ്പുളള രുഗ്‌മിണി ചേച്ചിയും ഞാനും നാട്ടിലുളള പനയാൽഗ്രാമത്തിലേക്ക് ചേക്കേറി. എന്റെ ബാല്യകൗമാരകാലം ആ ഗ്രാമത്തിലാണ് കഴിഞ്ഞത്. വേദനിപ്പിക്കുന്ന ഓർമ്മളേയുളളു പഴയ ആ നാട്ടിൻപുറത്തെക്കുറിച്ച്. 1950കളുടെ ആദ്യകാലം ഞാൻ വിദ്യതേടുന്നത് അയൽഗ്രാമത്തിലെ ‘കൂട്ടക്കനി’ സ്‌കൂളിലാണ്. പിന്നീട് പനയാൽ സ്‌കൂളിലും. ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ഹൈസ്‌കൂൾ ഉണ്ടായിരുന്നില്ല. ഞാൻ ഹൈസ്‌കൂൾ വിദ്യാഭ്യാസം ചെയ്‌തത് അഞ്ചുനാഴിക അകലെ ‘പെരിയ’യിൽ നടന്നുപോയിട്ടാണ്. പിന്നീടാണ് പനയാൽ ഗ്രാമത്തിൽ പരിഷ്‌കാരത്തിന്റെ ആദ്യരശ്‌മികൾ വീണത്. ഹൈസ്‌കൂൾവന്നു. ‘പാക്ക’ത്ത് ആസ്‌പത്രി വന്നു. ‘ചരൽക്കട’വിനു പാലം വന്നു. വായനശാല വന്നു. ഞങ്ങൾ ചെറുപ്പക്കാർ സംഘടിച്ച് കലാസമിതിവന്നു. പുണ്യപുരാണ നാടകങ്ങൾക്കുപകരം സാമൂഹ്യ നാടകങ്ങൾ അരങ്ങേറി. ക്ഷേത്രങ്ങളുടെ കാര്യത്തിൽ എന്റെ ഗ്രാമം സമൃദ്ധമാണ്. പനയാൽ ശിവക്ഷേത്രം, അരവത്ത് സുബ്രഹ്‌മണ്യക്ഷേത്രം, ആലക്കോട്ട് ശ്രീകൃഷ്‌ണക്ഷേത്രം-എല്ലാം പ്രശസ്‌തങ്ങളാണ്. ചെറുപ്പത്തിൽ അമ്മയുടെ കൈയും പിടിച്ച് പതിവായി ക്ഷേത്രദർശനം നടത്തിയ ഓർമ്മ ഇപ്പോഴും പച്ചയാണ്.
ഇളവെയിൽ നാളങ്ങളേറ്റ് പൊന്നിൽകുളിച്ച പച്ച ഞാറുകളുടെ ഭംഗിയുണ്ട് ഓർമ്മയിൽ. ‘നൊസ്‌റ്റാൾജിയ’ക്കു പകരംവെക്കാവുന്ന ‘പൊഞ്ഞാറ്’ എന്ന വാക്ക് ഞങ്ങളുടെ ഗ്രാമത്തിന്റെ പൊൻതരിയാണ്. പനയാൽ ഗ്രാമത്തിലെ ‘കണ്ണൻവയൽ’ എന്ന സ്ഥലത്താണ് ഞങ്ങളുടെ വീട്. ചുറ്റും വിശാലമായ നെൽവയലുകൾ. ഗ്രാമീണ കർഷകർ. കർഷകവൃത്തി പൊളിഞ്ഞപ്പോൾ ആണുങ്ങൾ കുടകുമലയിൽ കൂലിപ്പണിക്കുപോയി.
പനയാൽഗ്രാമത്തിലെ ആദ്യത്തെ എം.എ.ക്കാരനാണ് ഞാൻ. പറയത്തക്ക സാംസ്‌കാരിക-സാഹിതീയമഹത്വമൊന്നും പനയാലിനില്ല. അത്യുത്തരകേരളം മഹാകവി കുട്ടമത്ത്, വിദ്വാൻ പി.കേളുനായർ, പി.ടി. ഉബൈദ്, ടി.എസ്. തിരുമുമ്പ് തുടങ്ങിയവരുടെ സ്‌മരണയിൽ സമ്പന്നമാണ്. ഇപ്പോഴുമുണ്ട് പാരമ്പര്യം തുടരുന്നവർ-അംബികാസുതൻമാങ്ങാട്, ദിവാകരൻ വിഷ്‌ണുമംഗലം, നാലാപ്പാടം പത്മനാഭൻ, വിദ്യാധരൻപെരുമ്പള, രാധാകൃഷ്‌ണൻ പെരുമ്പള, ബിജു കാഞ്ഞങ്കാട്, സന്തോഷ് എച്ചിക്കാനം, കെ.എം.അഹ്‌മ്മദ്, എം.എ.റഹ്‌മാൻ, കൃഷ്‌ണൻ നെല്ലിക്കാട്ട് ഇങ്ങനെ ഒട്ടേറെപേർ. പക്ഷെ പനയാൽഗ്രാമത്തെ അന്വർത്ഥമാക്കുന്ന ഒരേയൊരു സാഹിത്യകാരൻ പി.വി.കെ. പനയാലാണ്. ശരിയായ പേര് പി.വി. കുഞ്ഞിക്കണ്ണൻ.
അമ്പതുകളിലെയും അറുപതുകളിലെയും ജീവിതമേ എനിക്ക് പനയാൽ ഗ്രാമത്തിലുളളു. 70കളുടെ ആരംഭംതൊട്ടേ എന്റെ കർമ്മജീവിതം കണ്ണൂർജില്ലയിലെ പയ്യന്നൂരിലാണ്. 1969-ലാണ് എനിക്ക് പയ്യന്നൂരിൽ കോളേജ് പണികിട്ടിയത്. ഇപ്പോൾ വല്ലപ്പോഴും നാട്ടിലേക്ക് പോയാൽ പണ്ട് ഞാൻ കണ്ട പനയാൽ ഗ്രാമത്തിന്റെ മുഖം നഗരവൽക്കരിക്കപ്പെട്ട്, രാഷ്‌ട്രീയവൽക്കരിക്കപ്പെട്ട്, ഗൾഫ് സ്വപ്‌നങ്ങളുടെ വർണ്ണപ്പകിട്ടിൽ അത്രമേൽ മാറിപ്പോയെന്ന്, ഞാൻ തിരിച്ചറിയുന്നു. ഞാനന്ന് കവിത തേടി ചെന്നിരിക്കാറുളള ‘ബേക്കൽകോട്ട’യുടെ നീലവിശാലമടിത്തട്ട് പോലും ടൂറിസ്‌റ്റ് കേന്ദ്രത്തിന്റെ ഭോഗസംസ്‌കൃതിയിലേക്ക് മാറുകയാണ്.
Generated from archived content: essay3_dec17_05.html Author: prof_melath_chandrasekharan