പിന്നാമ്പുറങ്ങൾ

ഇന്നലെകളിൽ മോശമെന്നു പറഞ്ഞ അതേ നാവുകൊണ്ട്‌ എന്റെ കഥകളിലെ പച്ചയായ ജീവിതത്തെക്കുറിച്ച്‌ അവർ പുകഴ്‌ത്തി. ചാനലിന്റെ റിപ്പോർട്ടർക്ക്‌ അറിയേണ്ടത്‌ ഇനി ഏതൊക്കെ അവാർഡുകൾ പ്രതീക്ഷിക്കുന്നുവെന്നാണ്‌. നിരൂപകർ പറയുന്നതെന്റെ കഥകളെപ്പറ്റിതന്നെയാണോയെന്ന്‌ പലപ്പോഴും എനിക്ക്‌ സംശയം തോന്നി. കാല്‌പനികത, വിഷാദാത്മകത അങ്ങനെ എന്തൊക്കെയോ അവർ പറയുന്നത്‌ കേട്ടു. കഥാകാരന്റെ എല്ലാരൂപവും കനിഞ്ഞനുഗ്രഹിച്ച്‌ തന്നിരിക്കുന്നുവെന്ന്‌ പറഞ്ഞ്‌ ആരോ എന്റെ നരച്ച തലമുടിയും ഒട്ടിയ കവിൾത്തടവും മുഷിഞ്ഞ വസ്‌ത്രങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ അറിയാതെ ഞാൻ കരഞ്ഞുപോയി. അഷ്‌ടിക്കുവേണ്ടി നടത്തിയ അലച്ചിലുകളുടെ ബാക്കിപാത്രമാണോ കഥാകാരന്റെ രൂപം. പ്രസാധകര തങ്ങൾ എഴുത്തുകാർക്ക്‌ കൊടുക്കുന്ന ഉയർന്ന റോയൽറ്റിയെക്കുറിച്ച്‌ വാതോരാതെ പറയുന്നുണ്ടായിരുന്നു. പ്രസംഗിക്കണമെന്നു പറഞ്ഞപ്പോൾ പ്രാണൻ പിടയുന്ന നിമിഷങ്ങളിൽ ഹൃദയത്തെ അക്ഷരങ്ങളിലേക്ക്‌ പറിച്ചുവയ്‌ക്കുന്നതിനെപ്പറ്റിയും ഒഴിഞ്ഞ കടലാസുതുണ്ടിന്റെ മുന്നിൽ സ്വയം തപിക്കുന്ന മണിക്കൂറുകളെപ്പറ്റിയും പറയുവാൻ ഞാൻ വൃഥാ ആശിച്ചു. ഒടുവിൽ എല്ലാവർക്കും നന്ദി പറയുമ്പോൾ ചിരിക്കാൻ മറന്നു പോയിരിക്കുന്നുവെന്ന്‌ വേദനയോടെ ഞാൻ മനസ്സിലാക്കി.

Generated from archived content: story3_feb10_06.html Author: priya-nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here