വളരെയധികം വേദികളിൽ മുഴങ്ങിക്കേൾക്കുന്നതും യുക്താനുസരണം വ്യാഖ്യാനിക്കപ്പെടുന്നതുമായ ഒരു പദമാണ് ഫാസിസം. അർത്ഥം മനസിലാക്കാതെയും അറിഞ്ഞിട്ടും അറിയുകയില്ല എന്നു ഭാവിച്ചും ഫാസിസത്തെ വിലയിരുത്തുന്നവരാണ് അധികവും. തൻമൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഫാസിസ്‌മോ (Fascismo) എന്ന ഇറ്റാലിയൻ പദത്തിന്റെ ജന്യമാണ് ഫാസിസം. മുസ്സോളിനി സ്ഥാപിച്ച പാർട്ടിയാണ് ഈ പേര് ആദ്യമായി ഉപയോഗിച്ചത്. സങ്കുചിത ദേശീയതയിലും വംശമഹിമയിലും അധിഷ്‌ഠിതവും ഏകകക്ഷി ഭരണം മാത്രം അനുവദിക്കുന്നതുമായ ഒരു തീവ്രവലതുപക്ഷ രാഷ്‌ട്രീയതത്വ സംഹിതയാണ് ഫാസിസം. ഈ തത്വ സംഹിത അംഗീകരിച്ച് ഭരണം നടത്തുന്ന രാജ്യങ്ങൾ പിൽക്കാലത്ത് ഫാസിസ്‌റ്റ് രാജ്യങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ഫാസിസ്‌റ്റ് രാജ്യങ്ങളിൽ എല്ലാവിധ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുന്നു. വ്യക്തി, കുടുംബം, വിദ്യാഭ്യാസം, ആരാധന എന്നിവ രാഷ്‌ട്രത്തിനു വിധേയമായി പ്രവർത്തിക്കുന്നു. ഭിന്നാഭിപ്രായത്തെ ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമർത്തുന്നു. എതിരാളികൾ തുറുങ്കിൽ അടക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യുന്നു. ചോദ്യം ചെയ്യപ്പെടാത്ത ഈ അമിതാധികാരത്തിന്റെ മുഖമുദ്ര അസഹിഷ്ണുതയാണ്. ഓരോരുത്തരും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന അമിതാധികാരത്തെ ജനാധിപത്യമായും എതിരാളികൾ പ്രതിനിധാനം ചെയ്യുന്ന അധികാരത്തെ ഫാസിസമായും ചിത്രീകരിക്കുന്നു. മത-രാഷ്‌ട്രീയ-സാഹിത്യ-സാംസ്‌കാരിക-സാമൂഹ്യ പ്രസ്ഥാനങ്ങളിലും ഇവയിൽ പ്രവർത്തിക്കുന്ന അപൂർവ്വം ചിലരൊഴികെയുളള വ്യക്തികളിലും ഈ കാഴ്‌ചപ്പാടിന്റെ പ്രതിഫലനം പ്രകടമാണ്. യാഥാസ്ഥിതികതയുടേയോ പുരോഗമനത്തിന്റെയോ, എന്തിന്റെ പേരിലായാലും ഈ സമീപനം ജനവിരുദ്ധമാണ്, മനുഷ്യത്വരഹിതമാണ്. ഫാസിസത്തിന്റെ മറ്റൊരു പതിപ്പാണ് ഹിറ്റ്‌ലറുടെ നാസിസം. ഫാസിസവും നാസിസവും കൈകോർത്തപ്പോൾ കണ്ടത് സർവ്വാധിപത്യത്തിന്റെ കൊടുംഭീകരതയാണ്. ഹിറ്റ്‌ലറും മുസ്സോളിനിയും ചേർന്ന് കൊന്നൊടുക്കിയ നിരപരാധികൾ എത്രയെന്ന് പറയുവാൻ കഴിയുകയില്ല. ഇരുവരുടെയും ആരാധകനായിരുന്ന ഫ്രാങ്കോ എല്ലാ എതിർപ്പുകളേയും ചവിട്ടിമെതിച്ച് സ്‌പെയിനിൽ ഏകാധിപത്യം സ്ഥാപിച്ചു. അലൻഡേയെ വധിച്ച് അധികാരം പിടിച്ചെടുത്ത പിനോഷെ ചിലിയിൽ നടത്തിയ നരനായാട്ട് കുപ്രസിദ്ധമാണ്. ലുമുംബയെ കൊലചെയ്‌ത് കോംഗോയുടെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച മൊബുട്ടു പതിനായിരങ്ങളെയാണ് കാലനൂർക്കയച്ചത്. സുക്കാർണോയെ തടവിലാക്കി സിംഹാസനാരൂഡനായ ക്രൂരനും നീചനുമായ സുഹാർത്തോ കൊലക്കത്തിയ്‌ക്കിരയാക്കിയത് പത്തുലക്ഷം കമ്മ്യൂണിസ്‌റ്റുകാരെയാണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയനായിരുന്ന വേർവോർഡ്, ഏകാതിപതികളായ ക്യൂബയിലെ ബാറ്റിസ്‌റ്റ, ഇറാഖിലെ അബ്‌ദുൾ കരീം ഖാസിം, സദ്ദാം ഹുസൈൻ, തായ്‌ലാൻഡിലെ പോൾപോട്ട്, ഫിലിപ്പൈൻസിലെ മർക്കോസ്, ബർമ്മയിലെ നെവിൻ, പാകിസ്ഥാനിലെ അയൂബ്‌ഖാൻ എന്നീ ഏകാധിപതികളും ഫാസിസ്‌റ്റു പട്ടികയിൽ പ്രമുഖസ്ഥാനം നേടിയവരാണ്. ജനാധിപത്യപ്രസ്ഥാനങ്ങളും ഫാസിസ്‌റ്റുകളെ സംഭാവന ചെയ്‌തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഐസൻ ഹോവറിന്റെ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ ഫോസ്‌റ്റർഡളളസ്സാണ് ഇവരിൽ മുമ്പൻ. ലോകത്തെമ്പാടും സംഘർഷം സൃഷ്ടിച്ച് യുദ്ധത്തിന്റെയ വക്കോളം കൊണ്ടെത്തിക്കുന്നതിൽ അതീവ തൽപ്പരനായിരുന്ന ഡളളസ് വിയറ്റ്‌നാമിൽ നടത്തിയ കൂട്ടക്കുരുതി ജനാധിപത്യ വിശ്വാസികളെ മുഴുവനും ഞെട്ടിപ്പിച്ച സംഭവമായിരുന്നു. അതുപോലെ തന്നെ തൊഴിലാളിവർഗ സർവ്വാധിപത്യത്തിന്റെ അധിഷേധ്യനേതാവായിരുന്ന സ്‌റ്റാലിൻ സൈബീരിയയിലേക്കയച്ചത് ലക്ഷങ്ങളെയാണ്. ക്രൂഷ്‌ചോവിന്റെ ഉദയത്തിനും സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനും വഴിയൊരുക്കിയത് കേന്ദ്രീകൃത ജനാധിപത്യത്തിന്റെ പേരിൽ സ്‌റ്റാലിൻ സ്വീകരിച്ച ഫാസിസ്‌റ്റ് നടപടികളായിരുന്നു.. യാതൊരു പ്രകോപനവുമില്ലാതെ പരമാധികാര രാഷ്‌ട്രമായ ഇറാഖിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തി അസംഖ്യം ഇറാക്കികളെ വെടിവെച്ചുകൊന്ന്, തടങ്കൽപ്പാളയത്തിലടച്ച് പീഡിപ്പിച്ച് കൊന്നുകൊണ്ടിരിക്കുന്ന ജോർജ്ജ് ബുഷും, ടോണിബ്ലയറും രക്തരക്ഷസ്സുകളായ ഫാസിസ്‌റ്റുകളാണ്. മൊസാദും ഹമാസും ഫാസിസത്തിന്റെ രണ്ടു വ്യത്യസ്തരൂപങ്ങളാണ്. ഒസാമ ബിൻലാദനും ലാദനെ അനുകൂലിക്കുന്നവരും ഫാസിസ്‌റ്റ് പാതയിൽ കൂടിതന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യൻ ജനതയോട് നാവടക്കി പണിയെടുക്കാൻ കൽപിച്ച മൗലികാവകാശ ധ്വംസനവും ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് തുറന്നു കാണിക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതയുടെ തണലിൽ ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അരും കൊലകളും അധികാരം കൈക്കലാക്കുന്നതിന് വേണ്ടിയുളള പ്രീണനങ്ങളും ഫാസിസമല്ലാതെ മറ്റെന്താണ്? ഹിന്ദുക്കളെയും മുസ്ലീംങ്ങളേയും തമ്മിലടിപ്പിച്ച് ആഹ്ലാദിക്കുന്ന രക്തദാഹികളായ ഒരു കൂട്ടരുണ്ട്. വില്ലിന്മുനമേൽ പറ്റിയിരുന്ന രക്തം നക്കിയപ്പോൾ ഞാൺ മുറിഞ്ഞ് വായിൽ കയറി ചത്ത കുറുക്കന്റെ ഗതിയായിരിക്കും അവരുടേത്.
ഫാസിസ്‌റ്റുകളും എല്ലാ ഫാസിസ്‌റ്റ് പ്രസ്ഥാനങ്ങളും ഏക കക്ഷി ഭരണത്തിലൂടെ ജനക്ഷേമ പരിപാടികളുമായാണ് രംഗത്തെത്തുന്നത്. ഭരണം കൈപ്പിടിയിലൊതുങ്ങി എന്നു ബോദ്ധ്യമായിക്കഴിയുമ്പോൾ അധികാരം നിലനിർത്തുന്നതിന് വേണ്ടി എതിർപ്പുകളെ അടിച്ചമർത്തിയും എതിരാളികളെ നിഷ്‌കരുണം വകവരുത്തിയും അവർ ഫാസിസ്‌റ്റുകളായി മാറുന്നു. ഫാസിസ്‌റ്റ് നയം നടപ്പിലാക്കുന്നു. ചെയ്‌ത ചില ചില്ലറ നല്ലകാര്യങ്ങളുടെ പേരിൽ ചില ഫാസിസ്‌റ്റുകളെ വാഴ്‌ത്തുകയും മറ്റു ചിലരെ അപഹസിക്കുകയും ചെയ്യുന്നത് നീതിക്കു നിരക്കുന്നതല്ല. കാരണം ഫാസിസം മനുഷ്യത്വത്തിന്റെയും നീതിയുടെയും നിഷേധമാണ്. അതിൽ നല്ലതും ചീത്തയുമില്ല. ചീത്ത മാത്രമേയുളളൂ.
Generated from archived content: essay3_jan01_07.html Author: prf_rp_menon