തിരക്ക് പിടിച്ച ദൈവത്തിന്റെ
ഒരു നിമിഷം
ഞാൻ കടം ചോദിച്ചു.
മൺവെട്ടി പിടിക്കാനും
മുറിവ് തുടയ്ക്കാനും
വിധിക്കപ്പെട്ട ഒരു
ദൈവമായിരുന്നു അച്ഛൻ.
പുകയുന്ന മുറിക്കുള്ളിൽ
കണ്ണീരുപ്പ് ചേർത്ത്
പാചകം ചെയ്യുന്ന
നിലയ്ക്കാത്ത യാന്ത്രമായിരുന്നു
അമ്മ ദൈവം.
എനിക്കായ് തീറെഴുതിയതൊക്കെയും
ദൈവത്തിന് തിരിച്ചേൽപ്പിച്ചു.
കിഴക്ക് മലയും പടിഞ്ഞാറ് കടലും
മുകളിലാകാശവും കണ്ടപ്പോൾ
താഴെ ഭൂമിയിലൂടെ ഞാൻ
വടക്ക് നിന്ന് തെക്കോട്ട് നടന്നു.
Generated from archived content: poem10_mar10_07.html Author: prajod_kadakkal