ഓരോ പുലരിയും
ഒരു കുത്തിവയ്‌പ്പു ചികിത്സയാണ്.
ക്ഷയരോഗിക്ക് നവോന്മേഷത്തിന്റെ
വാതരോഗിക്ക് ഊർജ്ജത്തിന്റെ
അടുത്ത നൂറ്റാണ്ടിലെ
ആരോഗ്യവാന്മാരുടെ തലമുറയ്‌ക്ക്
അതാവശ്യമുണ്ടാകില്ല
അതിനാലാവണം അവർ
അതിനെ ഇപ്പൊഴേ കുഴിച്ചുമൂടുന്നത്
ഒറ്റക്കാലിൽ മാത്രം ചിലമ്പണിഞ്ഞവരുടെ പട
ഓരോ ഇരുളിന്റെയും കടയ്‌ക്കൽ
ഓരോരിയ്‌ക്കൽ മാത്രം പന്തം കൊടുത്തിവയ്‌ക്കും.
അതു ചിതയാകാനുളളതല്ലെങ്കിൽ
പുലരിയാകാനുളളതാണ്;
ഉലകിനു പുലർന്നു പോകാനുളളതാണ്.
ഇങ്ങനെയാണ് പുലരി പിറക്കുന്നത്.
രണ്ടുകുന്നുകൾ
പ്രകാശത്തിന്റെ പൊന്മുട്ടയെ
ഞെരുക്കി പുറത്തേയ്‌ക്കു തളളുന്നു.
അത് കാണെക്കാണെ വളർന്ന്
അകത്തും പുറത്തും കഷണ്ടിബാധിച്ച
ശിരസ്സുകളെ വേട്ടയാടുന്നു.
സെമിത്തേരിയിലെ ഒറ്റയാൻ കുരിശ്ശ്
ഒരു കുഞ്ഞുനിഴലിനെ പ്രസവിക്കുന്നു.
അത് തുടക്കത്തിൽ നഗ്‌നമാണ്; ഒടുക്കത്തിലും
വിലക്കപ്പെട്ട കനി തിന്നുന്നവർ
അതിനെ ഉടുപ്പിക്കാൻ ശ്രമിച്ച്
തോറ്റു പിൻവാങ്ങുന്നു.
ഒരാരക്കാലിൽ മാത്രം മിന്നാമിന്നികളുളള
ചക്രത്തിന്റെ തിരിച്ചിലിൽ
അരഞ്ഞു തീരുന്നത്
ആയുസ്സിന്റെ ഒരു തുളളിയാണ്
അതുകൊണ്ടാണ് നമ്മൾ
പുലരികളെ വെറുക്കുന്നത്, ഭയക്കുന്നത്.
എങ്കിലും
പുലരി ഒരു കുത്തിവയ്‌പു ചികിത്സയാണ്.
Generated from archived content: poem11_apr23.html Author: pradeepkumar_kallada