കൃഷ്‌ണപക്ഷമാണിന്ന്
കിനാവിലെവിടെയോ
പാതിരാക്കോടി കൂവുന്നു.
ചൂടുരക്തം ചീറ്റിയാർത്തട്ടഹസിക്കും
പുഴുതാര
പോലെയും വൃണിത
വാക്കുകളല്ലോ നിങ്ങൾ
കുടൽമാലകത്തിച്ച്
ചാന്താക്കി
നെറുകയിൽ തൊടുവിച്ച്
മുൻജന്മ സുകൃതമായ് ലാളിച്ച്
പട്ടും പുതച്ചു ഞാനിന്നിതായിഴയുന്നു.
പട്ടടയൊരുങ്ങുന്നതും കാത്ത്
യുഗാന്തരങ്ങളായ്.
വജ്രസൂചിയാൽ കുത്തി നോവിച്ചൊരെൻ
സിരകളിലുന്മാദനൃത്തമാടിത്തളർന്നുറങ്ങി ഞാൻ
കല്ലും മരവും കരിക്കട്ടപോലുമേ തോറ്റുതുന്നം
പാടിയെന്റെയുളളിൽ
കത്തിക്കാളും കാമപ്പേക്കൂത്തുകൾ പേറി
വിഷപ്പലുപോയൊരു വിടുവായനായ്
ഓടകൾ നിറഞ്ഞൊഴുകും
ഉന്മാദമായ് ദുർഗന്ധമായ്
ഇന്നലെകളെ താലോലിച്ചുറങ്ങും
ചാവാലിപ്പട്ടിയായ്.
Generated from archived content: poem9_june.html Author: parippilly_rajiv