സ്‌ത്രീകളുടെ വഴികാട്ടി?

“പുരുഷന്മാർ ശരീരം പ്രദർശിപ്പിക്കുന്നത്‌ സ്‌ത്രീകൾക്ക്‌ ഇഷ്‌ടമാണോ? അതറിയാൻ ഡിസംബർ ലക്കം ഉറപ്പുവരുത്തുക.” ഒരു സ്‌ത്രീ പ്രസിദ്ധീകരണത്തിന്റെ ടിവി പരസ്യമാണിത്‌. ഇങ്ങനെയൊരു പരസ്യം കൊടുക്കുവാനുളള ധൈര്യവും ചളുപ്പില്ലായ്‌മയും ആർക്കാണുളളതെന്ന്‌ ചോദിക്കാൻ പെണ്ണൊരുത്തിയും കേരളത്തിലില്ല. സ്‌ത്രീകളുടെ സുഹൃത്തും വഴികാട്ടിയുമെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ ഇറങ്ങുന്ന ഈ ദ്വൈമാസിക തുറന്നു നോക്കിയാൽ പന്ത്രണ്ടുകാരിയ്‌ക്ക്‌ മാത്രമല്ല തൊണ്ണൂറുകാരിക്കും ഒന്നു കുളിര്‌ കോരും. സെക്‌സാണ്‌ മലയാളിപ്പെണ്ണുങ്ങളുടെ പ്രധാനപ്രശ്‌നം എന്ന മട്ടിലാണ്‌ ലേഖനങ്ങളുടെ പോക്ക്‌. സ്‌ത്രീ അറിയേണ്ടതെല്ലാം, പുരുഷൻ അറിയേണ്ടതെല്ലാം, സ്‌ത്രീയുടെ ലൈംഗിക കേന്ദ്രങ്ങൾ, ആദ്യരാത്രിയിൽ എങ്ങനെ? തുടങ്ങിയ മാനവരാശി നേരിടുന്ന ‘ആഗോള’ വിഷയങ്ങളാണ്‌ ഉളളടക്കം. ബാക്കി വരുന്ന മുക്കാലോളം പേജുകളിൽ സ്വർണ്ണക്കട, സാരിക്കട പരസ്യങ്ങളും. ഇത്തരം പ്രസിദ്ധീകരണങ്ങൾ വഴികാണിച്ചു കാണിച്ചാണ്‌ ഓരോ കുടുംബത്തിലെയും പെണ്ണുങ്ങൾ ഇളകുന്നത്‌. ഇതിനെതിരെ തീവ്ര ഫെമിനിസ്‌റ്റുകളായ സാറാജോസഫും അജിതയുമൊന്നും എന്തുകൊണ്ട്‌ ചർച്ച ചെയ്യുന്നില്ല? ചർച്ച ചെയ്‌താൽ ഏറ്റവും വലിയ പത്രത്തിൽ പിന്നീട്‌ പടം വരില്ല എന്ന തിരിച്ചറിവ്‌ ഇവർക്കുണ്ട്‌ എന്നതുതന്നെ കാര്യം. അല്ലെങ്കിൽത്തന്നെ ഈ സാധനം പെണ്ണുങ്ങളെക്കാൾ ആണുങ്ങളാണല്ലോ വായിക്കുന്നത്‌! ആളുകളെക്കൊണ്ട്‌ എന്തു വായിപ്പിക്കണമെന്നും എങ്ങനെ കച്ചവടം നടത്തണമെന്നും കോട്ടയം പ്രമാണിമാർക്കറിയാം. ‘ക്രൈം’ വാരികയുടെ മുന്നേറ്റം കണ്ട്‌ സഹിക്കാതെ ‘ലൈംഗികഗൈഡ്‌’ സൗജന്യമായി കൊടുത്ത്‌ മലയാളി മങ്കമാരെ കോരിത്തരിപ്പിച്ചവരാണിവർ. അവസാനം കോടതി ഇടപെട്ട്‌ ലൈംഗിക വഴികാട്ടിയെ നിരോധിച്ചത്‌ അധികമാരുമറിയാത്ത ചരിത്രം. രുചിയേറിയ ഭക്ഷണ വിഭവങ്ങളും നിറപ്പകിട്ടാർന്ന തുണിത്തരങ്ങളുമാണ്‌ (ഉടുതുണി എന്ന്‌ പറയരുത്‌!) മലയാളിപെണ്ണിന്റെ ജീവിതമെന്നാണ്‌ ഇവരുടെ ധാരണ. പഴയ മഞ്ഞ മാസികകളെ വെല്ലുന്ന ഇത്തരം വനിതാമാസികകൾ കാമഭ്രാന്ത്‌ മാത്രമാണ്‌ സ്‌ത്രീകളിൽ വളർത്തിയെടുക്കുന്നത്‌.

Generated from archived content: essay3_mar9.html Author: p_baijuprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here