ന്യൂനപക്ഷം ഭൂരിപക്ഷഐക്യം എന്നീ വാക്കുകളോട് പത്രക്കാർക്ക് എന്തു സ്‌നേഹമാണ് ഇപ്പോൾ? നാരായണപ്പണിക്കരും വെളളാപ്പളളിയും ചേർന്ന് പൊട്ടിക്കുന്ന ‘ഭൂരിപക്ഷഗർജനം’ സമകാലിക രാഷ്‌ട്രീയത്തെ ഒട്ടൊന്നുമല്ല ഉലച്ചിട്ടുളളത്. ‘കോൺഗ്രസ്’ എന്നുപറയുന്ന സാധനത്തെ ഏറെക്കുറെ ഒതുക്കിയ മട്ടായപ്പോൾ കമ്മ്യൂണിസ്‌റ്റുകാരും കേരളത്തിന്റെ ഏകാധിപതികളെന്ന മട്ടിൽ ഏറെ ആഹ്ലാദിച്ചതാണ്. അപ്പോഴല്ലേ ശ്രീരാമലക്ഷ്‌മണൻമാരെപ്പോലെ പണിക്കരും വെളളാപ്പളളിയും കുറിക്കുകൊളളുന്ന അമ്പുകളുമായി രംഗത്തുവന്നത്! ലോക്കൽ കമ്മിറ്റിയിലും ഏരിയാകമ്മിറ്റിയിലുമൊക്കെ തലപ്പത്തിരിക്കുന്ന പല നായൻമാരും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആരുടെകൂടെ നില്‌ക്കുമെന്ന് സാക്ഷാൽ മലപ്പുറം പ്രവാചകനായ പിണറായിക്ക് പോലുമ പറയാൻ പറ്റാത്ത സ്ഥിതിയിലാണ്. അതുകൊണ്ട് എടുത്തടിച്ചതുപോലെ വല്ലതും പറയാൻ ആർക്കുമൊട്ടു വയ്യതാനും. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. കേരള സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണോ, അതോ മുസ്ലീം സമുദായത്തിന്റെ മാത്രം മന്ത്രിയാണോ ടിയാൻ എന്ന് ഓരോ കേരളീയനും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ? നടപ്പാക്കാൻ വേണ്ടിയല്ല ഇങ്ങനെയൊരു കമ്മീഷനെ നിയമിച്ചതെന്ന് ജസ്‌റ്റിസ് നരേന്ദ്രൻ തന്നെ പറയുന്നു. അങ്ങനെ ആകപ്പാടെ കൺഫ്യൂഷനിലായിക്കിടക്കുന്നതിനിടയിലാണ് വാക്കുകൾകൊണ്ട് ചിലർ ‘ന്യൂനപക്ഷപീഡനം’ നടത്തുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കോൺക്രീറ്റ് കെട്ടിടങ്ങൾ ഏതു സമുദായത്തിനാണുളളത്? മെയിൻറോഡ് സൈഡുകളിൽ ഉളള വസ്‌തു വകകളിൽ ഭൂരിപക്ഷവും ആരുടേതാണ്? ഏറ്റവും വില കൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഏത് സമുദായക്കാരാണ്? ഏറ്റവും കൂടുതൽ ഗൾഫ് പണം ഏത് സമുദായ മേഖലയിലേയ്‌ക്കാണ് ഒഴുകുന്നത്? ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏത് സമുദായത്തിലാണുളളത്? ഇങ്ങനെയൊക്കെ ചോദിക്കാൻ തുടങ്ങിയാൽ സംഗതി ഗുലുമാലാകും. ഈ ചോദ്യങ്ങൾ ചോദിക്കുന്നതിനെ ‘ന്യൂനപക്ഷ പീഡനം’ എന്ന് പറയാമത്രേ! വെളളാപ്പളളിയും പണിക്കരുമൊക്കെ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് പറയുമ്പോഴാണ് ചിലരുടെയൊക്കെ ഉറക്കം നഷ്‌ടപ്പെടുന്നത്. ഭൂരിപക്ഷത്തിനുളളതൊക്കെ ന്യൂനപക്ഷത്തിനും കിട്ടണം. അത് ന്യായമായ കാര്യമാണ്. പക്ഷേ സംഗതി തിരിച്ചും പറയാം. ന്യൂനപക്ഷത്തിനുളളതൊക്കെ ഭൂരിപക്ഷത്തിനും കിട്ടണം. ഇത് പറയുമ്പോൾ മാത്രം ന്യൂനപക്ഷം ഞെളിപിരി കൊളളുന്നതെന്തിനാണ്? ഏറ്റവും പ്രസക്തമായ ചോദ്യം അതുമല്ല. എന്താണ് ന്യൂനപക്ഷത്തിന്റെ മാനദണ്‌ഡം? ഓരോരുത്തരും ഇങ്ങനെ ചോദിച്ചു തുടങ്ങുമ്പോഴാണ് കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ ഭൂപടം മാറാൻ തുടങ്ങുന്നത്.
Generated from archived content: essay3_june_05.html Author: p_baijuprakash