മാതാ അമൃതാനന്ദമയിക്കെതിരെ ഒരു പുസ്‌തകമെഴുതിയതിന് ശ്രീനി പട്ടത്താനം എന്ന എഴുത്തുകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ നീക്കമുളളതായി ചില പത്രങ്ങളിലൂടെ വായിച്ചറിയുകയും അതിനെതിരെ ചില സാഹിത്യ സാംസ്‌കാരിക സംഘങ്ങൾ ശബ്‌ദമുയർത്തുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് പ്രസ്‌തുത പുസ്‌തകം ഒന്നു തുറന്നുനോക്കാൻ തീരുമാനിച്ചത്. കെ.എസ്.ഡേവിഡ്, തെങ്ങമം ബാലകൃഷ്‌ണൻ എന്നീ യുക്തിവാദികളുടെ ആശംസാപെരുമ്പറകൾക്ക് ശേഷം ഗ്രന്ഥകാരൻ ചില സത്യങ്ങൾ വെളിപ്പെടുത്തുന്നു.
“ലൗകികജീവിതം ത്യജിച്ചവരെയാണ് സന്യാസികൾ എന്നുപറയുന്നത് (അതുതന്നെ ശുദ്ധ വിഡ്‌ഢിത്തം) എന്നാൽ ആ പാരമ്പര്യത്തെ കളങ്കപ്പെടുത്തിക്കൊണ്ടാണ് അമൃതാനന്ദമയി എന്ന സന്യാസിനി ഭൗതിക സ്വത്തും കോടികളും സമ്പാദിച്ചത്. ഇത് ആത്മീയ പ്രവർത്തനമല്ല..ആത്മീയതയുടെ പേരിലുളള ഭക്തിവ്യവസായമാണ്…”ആവേശകരമായ ഈ വരികൾ തുടരുമ്പോൾ ഈയുളളവൻ ചിന്തിച്ചത് വ്യവസായ സാധ്യതകളെപ്പറ്റിയാണ്.
വായിച്ചുകൊണ്ടിരുന്ന “അമൃതാനന്ദമയി ദിവ്യകഥകളും യാഥാർത്ഥ്യവും” എന്ന പുസ്‌തകത്തിന്റെ വ്യാവസായിക സാധ്യത വെറുതെയൊന്ന് പരിശോധിച്ചു. നോട്ടീസ് പേപ്പറിൽ അച്ചടി. ഒറ്റ കളറിലുളള കവർ, കവർപേജ് സഹിതം ആകെ 200 പേജ്. വില നൂറ് രൂപ! ഇത്തരമൊരു ക്വാളിറ്റികുറഞ്ഞ പുറംചട്ടയും പേജുകളുമുളള പുസ്‌തകത്തിന് നൂറ് രൂപ വിലയിടാൻ പെൻബുക്‌സ് പോലും ധൈര്യപ്പെടില്ല. ആശയ പ്രചാരണത്തിന് വേണ്ടിയാണെങ്കിൽ നാല്‌പത് വിലയിട്ടാലും നഷ്‌ടം വരില്ല. അപ്പോൾ അതൊന്നുമല്ല കാര്യം. നമുക്കും കിട്ടണം പണം! ആരോഗ്യ വിദ്യാഭ്യാസമേഖലയെ അമൃതാനന്ദമയി വിറ്റു കാശാക്കുന്നു എന്ന് രോഷം കൊളളുന്നവർ അമൃതാനന്ദമയിയെ വിറ്റു കാശാക്കുന്ന യുക്തികൊളളാം. യുക്തിവാദിയെന്ന് വെറുതെയാണോ വിളിക്കുന്നത്?
അനുബന്ധംഃ സിത്താര ബുക്‌സ് (കായംകുളം) പി.ഗോവിന്ദപിളളയുടെ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.
പേര്‌ഃ മഹാഭാരതം മുതൽ കമ്യൂണിസം വരെ
പേജ്‌ഃ 110 വിലഃ 100 രൂപ. പുസ്‌തകത്തിന്റെ രൂപം നേരത്തെ പറഞ്ഞതുപോലെതന്നെ. എങ്ങനെയുണ്ടെന്റെ പുത്തി എന്ന് പറഞ്ഞ് ചിരിക്കുന്ന കമ്യൂണിസ്‌റ്റുകാരേയും യുക്തിവാദികളേയും നമുക്ക് അമൃതാനന്ദമയിയേയും, ശ്രീകൃഷ്‌ണ ഭഗവാനേയും ഓർത്ത് മറക്കാം എന്നു വിചാരിക്കുമ്പോൾ ദാ, വീണ്ടുമൊന്നുകൂടി. കമ്യൂണിസ്‌റ്റ് ആശയപ്രചാരകർ ഒരു പുസ്‌തകം ഇറക്കിയിരിക്കുന്നു. കമ്യൂണിസത്തിന് പറ്റിയ പുസ്‌തകം തന്നെ ‘ശങ്കരാചാര്യകഥകൾ’ അമ്പത് പേജും ഇരുപത്തിയഞ്ച് രൂപയും. മാർക്‌സിൽ തുടങ്ങി ശങ്കരാചാര്യരിൽ എത്തിനിൽക്കുന്ന അവസ്ഥ കാണുമ്പോൾ പരസ്യത്തിൽ പറയുന്നതുപോലെ പറയാൻ തോന്നുന്നു-എന്തൊരു ചെയ്‌ഞ്ച്!
Generated from archived content: essay2_nov.html Author: p_baijuprakash
Click this button or press Ctrl+G to toggle between Malayalam and English