മുറത്തിലെ അരിയിൽ അങ്ങിങ്ങായി കണ്ട കല്ലും നെല്ലും തെരയുകയായിരുന്നു ഞാൻ. അപ്പുറത്ത് ചായ്‌പ്പിനുളളിൽ വായിക്കുകയോ മറ്റോ ആണ് മകൾ. അപ്പോഴാണ് വാതിൽക്കൽ ആരോ മുട്ടിയത്. ആരെന്നറിയാതെ ഞാൻ വാതിൽ തുറന്നു. വല്ലാണ്ടായിപ്പോയി ഞാൻ. എന്തുചെയ്യണമെന്നറിയാതെ കുറച്ചിട ഒന്നിനും കഴിയാതെ ഞാൻ നിന്നു. ഒന്ന് ഉരിയാടാൻ പോലും എനിക്ക് കഴിഞ്ഞില്ല. അയാളും ആകെ അസ്വസ്ഥനാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. എന്റെ മകളുടെ ബാപ്പ. അവൾ കൈക്കുഞ്ഞായിരുന്നപ്പോൾ അയാളുടെ വീട്ടിൽ നിന്ന് അവളേംകൊണ്ട് രക്ഷപ്പെട്ടതാണ് ഞാൻ. അയാളുടെ ഉമ്മ മണ്ണെണ്ണപ്പാട്ടയും തീപ്പെട്ടിയുമായി കലിതുളളി നിന്ന നേരം എനിക്ക് കുഞ്ഞിനേയും കൊണ്ട് ഓടിപ്പോരാനേ കഴിഞ്ഞുളളൂ.
ദിവസങ്ങൾക്ക് ശേഷം അയാൾ എന്റെ പേരിലയച്ച പോസ്‌റ്റുകാർഡ് തപാൽ ശിപായി കൊണ്ടുവന്നു തന്നു. നിർവികാരയായിട്ടാണ് ഞാനത് വായിച്ചത്. അവസാനത്തെ വാക്കുകൾ തലാക്ക.്….. തലാക്ക്….. തലാക്ക്……. മകൾക്കിപ്പോൾ പതിനാലുവയസ്സായി. ബാപ്പയെ അവൾ കണ്ടിട്ടില്ല. ഏതായാലും ഞാൻ അദ്ദേഹത്തെ അകത്തേയ്‌ക്ക് ക്ഷണിച്ചു. ഇരിക്കാനൊന്നും ഞാൻ പറഞ്ഞില്ല. മുറവും അരിയും അവിടെയുണ്ട്. പഴയ ഒരു കസേര മാത്രമേ അവിടെ ഉണ്ടായിരുന്നുളളൂ. അയാൾ അതിൽ ഇരുന്നു. അപ്പോഴാണ് മകൾ അങ്ങോട്ടുകയറിവന്നത്. അവളുടെ കൈയ്യിൽ പാഠപുസ്‌തകമുണ്ടായിരുന്നു. കണ്ണുകൾ കൊണ്ട് അവൾ ആരാഞ്ഞു. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവൾ അപ്പുറത്തേക്ക് പോയി.
എന്റെ മുന്നിൽ നിർവ്വികാരനായി ഇരിക്കുന്നത് എന്റെ മകളുടെ ബാപ്പയാണ്. കുറഞ്ഞനേരം കൊണ്ട് ഞാൻ ആലോചിച്ചു. എന്തുകൊണ്ടോ അയാളെ ഇറക്കിവിടാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ചായ്‌പ്പിലേക്ക് കടന്നു. അവൾ അടക്കത്തിൽ ചോദിച്ചു; ഞാൻ പറഞ്ഞു. ‘അന്റെ ബാപ്പ’. ഒരു ഭാവമാറ്റവും അവളിൽ കണ്ടില്ല. എനിക്കെന്തു ചെയ്യാൻ കഴിയും. ഞാൻ ഒരു കട്ടൻചായ ഉണ്ടാക്കി ചൂടാറ്റി അയാൾക്ക് നൽകി. അയാൾ കട്ടൻചായ ഊതിഊതി കുടിക്കുന്നതും നോക്കി ഞാൻ നിന്നു. എന്തിനാണയാൾ വന്നതെന്ന് ചോദിക്കാൻ ഞാൻ ഒരുമ്പെട്ടില്ല. തുരുമ്പെടുത്ത എന്റെ തകരപ്പെട്ടിയുടെ അടിയിൽ അയാളെഴുതിയ പോസ്‌റ്റുകാർഡായിരുന്നു എന്റെ മനസ്സു നിറയെ. കാർഡിൽ അയാൾ കോറിയ അവസാനത്തെ വാക്കുകൾ………….
Generated from archived content: story1_jan01_07.html Author: p-sukumaran
Click this button or press Ctrl+G to toggle between Malayalam and English