ഒരു വട്ടംകൂടി തുലാം പത്തു വന്നെന്റെ
ഗ്രാമത്തെ കണ്ടു മടങ്ങിപ്പോയി.
സി.പി. തൻ ചോറ്റുട്ടാളവും നാട്ടിലെ
മാടമ്പിമാരുടെ ഗുണ്ടകളും
ഒത്തുചേർന്നന്നു കടിച്ചു കീറി
ഗ്രാമങ്ങളെ വേട്ട നായ്‌ക്കളെപ്പോൽ
വെടിയുണ്ട പാഞ്ഞുപോൽ
ഹൃദയത്തിലൂടന്നു
പാവങ്ങൾ മണ്ണിൽ പിടഞ്ഞു വീണു.
ഇടിവെട്ടിപ്പെയ്‌തു തുലാവർഷ മേഘങ്ങൾ
നാട്ടിൻ പുറത്തേറെച്ചോര ചീന്തി.
കണ്ണുകളിൽ നൂറു നന്മകൾ പൂക്കുന്ന
നല്ലൊരു നാളെ തൻ സ്വപ്‌നവുമായി
ഹൃദയത്തിൽനിന്നും പിഴുതെടുത്തു
കൈക്കുമ്പിളിൽ കരുതിയ പൂക്കളുമായ്
ബലിമണ്ഡപം ചുറ്റി പൂവുകൾ നേദിച്ച്
ഗ്രാമമാ സ്‌മരണകൾ ധന്യമാക്കി.
(തുലാം പത്തിനാണ് വയലാറിൽ വെടിവയ്‌പ് നടന്നത് -1946ൽ)
Generated from archived content: poem9-jan.html Author: p-sukumaran