ഇടതുകാലിലെ മന്തുമായ്
കല്ലുരുട്ടിക്കല്ലുരുട്ടി നാറാണത്തപ്പൻ
ഒരുവിധം മലമുകളിലെത്തി.
അഞ്ചുനാളത്തെ അദ്ധ്വാനം തളർത്തിയ
നാറാണത്തപ്പൻ ഏറെ വിവശനായ്
നിലത്തിരുന്നു കിതച്ചു.
ആ കിതപ്പിന്റെ ആധിക്യത്തിൽ
ഇടതുകാലിലെ മന്ത്
വലതുകാലിലേക്ക് മാറ്റപ്പെട്ടു.
ചാടിയെണീറ്റ്
ഇരുകൈകളുമുയർത്തി
നാറാണത്തപ്പൻ പൊട്ടിച്ചിരിച്ചു.
നാറാണച്ചിരിക്കിടയിൽ
മലമുകളിലെ കല്ല് അതിവേഗം
ബഹുദൂരം താഴേയ്‌ക്കുരുണ്ടു.
ചെളിക്കുണ്ടിലേയ്‌ക്കാഴ്‌ന്നിറങ്ങിയ കല്ല്
ഒരുവിധം പുറത്തെടുത്തപ്പോഴേയ്‌ക്കും
മന്ത് വീണ്ടും ഇടതുകാലിലേയ്‌ക്ക്
ഇടതുകാലിലെ മന്തുമായ്
ഇതാ നാറാണത്തപ്പൻ
വീണ്ടും മലമുകളിലേയ്‌ക്ക്
Generated from archived content: poem1_dec26_07.html Author: oceeph_cheettakkad